യറിൽ കൊഴുപ്പടിയുന്നത് ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല, ആരോഗ്യപ്രശ്നം കൂടിയാണ്. വയറിലെ അമിത കൊഴുപ്പ് പല ജീവിതശൈലീ രോഗങ്ങൾക്കും ഇടയാക്കും. അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചില ഭക്ഷണങ്ങൾ നമ്മുടെ മെനുവിൽ നിന്ന് ഒഴിവാക്കിയാൽ വയറിൽ കൊഴുപ്പടിയുന്നത് നിയന്ത്രിക്കാനാകും. അത്തരത്തിൽ ഒഴിവാക്കേണ്ട ഒൻപത് പ്രമുഖ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

1) വൈറ്റ് ബ്രെഡ്

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ വൈറ്റ് ബ്രെഡ് ഒഴിവാക്കണം. വൈറ്റ് ബ്രെഡ് കഴിക്കുന്നത് വയറിന് ചുറ്റും വിസറൽ ഫാറ്റ് അടിഞ്ഞുകൂടാൻ ഇടയാക്കുന്നു. ഇങ്ങനെ അടിഞ്ഞ കൊഴുപ്പ് നീങ്ങാൻ ബുദ്ധിമുട്ടാണ്.

2) ഡയറ്റ് സോഡ

ഡയറ്റ് സോഡയും വയറിൽ കൊഴുപ്പടിയുന്നതും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. വലിയ അളവിൽ ഡയറ്റ് സോഡ കഴിക്കുന്നവരിൽ അല്ലാത്തവരേക്കാൾ വലിയ തോതിൽ വയർ ഭാഗത്ത് കൊഴുപ്പ് അടിയുന്നുണ്ടെന്നാണ് കണ്ടെത്തൽ.

3) ഫ്രൂട്ട് ജ്യൂസ്

എല്ലാത്തരം ഫ്രൂട്ട് ജ്യൂസിലും ഷുഗർ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫ്രക്ടോസ് ആണ് അടങ്ങിയിരിക്കുന്നത്. വയറിന്റെ ഭാഗത്ത് വിസറൽ ഫാറ്റ് കൂടി അഡിപ്പോസ് ടിഷ്യൂവിൽ കൊഴുപ്പ് അടിയുകയാണ് ഇതുവഴി ഉണ്ടാകുന്നത്.

4) ചോക്ലേറ്റ്

എല്ലാ ചോക്ലേറ്റുകളും മോശമല്ല. ഡാർക്ക് ചോക്ലേറ്റുകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ മിൽക്ക് ചോക്ലേറ്റുകളിൽ ഷുഗറും കലോറിയും വളരെ വലിയ തോതിലുണ്ട്. ഇത് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പ്രശ്നങ്ങളുണ്ടാക്കും.

5) പൊട്ടാറ്റോ ചിപ്സ്

വയറിലെ കൊഴുപ്പ് അടിയുന്നതിന് പ്രധാനമായും വഴിയൊരുക്കുന്ന വളരെ മോശപ്പെട്ട ഒരു ഭക്ഷണമാണ് പൊട്ടാറ്റോ ചിപ്സ് എന്ന് ഹാർവാഡ് ഗവേഷകർ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിൽ നിറയെ സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ വയറിൽ വലിയ തോതിൽ കൊഴുപ്പ് അടിയാൻ ഇത് വഴിയൊരുക്കുന്നു.

6) പിസ

മുകളിൽ കുറച്ചു പച്ചക്കറികൾ കാണുന്നുണ്ടെങ്കിലും പിസയിൽ സാച്ചുറേറ്റഡ് ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ കൊഴുപ്പ് അടിയുന്നത് വയറിലാണ്. ഇത് വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് അമിതവണ്ണത്തിന് ഇടയാക്കുന്നു.

7) ലോ ഫാറ്റ് പേസ്ട്രി

ലോ ഫാറ്റ് എന്ന് കേൾക്കുമ്പോൾ ആരോഗ്യകരമായി തോന്നുമെങ്കിലും സംഗതി അതല്ല. ലോ ഫാറ്റ് പേസ്ട്രികളിൽ സംസ്ക്കരിച്ച ധാന്യപ്പൊടിയാണ് ധാരാളമായി കാണുന്നത്. ഇവയിലാകട്ടെ ഉയർന്ന തോതിൽ ഷുഗറും സോഡിയവും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം വയറിൽ കൊഴുപ്പടിയുന്നതിന്റെ തോത് കൂട്ടുന്നവയാണ്.

8) ഫ്രഞ്ച് ഫ്രൈസ്

ഫ്രെഞ്ച് ഫ്രൈസ് സ്ഥിരമായി കഴിക്കുന്നവർ അങ്ങനെ കഴിക്കാത്തവരേക്കാൾ നാലുവർഷം കൂടുമ്പോൾ ഒന്നര കിലോഗ്രാം വീതം കൂടുമെന്നാണ് ഹാർവാഡ് പഠനത്തിൽ പറയുന്നത്.

9) ഐസ്ക്രീം

കാർബ് ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ഐസ്ക്രീം. ഇത് സ്ഥിരമായി കഴിക്കുന്നത് വയറിൽ കൊഴുപ്പടിയാൻ വഴിയൊരുക്കുന്നു

Content Highlights: Nine popular foods that makes you gain belly fat, Health, Food, Weightloss