ചെറുപ്പത്തില്‍ ഓടിയതും വീണതുമൊക്കെ ഓര്‍ത്ത് മധ്യവയസ്സില്‍ സാഹസത്തിന് പോകുമ്പോള്‍ ഒരല്പം ശ്രദ്ധിക്കുക. അമ്പത് കഴിഞ്ഞവര്‍ക്ക് ഭീഷണിയാണ് അസ്ഥികള്‍ ദ്രവിക്കുന്ന അവസ്ഥ (Osteoporosis). ഇക്കാര്യത്തില്‍ നിര്‍ഭാഗ്യം സ്ത്രീകള്‍ക്കാണ്.

പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്കാണ് ഈ രോഗം കൂടുതല്‍ കണ്ടുവരുന്നത്. ബ്രിട്ടനില്‍ നടത്തിയ കണക്കെടുപ്പില്‍ രണ്ടിലൊന്ന് സ്ത്രീകള്‍ക്ക് ഈ രോഗാവസ്ഥ ഉണ്ടാകുമ്പോള്‍, പുരുഷന്മാരില്‍ അഞ്ചിലൊന്നു പേര്‍ക്ക് മാത്രമേ ഓസ്റ്റിയോപോറോസിസ് കണ്ടുവരുന്നുള്ളൂ. പ്രതിവര്‍ഷം 2,30,000 കേസുകള്‍ ഈ അവസ്ഥകൊണ്ട് അസ്ഥി ഒടിയുന്നവയായി കാണപ്പെട്ടതായും സര്‍വേ സൂചിപ്പിക്കുന്നു.

അസ്ഥികള്‍ നേര്‍ത്തും ദുര്‍ബലമായും വരുന്ന അവസ്ഥയാണ് അസ്ഥിദ്രവിക്കല്‍ അഥവാ ഓസ്റ്റിയോപോറോസിസ്. ഇതോടെ എളുപ്പത്തില്‍ എല്ലുകള്‍ പൊട്ടാനുള്ള പ്രവണതയുണ്ടാകുന്നു. നട്ടെല്ല്, ഇടുപ്പ്, മണിബന്ധം എന്നിവിടങ്ങളിലാണ് ഒടിവ് പെട്ടെന്നുണ്ടാകുന്നതായി കണ്ടുവരുന്നത്.


രോഗാവസ്ഥ നിര്‍ണയിക്കല്‍


അസ്ഥികളുടെ ആരോഗ്യം പ്രത്യക്ഷമായി നിരീക്ഷിക്കാനോ അറിയാനോ കഴിയാത്തതിനാല്‍ മിക്കപ്പോഴും ആകസ്മികമായ ഒടിവോ ചതവോ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇക്കാര്യം ആളുകള്‍ ശ്രദ്ധിക്കുക. അസ്ഥികള്‍ ദ്രവിക്കുന്ന അവസ്ഥ കണ്ടെത്താന്‍ ഇനി പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

*സ്ത്രീകളാണെങ്കില്‍, ആര്‍ത്തവവിരാമം വന്നയാളാണോ?
*45 വയസ്സിന് മുമ്പ് ആര്‍ത്തവ വിരാമം സംഭവിച്ചിട്ടുണ്ടോ?
*കഴിഞ്ഞ കാലങ്ങളില്‍ ഇടയ്ക്കിടെ എല്ലു പൊട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ?
*എക്‌സ്‌റേ എടുത്ത സന്ദര്‍ഭങ്ങളില്‍ അസ്ഥികള്‍ ശോഷിച്ചുവരുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ?
*ഇക്കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഉയരത്തില്‍ കുറവുണ്ടായിട്ടുണ്ടോ?
*ആറുമാസത്തിലധികം സ്റ്റീറോയ്ഡ്‌സ് ഉപയോഗിച്ചിട്ടുണ്ടോ?
*അസ്ഥികള്‍ ദ്രവിക്കുന്ന പാരമ്പര്യം കുടുംബപരമായി ഉണ്ടോ?
*തൈറോയ്ഡ്, സന്ധിവാതം, വൃക്കരോഗം, എല്ലുകളെ ബാധിക്കുന്നരോഗം ഇവയേതെങ്കിലും ഉള്ളയാളാണോ?
*അമിതമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ശീലമുണ്ടോ?

ഇവയില്‍ രണ്ടെണ്ണത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് 'അതേ' എന്നാണ് ഉത്തരമെങ്കില്‍ അസ്ഥികള്‍ ദ്രവിക്കുന്ന അവസ്ഥയെ നിങ്ങള്‍ കരുതിയിരിക്കണം എന്ന് സാരം. ഉടനെ വിദഗ്ധ വൈദ്യപരിശോധന നടത്തുന്നതാണ് ഗുണകരം.
കാരണങ്ങളും


അപകടസാധ്യതകളും


മറ്റ് ശരീരഭാഗങ്ങളെപ്പോലെ അസ്ഥിയും ജീവനുള്ള കലകള്‍ തന്നെയാണ്. വളരുകയും നശിക്കുകയും ചെയ്യുന്ന കോശങ്ങളാലാണ് ഇത് നിര്‍മിതമായിട്ടുള്ളത്. ജീവിതത്തിന്റെ മൂന്ന് ദശാബ്ദമെത്തുമ്പോഴേക്കും അസ്ഥികള്‍ അതിന്റെ കരുത്തിന്റെ പാരമ്യത്തിലെത്തും. പിന്നെ അസ്ഥികളുടെ സാന്ദ്രത കുറയാന്‍ തുടങ്ങും. യൗവനത്തില്‍ എത്രകണ്ട് ശക്തമായിരിക്കുന്നോ മധ്യവയസ്സിലുണ്ടാകുന്ന ബലക്ഷയം അത്രകണ്ട് കുറയും. ഇക്കാരണത്താലാണ് കൗമാരത്തില്‍ത്തന്നെ കാത്സ്യമടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണമെന്നും അനുയോജ്യമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്നും പറയുന്നത്. പാരമ്പര്യവും എല്ലുറപ്പിന് ഒരു കാരണമായി പറയാറുണ്ട്.


സ്ത്രീകളില്‍ രോഗസാധ്യത ഏറെ


പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് അസ്ഥികളുടെ ബലക്ഷയം കൂടുതലായി കണ്ടുവരുന്നത് എന്ന് പറഞ്ഞു കഴിഞ്ഞു. ആര്‍ത്തവ വിരാമത്തിനുശേഷമാണ് സ്ത്രീകളെ ഈ രോഗാവസ്ഥ അലട്ടുന്നത്. ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അളവില്‍ കുറവുവരുന്നതാണ് കാരണം. ചെറിയ പ്രായത്തില്‍ത്തന്നെ ആര്‍ത്തവവിരാമം സംഭവിക്കുന്നവര്‍ക്ക് രോഗസാധ്യത കൂടുതലായി കണ്ടുവരുന്നു.

മേല്പറഞ്ഞ സാഹചര്യങ്ങളിലെങ്കിലും യുവാക്കളിലും അസ്ഥികളുടെ ബലക്ഷയം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാകാറുണ്ട്. കുറഞ്ഞ ശരീരഭാരം, മദ്യപാനവും പുകവലിയും, ഉദാസീനമായ ജീവിതശൈലി, കോര്‍ട്ടികോസ്റ്റിറോയിഡ് അടങ്ങിയ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം എന്നിവയും സ്ത്രീകളില്‍ അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നതായി കാണുന്നു.


പ്രതിരോധവും ചികിത്സയും


കാത്സ്യം, വിറ്റാമിനുകള്‍ ഇവ നല്‍കിക്കൊണ്ടുള്ള ചികിത്സയും ഹോര്‍മോണ്‍ ചികിത്സയും അസ്ഥികള്‍ ദ്രവിക്കുന്നതിനെ ഒരു പരിധിവരെ ചെറുക്കും. മധ്യവയസ്സിലെത്തുമ്പോള്‍ ഭക്ഷണത്തില്‍ കാത്സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് പ്രധാന മുന്‍കരുതല്‍. എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനുതകുന്ന വ്യായാമം ജീവിതചര്യയാക്കണം. മദ്യവും പുകവലിയും ഉപേക്ഷിക്കുന്നതും പ്രധാനമാണ്.


ഒ.കെ. മുരളീകൃഷ്ണന്‍


അവലംബം: ബി.ബി.സി. ഹെല്‍ത്ത്