40 PLUSഫോര്‍ട്ടി പ്ലസ്. എന്തുകൊണ്ടും ഏറെ സന്തോഷം നല്‍കുന്ന കാലഘട്ടം. കുട്ടികള്‍ പഠിച്ച് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പോകുന്നു. ജോലിയില്‍ പ്രമോഷന്‍ ലഭിച്ച് നല്ല നിലയിലെത്തുന്നു. അതുമല്ലെങ്കില്‍ സ്ഥലവും വീടും സ്വന്തമാക്കുന്നു...

ഇങ്ങനെ നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കാലം. മറുവശത്ത് ഉത്തരവാദിത്വത്തിന്റെ പിരിമുറുക്കം, രോഗങ്ങളുടെ വരവ്, വ്യായാമക്കുറവ്, ക്രമംതെറ്റിയ ആഹാരരീതികള്‍, ഓര്‍മക്കുറവ് എന്നിവ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു.

പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ നിയമവും അതനുസരിച്ച് ശരീരമാറ്റങ്ങള്‍ ഉണ്ടാകുക എന്നത് അനിവാര്യതയുമാണ്. എന്നാല്‍ വൃദ്ധനായി എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജീവിതം മുഴുവന്‍ ആഹ്ലാദം നിറയ്ക്കാനാവും.

ഭക്ഷണം: ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം. 20-25 വയസ്സു കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ട ഊര്‍ജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം മതി. ഇത് ചെറുപ്പക്കാര്‍ കഴിക്കുന്നതിന്റെ പകുതിയോളം മതിയാകും.

ഉദാഹരണത്തിന് 20-25 പ്രായത്തില്‍ ഒരാള്‍ 8 ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ ഇപ്പോള്‍ അത് 3-4 മതിയാകും. അധികമായി കഴിക്കുന്നതില്‍നിന്നുള്ള ഊര്‍ജം കൊളസ്‌ട്രോളായും മറ്റും സംഭരിക്കുന്നതാണ് അപകടാവസ്ഥ. ഇത് പ്രമേഹംപോലുള്ള രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. കൂടാതെ ഈ പ്രായത്തില്‍ പൊതുവേ കായികാധ്വാനത്തിന്റെ തോത് കുറഞ്ഞുവരുകയും ചെയ്യുന്നു.

ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. സാധിക്കുന്നില്ലെങ്കില്‍ അളവ് നല്ലവണ്ണം കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ്, ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. വേണമെങ്കില്‍ മീന്‍കറി, മുട്ടയുടെ വെള്ള എന്നിവയാകാം. ചെറുമത്സ്യങ്ങളായ അയില, മത്തി, നെത്തോലി എന്നിവ നല്ലതാണ്.

ഭക്ഷണം നല്ലവണ്ണം ചവച്ച് സമയം എടുത്ത് കഴിക്കുക. ഇടവേളകളില്‍ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ പഴച്ചാറുകളോ കുടിക്കാം. അളവ് കുറയ്‌ക്കേണ്ട മറ്റ് ആഹാരസാധനങ്ങളാണ് ഉപ്പ്, പഞ്ചസാര, വറുത്തതും പൊരിച്ചതും മുതലായവ. പണ്ട് പൊതുവെ കണ്ടിരുന്നതും അടുത്തകാലത്ത് മലയാളികള്‍ തീരെ ഉപേക്ഷിച്ചതുമായ ഒരു ഭക്ഷണരീതിയാണ് മോര് കുടിക്കുക, മോര് കൂട്ടി ഊണ് കഴിക്കുക എന്നത്.

ഇന്ന് ഇതിന്റെ സ്ഥാനത്ത് തൈരിന്റെ ഉപയോഗം കൂടി. തൈര് അപകടകാരിയും മോര് രക്ഷകനും ആണ്. ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷാംശങ്ങള്‍ കുടലില്‍വെച്ചും കരളില്‍വെച്ചും നീക്കംചെയ്യാന്‍ മോരിന് കഴിവുണ്ട്.

ഭക്ഷണത്തില്‍ വളരെയധികം പച്ചക്കറികള്‍ ഉപയോഗപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകംചെയ്യുക. നാം താമസിക്കുന്ന സ്ഥലത്ത് സുലഭമായി ലഭിക്കുന്ന സാധനങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളായി തിരഞ്ഞെടുക്കുക.

ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചക്ക, പൈനാപ്പിള്‍ എന്നിവ കുടലിലെ കാന്‍സറിനെ തടയുന്നതിനും പുളിച്ചിക്ക (പുളിക്ക) ഹൃദയത്തിലും രക്തക്കുഴലുകളിലും രക്തം കട്ടപിടിക്കുന്നതിനെ തടയുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പച്ചത്തേങ്ങ ബി.പി. കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പേരയ്ക്ക വിരശല്യം തടയുന്നതിനും ഫലവത്താണ്.

വ്യായാമം: വ്യായാമം ദിനചര്യയുടെ ഭാഗമാക്കണം. നടത്തം, ജോഗിങ്, കളികള്‍ എന്നിവയില്‍ ഏതെങ്കിലും 30 മുതല്‍ 60 വരെ മിനുട്ട് ചെയ്യുന്നത് നല്ലതായിരിക്കും. രാവിലെയുള്ള വ്യായാമമാണ് നല്ലത്. വ്യായാമത്തിന് മരുന്നിന്റെ ഫലം ലഭിക്കണമെങ്കില്‍ അത് സമയക്ലിപ്തതയോടുകൂടി ചെയ്യണം.

വ്യായാമം അധികം ആയാസകരമാകണമെന്നില്ല. ഒറ്റയ്ക്ക് സാമാന്യം സ്പീഡോടുകൂടി 40 മിനുട്ട് നടക്കുന്നത് ധാരാളം മതിയാകും. ഇത്തരം നടത്തം നിത്യേന ചെയ്യാന്‍ സാധിക്കാത്തവര്‍ വീട്ടില്‍ രണ്ടാംനിലയിലേക്കുള്ള പടികള്‍ പകുതിവരെ (8-10 വരെയുള്ള സ്റ്റെപ്‌സ്) കയറിയിറങ്ങിയാല്‍മതി. അതുമല്ലെങ്കില്‍ ജോലിസ്ഥലത്തുനിന്ന് വൈകീട്ട് ബസ്സില്‍ വരുമ്പോള്‍ ഉദ്ദേശം 3-5 കിലോമീറ്റര്‍ മുന്‍പേ ഇറങ്ങി നടന്ന് വീട്ടില്‍ പോയാല്‍ മതി.

വീട്ടില്‍ നമ്മള്‍ചെയ്യുന്ന ജോലികള്‍തന്നെ ആരോഗ്യദായകമായി മാറ്റാവുന്നതാണ്. ഷവറില്‍ കുളിക്കുന്നതിനുപകരം ബക്കറ്റില്‍ വെള്ളം നിറച്ച് ഒരു പാത്രംകൊണ്ട് കുനിഞ്ഞ് വെള്ളം കോരിക്കുളിച്ചാല്‍തന്നെ അത് നിത്യേന കൃത്യസമയത്തുള്ള വ്യായാമമായി മാറുന്നു.

സ്ത്രീകള്‍ക്ക് നിലം വൃത്തിയാക്കല്‍, തറ തുടയ്ക്കല്‍, ഇരുന്നുകൊണ്ട് കറിക്ക് അരിയല്‍, അരയ്ക്കല്‍, തേങ്ങ ചുരണ്ടല്‍ എന്നിവയെയും ഈ ഗണത്തില്‍ ഉള്‍പെടുത്താം. യൂറോപ്യന്‍ ക്ലോസറ്റുകള്‍ മാറ്റി ഇന്ത്യന്‍ ക്ലോസറ്റുകള്‍ ആക്കുകയാണെങ്കില്‍ കാല്‍മുട്ടിന്റെ തേയ്മാനം, വീക്കം എന്നിവ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.

ശ്വാസസംബന്ധമായ വ്യായാമത്തിനുകൂടി സമയം കണ്ടെത്തുകയാണെങ്കില്‍ നന്ന്. അതില്‍ ഏറ്റവും പ്രധാനം ശ്വസനക്രിയ, പ്രാണായാമം എന്നിവ തന്നെയാണ്.

ഉറക്കം: ദിവസവും 6 മണിക്കൂറെങ്കിലും ഉറങ്ങുക. അത് മനസ്സിന് അയവ് നല്‍കുന്ന ഏതെങ്കിലും പ്രവൃത്തിയില്‍ വ്യാപൃതനായശേഷമായാല്‍ നന്ന്. ഉദാഹരണത്തിന് പാട്ട്പാടുക, കേള്‍ക്കുക, വരയ്ക്കുക, പെയിന്‍റിങ്, തയ്യല്‍, സെക്‌സ് എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

സൗഹൃദം: ധാരാളം സുഹൃത്തുക്കളുള്ളതും അവരുമായി സൗഹൃദം പങ്കിടുന്നതും ആശയവിനിമയം നടത്തുന്നതും നല്ലതാണ്. അത്യധികം വ്യക്തിപരമായ കാര്യങ്ങള്‍ ഏറ്റവും വിശ്വാസയോഗ്യരായ ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി മാത്രമേ പങ്കിടാവൂ.

ഹോബി: ഏതെങ്കിലും ഒരു ഹോബി വളര്‍ത്തിയെടുക്കുന്നത് ജീവിതത്തിന്റെ വൈകിയവേളയില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുമ്പോള്‍ ഏറെ ആശ്വാസംപകരും. പാടുക, സംഗീത ഉപകരണങ്ങള്‍ വായിക്കുക, പാട്ടു കേള്‍ക്കുക, ഗാര്‍ഡനിങ്, പാചകം, പക്ഷിമൃഗാദികളെ വളര്‍ത്തുക, വായന, കൗതുകവസ്തുക്കള്‍ ശേഖരിക്കുക എന്നിവ സമയംചെലവിടുന്നതിനുള്ള ഉപാധിയും പഠനമാര്‍ഗവുമായി മാറുന്നു.

വസ്ത്രധാരണം: മോടിയുള്ള വസ്ത്രധാരണം എപ്പോഴും നമുക്ക് ഉന്മേഷവും മനസ്സിന് കുളിര്‍മയും നല്‍കുന്നു.

ശീലങ്ങള്‍: വെറ്റില, പുകവലി, മദ്യം എന്നിവ ഉപയോഗിക്കുന്നവര്‍ ഇത് പൂര്‍ണമായും ഉപേക്ഷിക്കുക. മദ്യം ചെറിയ അളവില്‍ ആകാം എന്ന് പറയുന്നവരുണ്ടാകാം. പലപ്പോഴും അത് പരിധിയുടെ സീമ ലംഘിച്ച് അപകടകരമായ നിലയില്‍ എത്തും എന്നതാണ് സത്യം.