കോവിഡ് ബാധിച്ചവര്‍ കൂടുതലായി കഴിച്ചിരുന്നവയാണ് വിറ്റാമിന്‍ സി. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ വളരെ നല്ലതാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. കോവിഡ് ലക്ഷണങ്ങളെ കുറയ്ക്കാന്‍ പ്രത്യേക മരുന്നുകള്‍ നിലവില്‍ ലഭ്യമല്ല. അതിനാല്‍ രോഗപ്രതിരോധ ശേഷി ഉണ്ടാകാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സപ്ലിമെന്റുകള്‍ തുടങ്ങിയവ കഴിക്കുന്നതിന്റെ അളവ് കൂട്ടുകയാണ് എല്ലാവരും ചെയ്യുന്നത്.
കോവിഡ് 19 ന് എതിരേ പോരാടുവാന്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് വിറ്റാമിന്‍ സിയും സിങ്കുമാണ്. എന്നാല്‍ ഇത് കോവിഡിന്റെ ലക്ഷണങ്ങളെയെല്ലാം തടയില്ലെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തില്‍ വ്യക്തമാക്കിയത്. JAMA നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. വിറ്റാമിന്‍ സി (അസ്‌കോര്‍ബിക് ആസിഡ്), സിങ്ക് എന്നിവയ്ക്ക് കോവിഡ് ഭേദമാക്കുന്നതില്‍ പ്രത്യേകമായി ഒരു പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് പഠനത്തില്‍ പറയുന്നു.
യു.എസ്.എയിലെ ഫ്‌ളോറിഡ, ഓഹിയോ എന്നിവിടങ്ങളിലെ 241 രോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ ഒരു ഗ്രൂപ്പിന് സിങ്ക്, വിറ്റാമിന്‍ സി എന്നിവയുടെ സപ്ലിമെന്റുകള്‍ നല്‍കി. രണ്ടാമത്തെ ഗ്രൂപ്പിന് ഇത് നല്‍കിയില്ല. ഈ രണ്ട് ഗ്രൂപ്പുകളെയും താരതമ്യം ചെയ്ത് നടത്തിയ പഠനത്തില്‍ സപ്ലിമെന്റുകള്‍ നല്‍കിയ ഗ്രൂപ്പിന് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായില്ലെന്ന് കണ്ടെത്തി. പഠനങ്ങള്‍ വിലയിരുത്തി വിറ്റാമിന്‍ സി, സിങ്ക് എന്നിവയുടെ സപ്ലിമെന്റുകള്‍ കോവിഡ് ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നില്ലെന്ന് പഠനഫലത്തില്‍ പറയുന്നു.
പനി\വിറയല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കൊലിപ്പ്\തടസ്സം, രുചി അറിയാതിരിക്കല്‍, ക്ഷീണം തുടങ്ങി കോവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് താരതമ്യ പഠനം നടത്തിയത്. വിറ്റാമിന്‍ സി, സിങ്ക് സപ്ലിമെന്റുകള്‍ കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനെ സഹായിക്കുന്നില്ലെന്നും പത്തുദിവസത്തിന് ശേഷം കോവിഡ് ഭേദമായവരില്‍ പ്രത്യേകിച്ച് ആരോഗ്യഗുണഫലങ്ങള്‍ നല്‍കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു.
ആവശ്യത്തിന് വേണം; അമിതമാവേണ്ട
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളാണ് വിറ്റാമിന്‍ സി, സിങ്ക് എന്നിവ. ഇവയില്‍ അണുബാധയെ ചെറുക്കാനുള്ള ഘടകങ്ങളുടെ സാന്നിധ്യമുണ്ട്. അതിനാലാണ് ചുമയും കഫക്കെട്ടും മറ്റ് ഗുരുതര അണുബാധകളും ഉണ്ടാകുമ്പോള്‍ വിറ്റാമിന്‍ സി നിര്‍ദേശിക്കുന്നത്.
ഒരുകാര്യം ഓര്‍ക്കണം. വിറ്റാമിനുകള്‍ പ്രതിരോധശക്തിയെ നേരിട്ട് 'സൂപ്പര്‍ചാര്‍ജ്' ചെയ്യില്ല. ക്രമീകരിച്ച ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, സ്‌ട്രെസ്സ് കുറയ്ക്കല്‍ തുടങ്ങിയവയാണ് ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ചെറിയ സമയത്തിനുള്ളില്‍ ഏതെങ്കിലും ഒരു വിറ്റാമിന്‍ മാത്രം ശരീരത്തിലേക്കെത്തിയിട്ട് കാര്യമില്ല. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളില്ലാതെ ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ശരീരത്തിന് ആവശ്യമെന്താണെന്ന് അറിഞ്ഞ് വേണം ഇവ കഴിക്കാന്‍.
വിറ്റാമിനുകള്‍ കൂടുതല്‍ കഴിച്ചാല്‍
ആവശ്യത്തില്‍ കൂടുതല്‍ വിറ്റാമിനുകള്‍ കഴിക്കുന്നത് അപകടകരമാണ്. വിറ്റാമിന്‍ സിയും സിങ്കും ആവശ്യത്തില്‍ കൂടുതല്‍ ശരീരത്തിലെത്തുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഡ്രൈ മൗത്ത് സിന്‍ഡ്രോം, രുചിയില്ലായ്മ തുടങ്ങിയവയും ഉണ്ടാകാം. വിറ്റാമിന്‍ സിയും സിങ്കും അമിതമായ ശരീരത്തിലെത്തുന്നത് അവയുടെ ആഗിരണം കുറയ്ക്കാനും കാരണമാകുന്നു.
സിങ്ക് ആവശ്യത്തില്‍ കൂടുതല്‍ ശരീരത്തിലെത്തുന്നത് ചില മരുന്നുകളും വേദനസംഹാരികളും ഫലപ്രദമാവാത്ത അവസ്ഥയുണ്ടാക്കുന്നു. അതിനാല്‍ ഇത്തരത്തില്‍ എന്ത് സപ്ലിമെന്റുകളും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ കഴിക്കാവൂ.
മുതിര്‍ന്നവര്‍ക്ക് ദിവസവും 65-90 മില്ലിഗ്രാം വിറ്റാമിന്‍ സിയാണ് വേണ്ടിവരുക. സിങ്ക് സ്ത്രീകള്‍ക്ക് ഒരു ദിവസം എട്ട് മില്ലിഗ്രാമും പുരുഷന്‍മാര്‍ക്ക് 11 മില്ലിഗ്രാമുമാണ് വേണ്ടത്.
Content Highlights: vitamin c zinc do not alleviate Covid19 symptoms finds study, Health,Covid19, Corona Virus