ത്ര കഴിച്ചാലും വിശപ്പ് മാറാത്ത ചിലരുണ്ട്. ആവശ്യത്തിലധികം ഭക്ഷണം കഴിച്ചാലും മിനിറ്റുകള്‍ക്കുള്ളില്‍ അത് മറന്ന് വീണ്ടും വിശപ്പിന്റെ വിളി വരുന്നവര്‍.. ഇതെന്തൊരു വയറാണെന്ന് സ്വയം തോന്നുകയും കൂടെയുള്ളവരെ കൊണ്ട് തോന്നിപ്പിക്കുകയും ചെയ്യുന്നവര്‍..ഇങ്ങനെ പിന്നേം പിന്നേം കഴിച്ചാലും വിശപ്പ് മാറാത്തവര്‍. അറിയാന്‍ ഇതാ വിശപ്പിന്റെ ചില ഉള്ളുകളികള്‍.

എപ്പോഴും വിശക്കുന്നതിന് കാരണങ്ങള്‍ പലതാണ്. ശരീരത്തിനുണ്ടാവുന്ന ഡീഹൈഡ്രേഷന്‍ മുതല്‍, ദഹനവ്യവസ്ഥയ്ക്കുണ്ടാവുന്ന തകരാറുകള്‍ വരെ ഈ വിശപ്പിന് കാരണമായേക്കാം. ചില കാരണങ്ങള്‍ പരിശോധിക്കാം. 

  • നിര്‍ജലീകരണം

ശരിക്കും വിശപ്പാണോ? അതോ വിശപ്പെന്ന് തോന്നുന്ന ഇത് ദാഹമാണോ? ചിലപ്പോഴൊക്കെ ദാഹത്തേയും നിങ്ങള്‍ക്ക് വിശപ്പായി തോന്നിയേക്കാം. രണ്ട് ഗ്ലാസ് വെള്ളത്തില്‍ തീരുന്ന പരവേശമാവാം ഇടയ്‌ക്കെങ്കിലും നിങ്ങള്‍ വിശപ്പാണെന്ന് തെറ്റിദ്ധരിക്കുന്നത്. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം ലഭിക്കുന്നുവെന്ന് എപ്പോഴും ഉറപ്പ് വരുത്തണം. 

നിര്‍ജലീകരണം ബാധിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണം കൂടിയാണ് ഇടയ്ക്കിടെയുള്ള വിശപ്പ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനേക്കാള്‍ എന്തെങ്കിലും ലഘുവായി കഴിക്കണമെന്ന് തോന്നുന്നതെല്ലാം നിര്‍ജലീകരണം ബാധിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. അതിനാല്‍ ശരീരത്തിന് ആവശ്യമുള്ളത്രയും വെള്ളം ലഭ്യമാക്കുക എന്നതാണ് പ്രധാനം. വിശപ്പ് തോന്നുമ്പോള്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. അല്‍പ്പസമയത്തിനു ശേഷം വിശപ്പ് താനേ ശമിക്കുന്നത് കാണാം. എന്നിട്ടും വിശപ്പ് മാറുന്നില്ലെങ്കില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ മുതിരുക. 

sleep

  • ഉറക്കമില്ലെങ്കിലും വിശപ്പ്

ഉറക്കം നന്നായാല്‍ ദിവസം നന്നായി എന്നാണ്. എന്നാല്‍ രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം രാവിലെ നിങ്ങളോട് ഗുഡ് മോണിങ് പറയാനെത്തുന്നത് കലശലായ വിശപ്പ് ആയിരിക്കും. രാത്രി ഉറക്കം നഷ്ടമാവുമ്പോള്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന ഗ്രെലിന്‍, ലെപ്റ്റിന്‍ ഹോര്‍മോണുകളുടെ ശരീരത്തില്‍ വര്‍ധിക്കും. കടുത്ത വിശപ്പായിരിക്കും അനന്തരഫലം. ഉറക്കമില്ലായ്മ പൊണ്ണത്തടിയിലേക്ക് നയിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. 

  • ഗര്‍ഭിണിയാണെങ്കിലും വിശപ്പ്

ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് വിശപ്പ് കൂടുന്നതത് സ്വാഭാവികമാണ്. സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഭക്ഷണവും ശരീരം ഡിമാന്റ് ചെയ്യുന്നതിനാലാണ് ഇത്തരത്തില്‍ ഇടയ്ക്കിടെയുള്ള വിശപ്പ് അനുഭവപ്പെടുന്നത്. ഗര്‍ഭിണികള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതും ആവശ്യമാണ്. 

  • അമിത സമ്മര്‍ദ്ദം

സമ്മര്‍ദ്ദം കൂടുതലാണോ?  അമിതമായി ടെന്‍ഷനടിച്ച് ഭക്ഷണം വേണ്ടെന്ന് വയ്ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ടെന്‍ഷനിലായിരിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്റേയും അള്‍ഡ്രിനാലിന്റേയും ഉത്പാദനം വര്‍ധിക്കും. സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഉണ്ടാവുന്ന വിശപ്പ് ശരീരം നല്‍കുന്ന ഒരു മുന്നറിയിപ്പാണ്. അതായത് ശരീരത്തിന് അല്‍പം എനര്‍ജി വേണമെന്ന മുന്നറിയിപ്പ്. പലപ്പോഴും ശാന്തമായിരിക്കുകയോ ദീര്‍ഘശ്വാസമെടുത്ത് കൂള്‍ ആവാന്‍ ശ്രമിക്കുകയോ ചെയ്താല്‍ തീരുന്നതാണ് ഈ വിശപ്പ്. 

  • പോഷകമില്ലാത്ത ഭക്ഷണം

വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടും അതില്‍ നിന്നും ശരീരത്തിന് വേണ്ടതൊന്നും ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?  എന്തെങ്കിലും വാരിവലിച്ച് കഴിക്കുന്നതിന് പകരം പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിച്ചു നോക്കൂ. ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് വിശപ്പിനെ വിളിച്ചു വരുത്തുകയേ ഉള്ളൂ. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ നേരമെടുക്കുന്നതിനാല്‍ വിശപ്പുണ്ടാവുന്ന ഇടവേളകളും വര്‍ധിക്കും. 

wrkt

  • വര്‍ക്കൗട്ട് കൂടുന്നുണ്ടോ? 

ശരീരത്തിന്റെ ക്ഷമത നിലനിര്‍ത്താന്‍ നിത്യവും വര്‍ക്കൗട്ട് ചെയ്യുന്നവരില്‍ വിശപ്പ് കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ കലോറി നഷ്ടപ്പെടുത്തുന്നുണ്ടെങ്കില്‍ അത് തിരിച്ചെത്തിക്കാനായി ഗ്രെലിന്‍ ഹോര്‍മോണുകള്‍ ഉദ്ദീപിപ്പിക്കപ്പെട്ടേക്കാം. ഇത് അമിതമായ വിശപ്പിലായിരിക്കും കലാശിക്കുക. 

  • കാര്‍ബോഹൈഡ്രേറ്റുകള്‍ 

കൂക്കീസ്, ചോക്ലേറ്റ്, വൈറ്റ് ബ്രഡ്. സ്‌നാക്ക്‌സ്, ഫ്‌ളേക്ക്‌സ തുടങ്ങി കാര്‍ബോഹൈഡ്രേറ്റ് ഘടകങ്ങളുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതലായി കഴിക്കുന്നത് വിശപ്പ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഇത്തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനുള്ള ത്വര വര്‍ധിപ്പിക്കുകയേ ഉള്ളൂ. 

  • മദ്യപാനം വിശപ്പിനെ വിളിച്ചുവരുത്തും

മദ്യത്തിന്റെ അമിതമായ ഉപയോഗം നിര്‍ജലീകരണത്തിലേക്ക് നയിക്കും. നിര്‍ജലീകരണം അമിത വശപ്പിന് കാരണമാവുന്നുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. നിത്യവും അമിതമായി മദ്യപിക്കുന്നവര്‍ക്ക് അമിതമായ വിശപ്പ് ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. 

Content Highlights: why you are always hungry