പുരുഷന്‍മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന വയാഗ്രയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള കൂടുതല്‍ പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുതുടങ്ങി. പല്ലുവേദനയും എക്കിളും മുതല്‍ പുരുഷലിംഗത്തിന് രൂപമാറ്റം വരുത്തുന്ന പെയ്‌റോണീസ് (peyronie's disease) രോഗം വരെ വയാഗ്ര സംഭാവനചെയ്യുമെന്ന് ഈ റിപ്പോര്‍ട്ടുകള്‍ തെളിവുസഹിതം വ്യക്തമാക്കുന്നു.

ഓരോ വര്‍ഷവും പത്തുലക്ഷം ബ്രിട്ടീഷുകാര്‍ക്കെങ്കിലും ഡോക്ടര്‍മാര്‍ വയാഗ്ര നിര്‍ദേശിക്കാറുണ്ട്. ഇത്രയും പേര്‍ കഴിക്കുന്ന മരുന്നായതിനാല്‍ ബ്രിട്ടനിലെ മെഡിക്കല്‍ ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എം.എച്ച്.ആര്‍. എ.) വയാഗ്ര കഴിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഡാറ്റബേസ് സ്ഥാപിച്ചിരുന്നു. വയാഗ്ര കഴിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്ന ചെറുശാരീരിക വ്യതിയാനങ്ങള്‍ തൊട്ട് ഗുരുതരരോഗങ്ങള്‍ വരെ ഡോക്ടര്‍മാര്‍ ഈ ഡാറ്റബേസില്‍ രേഖപ്പെടുത്തുന്നു.

1099 പേര്‍ വയാഗ്രയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം മരണമടഞ്ഞിട്ടുണ്ട്. ആയിരത്തഞ്ഞൂറിലധികം വ്യത്യസ്തമായ പാര്‍ശ്വഫലങ്ങളാണ് വയാഗ്ര ഉപയോഗിക്കുന്നവരില്‍ അനുഭവപ്പെടുന്നത്. പല്ലുവേദനയും എക്കിളുമാണ് ഭൂരിഭാഗം പേര്‍ക്കുമുണ്ടാകുന്ന അസ്വസ്ഥത. ഉദ്ധരിച്ച ലിംഗം നാലുമണിക്കൂറിനുശേഷവും പൂര്‍വസ്ഥിതിയിലേക്ക് വരാത്ത പ്രിയാപിസം (Priapism) എന്ന അവസ്ഥ 31 പേര്‍ക്കുണ്ടായി.

വയാഗ്ര ഉപയോഗിച്ചതിനുശേഷം രണ്ടുപേര്‍ക്ക് കാഴ്ചശക്തിയും കേള്‍വിയും നഷ്ടപ്പെട്ട അനുഭവവും ഡാറ്റബേസില്‍ രേഖെപ്പടുത്തിയിട്ടുണ്ട്. ഇതിനൊക്കെ കാരണം വയാഗ്ര ഉപയോഗമാണെന്ന് നൂറുശതമാനം ഉറപ്പിച്ച് പറയാനാവില്ലെന്ന് എം.എച്ച്.ആര്‍.എ. വക്താക്കള്‍ പറയുന്നു. ശരീരത്തില്‍ മുമ്പേയുള്ള രോഗാവസ്ഥ വര്‍ധിപ്പിക്കുകയാവും വയാഗ്ര ചെയ്യുന്നതെന്ന നിഗമനവും ഇവര്‍ മുന്നോട്ടുവെക്കുന്നു.


പി.എസ്. രാകേഷ്