വായ മണക്കുന്നുണ്ടെന്ന് തോന്നിയാലുടന്‍ ഒന്നോ രണ്ടോ ഏലയ്ക്കയോ ഗ്രാമ്പൂവോ എടുത്തു വായിലിടും ചിലര്‍. അതുമാത്രമല്ലെങ്കില്‍ ബബിള്‍ഗം തിന്നും. മൗത്ത് വാഷ് കൊണ്ട് വായ നന്നായി കഴുകും. 

മോണയ്‌ക്കോ പല്ലിനോ കേട് ഉണ്ടാകുമ്പോഴാണ് വായനാറ്റം വരുന്നത്. പല്ലുകള്‍ക്കിടയില്‍ ഭക്ഷണാവശിഷ്ടം തങ്ങിനില്‍ക്കുമ്പോഴും വായനാറ്റമുണ്ടായേക്കാം. ഈ മണം അകറ്റാന്‍ മൗത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെ രുചി അറിയാനുള്ള കഴിവിനെ ഇല്ലാതാക്കും. ഉദാഹരണത്തിന് രണ്ടു സ്പൂണ്‍ പഞ്ചസാരയ്ക്ക് പകരം നാല് സ്പൂണ്‍ ഇട്ടാലേ മധുരം തോന്നൂ. 

ബബിള്‍ഗം പല്ലിന്റെ ഇടുക്കുകള്‍ക്കിടയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ വലിച്ചെടുക്കും. ഒരു തരത്തിലുള്ള ഓറല്‍ എക്‌സൈസ് തന്നെയാണ് ബബിള്‍ഗം ചവയ്ക്കുന്നത്. എന്നാല്‍ സ്ഥിരമായാല്‍ താടിയെല്ല് തലയോട്ടിയുമായി ബന്ധിപ്പിച്ച ജോയിന്റിന് പ്രശ്‌നമാണ്. അതുപോലെ ബബിള്‍ഗത്തില്‍ അടങ്ങിയിട്ടുള്ള സ്വീറ്റ്‌നേര്‍സ് പല്ലിന് ദോഷമേ ചെയ്യൂ.

ഇടയ്ക്ക് മൗത്ത് വാഷ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതൊരു ശീലമാക്കരുത്. ബബിള്‍ഗം കഴിക്കുമ്പോള്‍ ഏറ്റവും നിലവാരമുളളത് മാത്രം ഉപയോഗിക്കുക


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്