കൊടുംചൂടാണ് ഈ ദിനങ്ങളില്‍ കേരളം നേരിടുന്നത്. കടുത്ത വേനലില്‍ പുറത്തിറങ്ങുന്നത് പോലും ജീവന് ഭീഷണിയായി മാറുമ്പോള്‍ വേനലിലെ ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കുന്നത് അല്‍പം ഗൗരവം കൂടിയ കാര്യമാണ്. കനത്ത ചൂടില്‍ നിര്‍ജലീകരണവവും തളര്‍ച്ചയും ക്ഷീണവും തലകറക്കവും തലവേദനയും ഉണ്ടാവുന്നത് സ്വാഭാവികം. ഇത് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളാണ് നാം സ്വീകരിക്കേണ്ടത്. 

വേനലില്‍ ആരോഗ്യത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ, കൊടും ചൂടില്‍ ശരീരത്തില്‍ നിന്നും വലിയ അളവിലുള്ള ജലാംശമാണ് നഷ്ടപ്പെട്ടു പോവുന്നത്. ഇതൊഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക എന്നതു മാത്രമാണ് പരിഹാരം. നിര്‍ജലീകരണത്തെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ചൂട് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ഒരുപരിധിവരെ രക്ഷപ്പെടാം.

ജലാംശം അടങ്ങിയ പഴങ്ങളും പ്രകൃതിദത്ത പാനിയങ്ങളും കുടിക്കാം. സംഭാരം, ഇളനീര്‍, തണ്ണിമത്തന്‍, ഓറഞ്ച്, മാമ്പഴ ജ്യൂസ്, കരിമ്പിന്‍ നീര്, പപ്പായ തുടങ്ങിയ പഴങ്ങള്‍ നിര്‍ജലീകരണത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പുളിരസമുള്ള പഴങ്ങളില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവയ്ക്ക് ശരീരത്തെ സൂര്യതാപത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും.

ചൂട് കൂടിയതോടെ വഴിയോരങ്ങളിലും കടകളിലും തണ്ണിമത്തന്‍ വില്‍പനയും തകര്‍ക്കുകയാണ്. ജ്യൂസ് ഇനങ്ങളിലും തണ്ണിമത്തന്‍ തന്നെയാണ് താരം. വിശപ്പും ദാഹവും ഒരുമിച്ച് ശമിപ്പിക്കണമെന്നുള്ളവര്‍ക്ക് തണ്ണിമത്തന്‍ നല്ലതാണ്. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ നിര്‍ജലീകരണം പ്രതിരോധിക്കാന്‍ തണ്ണിമത്തന് സാധിക്കും. ഇത് ജ്യൂസ് ആയി കഴിക്കുന്നതും കഷ്ണങ്ങളായി മുറിച്ചുകഴിക്കുന്നതും ഒരേ ഗുണമാണ് ചെയ്യുക.

തണ്ണിമത്തനില്‍ 90 ശതമാനവും ജലാംശമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സിയും വൈറ്റമിന്‍ എയും അടങ്ങിയിട്ടുണ്ട്. ചൂടില്‍ തണ്ണിമത്തന്‍ പതിവാക്കുന്നത് വേനല്‍ക്കാലത്ത് രൂക്ഷമാവുന്ന മൂത്രാശയ സംബന്ധമായ രോഗങ്ങൾ ചെറുക്കാന്‍ സഹായിക്കും. ചൂടുമൂലം ഉണ്ടാവുന്ന ചര്‍മ്മപ്രശ്‌നങ്ങളേയും തുരത്താന്‍ തണ്ണിമത്തന്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. 

തണ്ണിമത്തന്‍ കഷ്ണങ്ങളായി കഴിക്കേണ്ട എന്നുണ്ടെങ്കില്‍ ജ്യൂസ് പോലെ ഷേയ്ക്കായും സ്മൂത്തി ആയും കുടിക്കാവുന്നതാണ്. അപ്പോള്‍ കടുത്ത വേനലില്‍ കണ്ണും പൂട്ടി കഴിച്ചോളൂ തണ്ണിമത്തന്‍. 

Content Highlight: Summer and Watermelon, Water Melon Health Benefits