പ്രായം ഏതുമാവട്ടെ, പ്രഭാതം പോലെ തുടിപ്പാര്‍ന്ന, ആരോഗ്യം നിറഞ്ഞ ശരീരം വേണ്ടേ... ഈ ഉപദേശങ്ങള്‍ ശ്രദ്ധിച്ച ശേഷം ജീവിക്കൂ!40 മുതല്‍ 55 വയസ്സുവരെ


ആരോഗ്യത്തെപ്പറ്റി ഒരു സ്ത്രീ ഏറ്റവം കരുതലോടെ ചിന്തിച്ചു തുടങ്ങേണ്ട കാലത്തിന് ഇവിടെ തുടക്കം. കാത്തിരിക്കുന്ന ഒരുപാട് അസുഖ ങ്ങള്‍ ശരീരത്തിലേക്ക് ഒളിച്ചു കടക്കുന്ന കാലം. ആഹാരത്തിലും, നടപ്പിലും കിടപ്പിലുമൊക്കെ കൃത്യമായ ചിട്ട തുടങ്ങേണ്ട ഘട്ടം.


രോഗങ്ങള്‍


1. കാലുമടക്കിയിരുന്നിടത്തു നിന്നും എഴുന്നേല്ക്കുമ്പോള്‍ പെട്ടെന്ന് മുട്ടിനൊരു കൊളുത്തിപ്പിടിത്തം, അല്ലെങ്കില്‍ സന്ധികളില്‍ നീര്‍ക്കെട്ട്... ദാ, വരുന്നുണ്ട്, ശരീരഭാഗം താങ്ങാനാവാതെ സന്ധിവേദനകള്‍.

2. ആര്‍ത്തവ വിരാമത്തോടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍ വര്‍ധിക്കും. വയര്‍ ചാടും. 'ഗൈനോയ്ഡ് ഒബെസിറ്റി' എന്നാണീ അവസ്ഥയ്ക്കു പേര്.

3. രക്ത സമ്മര്‍ദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍- മധ്യവയസ്സില്‍ പിടികൂടാന്‍ ഗുരുതര രോഗങ്ങള്‍ ഏറെയാണ്.

4. ആര്‍ത്തവ വിരാമത്തിനു ശേഷം മാനസികാവസ്ഥയ്ക്കുണ്ടാവുന്ന മാറ്റം, വിഷാദാത്മകത, ഒറ്റപ്പെടുന്നുവെന്ന തോന്നല്‍, അലസത.

5. മലബന്ധം.


എന്തുചെയ്യണം?


1. ചിട്ടയായ ജീവിതം തുടങ്ങേണ്ടത് അത്യാവശ്യം; അത് ദിനചര്യകളിലും ആഹാരത്തിലും നിര്‍ബന്ധം.

2. അമിത വണ്ണം കുറച്ചേ പറ്റൂ. പക്ഷേ കഠിനവ്യായാമം ചെയ്യാന്‍ പറ്റിയ പ്രായമല്ല. നടത്തമാണ് പറ്റിയ വ്യായാമം. ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുക.

3. കൃത്യനേരത്ത് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ചില നേരങ്ങളില്‍ അശ്രദ്ധമൂലം ഒന്നും കഴിക്കാതിരിക്കുന്ന രീതി മാറ്റണം.

4. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങണം.

5. മനസ്സും ശരീരവും എപ്പോഴും സജീവമാക്കി നിര്‍ത്തണം. പെയിന്റിങ്ങാവട്ടെ, പച്ചക്കറിത്തോട്ടമാകട്ടെ. താത്പര്യമുള്ള ചെറുജോലികളിലോ, സര്‍ഗ്ഗാത്മക പ്രവൃത്തികളിലോ മുഴുകണം. സാമൂഹ്യപ്രവര്‍ത്തന താത്പര്യമുണ്ടെങ്കില്‍ അത്തരം കൂട്ടായ്മകളുമായി ചേരണം. നിങ്ങള്‍ക്ക് ആത്മവിശ്വാസവും, ഉണര്‍വ്വും എന്നും ഉണ്ടാവും.

6. വര്‍ഷത്തില്‍ ഒരു തവണ നല്ലൊരു ആരോഗ്യപരിശോധന നടത്തി വല്ല മുന്‍ കരുതലും വേണമെങ്കില്‍ സ്വീകരിക്കണം. പെട്ടെന്ന് കുഴഞ്ഞു വീണ് ആസ്പത്രിയിലായ ശേഷം രോഗം അറിയുന്ന പതിവു രീതി തിരുത്താം.

7. ദിവസം പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

8. നാരുകള്‍ ധാരാളമുള്ള ഭക്ഷണം ഉറപ്പായും കഴിക്കണം.


60 വയസ്സിനു മുകളില്‍


ജീവിതത്തിന്റെ യഥാര്‍ത്ഥ സായാഹ്നം. പണ്ട് തുടര്‍ന്നു വന്ന നല്ല ശീലങ്ങളുടെ സല്‍ഫലവും അശ്രദ്ധയുടെ മാരകമായ പ്രതിഫലവും ഈ പ്രായത്തില്‍ ശരീരത്തില്‍ കാണാം. അമിതവണ്ണത്തിന്റെ ദുഷ്ഫലങ്ങള്‍ നിങ്ങളെ ശരിക്കും കിടത്തിക്കളയുന്ന കാലമാകും ഇത്. വ്യായാമം ചെയ്‌തോ, ആഹാരം നിയന്ത്രിച്ചോ ഇതൊന്നും കുറച്ചു കളയാവുന്ന പ്രായമാവില്ലല്ലോ ഇത്!


രോഗങ്ങള്‍


1. അസ്ഥിസ്രാവം അഥവാ ഓസ്റ്റിയോ പൊറോസിസ്. എല്ലുകള്‍ക്ക് ബലം കുറയല്‍, എല്ല് പൊട്ടല്‍, പൊട്ടിയാല്‍ കൂടാതിരിക്കല്‍... അങ്ങനെ ഒറ്റ വീഴ്ച മതി ചിലപ്പോള്‍ നിങ്ങളെ കിടത്തിക്കളയാന്‍.

2. പ്രമേഹം അധികരിച്ച് ഉണ്ടാകാവുന്ന തിമിരം, ഞരമ്പു സംബന്ധമായ പ്രശ്‌നങ്ങള്‍, കിഡ്‌നി തകരാര്‍ തുടങ്ങിയവ.

3. മുലകളിലെ കാന്‍സര്‍


എന്തുചെയ്യണം?


1. ശരീരത്തിന് അനുഭവപ്പെടുന്ന അസ്വസ്ഥതകളെ, ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന ന്യായത്തില്‍ ആരോടും പറയാതിരിക്കരുത്. പറയാതിരുന്നാലാണ് പിന്നീട് ഏറ്റവും ബുദ്ധിമുട്ടേണ്ടി വരിക.

2. ഏറ്റവും മൃദുവായ ആഹാരങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ദഹനം എളുപ്പമാക്കാന്‍ മാത്രമല്ല, കഠിന സാധനങ്ങള്‍ നന്നായി ചവച്ചരയ്ക്കാനൊക്കെ ബുദ്ധിമുട്ടും എന്നതു കൊണ്ടു കൂടിയാണിത്.

3. കാല്‍സ്യം കൂടുതലുള്ള, മൃദുവായ മുള്ളുകളോടു കൂടിയ മീനുകള്‍, ഇലക്കറികള്‍ എന്നിവ പ്രായമായവര്‍ക്കു നല്‍കാന്‍ വീട്ടിലുള്ളവര്‍ ശ്രദ്ധിക്കണം.


ആഹാരം ഉപേക്ഷിക്കേണ്ട, ശ്രദ്ധിച്ചാല്‍ മതി

എണ്ണ പാടില്ല, മധുരമരുത്, വറുത്തത് വര്‍ജ്ജിക്കണം.... ഇതൊക്കെ പൂര്‍ണമായും പാലിക്കാന്‍ പറഞ്ഞാല്‍ നടക്കില്ല. കുറച്ചൊരു പൊരുത്തപ്പെടല്‍, സൂത്രപ്പണികള്‍ - ഇതിലൂടെ കുറേയേറെ നിയമങ്ങള്‍ക്കനുസരിച്ച് നീങ്ങാനാവും. ഏതാനും ഉദാഹരണങ്ങള്‍ ഇതാ. വലിയ ത്യാഗമൊന്നും കൂടാതെ പരീക്ഷിക്കാം ഇവ.

1. മൈദ കൊണ്ടുള്ള പൊറോട്ട തുടങ്ങിയവ ഒഴിവാക്കി ഗോതമ്പ്, അരി, ഓട്‌സ് ഇവ കൊണ്ടുള്ള അട, ചപ്പാത്തി, ബ്രഡ് ഇവ കഴിക്കുക. ഇവയില്‍ ഫൈബര്‍ കൂടുതലുണ്ട്. കുറച്ചുകഴിച്ചാല്‍ത്തന്നെ വയര്‍ നിറഞ്ഞ സംതൃപ്തി തോന്നും.

2. പയര്‍വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ പരിപ്പിനു പകരം മുഴുധാന്യം തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് കടലയാണങ്കില്‍ തൊലിയോടെ.

3. കലോറി കൂടുതലുള്ള കോള ഉപേക്ഷിച്ചാല്‍ ഒരു ചേതവുമില്ല. ഇളനീരോ, നാരങ്ങവെള്ളമോ ഉപയോഗിക്കൂ, അതില്‍ കലോറി കുറവേയുള്ളു.

4. സാന്റ്‌വിച്ച് കഴിക്കാതെ പറ്റില്ല എങ്കില്‍ വെജിറ്റബിള്‍ സാന്റ്‌വിച്ച് തമ്മില്‍ ഭേദമാണ്.

5. മീന്‍ വറുക്കുന്നതിനു പകരം അടുപ്പില്‍ ചുട്ടോ, ഗ്രില്‍ ചെയ്‌തോ മറ്റോ കഴിക്കണം.

6. പഞ്ചസാരയ്ക്കു പകരം 'ഷുഗര്‍ ഫ്രീ' ഉപയോഗിക്കൂ, ഗ്ലൂക്കോസിന്റെ അംശം കുറഞ്ഞുകിട്ടും, എന്നാല്‍ മധുരം ഉണ്ടാവുകയും ചെയ്യും.

7. കൊഴുപ്പുള്ള പാല്‍ ഉപയോഗിക്കേണ്ട, പ്രോട്ടീന്‍ അളവില്‍ മാറ്റം വരാത്ത ഇതര പാലുല്പന്നങ്ങളാവാം.

8. സോയാബീന്‍, സോയാമില്‍ക്ക്, സോയ ചങ്ക്‌സ്, സോയാപനീര്‍, സോയാ തൈര് - ഇങ്ങനെ ഒരുപാട് തരമുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനു നല്ലതാണ് സോയാബീന്‍ ഉല്പന്നങ്ങള്‍. രുചിയും ഉണ്ട്.

9. ഭക്ഷണത്തോടൊപ്പം ഒരു പ്ലേറ്റ് വെജിറ്റബിള്‍ സാലഡ് കഴിച്ചുകൂടെ? വയര്‍ നിറയും, പോഷകങ്ങളും സമൃദ്ധം.


പൊണ്ണത്തടിയുടെ അളവ് സ്വയം കണ്ടുപിടിക്കാം


ഒരാള്‍ക്ക് അമിതവണ്ണമുണ്ടോ അതോ കുറവാണോ എന്നു കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രലോകം പൊതുവെ അംഗീകരിച്ചിട്ടുള്ള അളവുകോലാണ് ബോഡി മാസ് ഇന്‍ഡക്‌സ് അഥവാ ബി.എം.ഐ.

ബി.എം.ഐ. കണക്കാക്കുന്ന രീതി ലളിതമാണ്. അത് ഇപ്രകാരമാണ്. വ്യക്തിയുടെ ശരീരഭാരത്തെ അയാളുടെ ഉയരത്തിന്റെ സ്‌ക്വയര്‍ മീറ്റര്‍ കൊണ്ട് ഹരിച്ചുകിട്ടുന്നതാണ് ബി.എം.ഐ.

ഉദാഹരണത്തിന് ഒരാളുടെ ശരീരഭാരം 60 കിലോഗ്രാം. ഉയരം 150 സെന്റിമീറ്റര്‍. അതായത് 1.5 മീറ്റര്‍. ഇത് സ്‌ക്വയര്‍ മീറ്ററാക്കിയാല്‍ (ാലലേൃ2) 2.25

BMI = 60/2.25= 26.6.

ഈ സംഖ്യയെ താഴെ കൊടുത്തിട്ടുള്ള ആങക ചാര്‍ട്ടുമായി താരതമ്യം ചെയ്ത് ആള്‍ക്ക് അമിതവണ്ണമുണ്ടോ, എത്രത്തോളം അത് ഗുരുതരമാണ് എന്ന് കണ്ടെത്താം.ഉയരത്തിനനുസരിച്ച് വേണ്ട തൂക്കം എത്ര?


നിങ്ങളുടെ ഉയരം സെന്റീമീറ്ററില്‍ കണക്കാക്കി അതില്‍ നിന്നും 100 കിഴിച്ചാല്‍ കിട്ടുന്നതാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള തൂക്കം (കി.ഗ്രാമില്‍).


വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ബി. പത്മകുമാര്‍
അസോ. പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ.
ബുള്‍ബിന്‍ ജോസ്
സീനിയര്‍ ഡയറ്റീഷ്യന്‍, ലേക്്്‌ഷോര്‍ ഹോസ്പിറ്റല്‍, കൊച്ചി.