പ്പ് കൂടുതല്‍ കഴിക്കുന്നത് ബുദ്ധി വളര്‍ച്ച ഇല്ലാതാക്കുമെന്നാണ് നമ്മുടെ പൊതുധാരണ. പലരും പലരീതിയില്‍ ഇത് പറയുന്നതും കേട്ടിട്ടുണ്ട്. എന്നാല്‍ ഈ പറച്ചിലിന്റെ വാസ്തവമെന്തെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യഥാര്‍ഥത്തില്‍ ഉപ്പ് കൂടുതല്‍ കഴിക്കുന്നത് ഓര്‍മ്മയേയും ബുദ്ധിയേയും ഏതെങ്കിലും രീതിയില്‍ ബാധിക്കുന്നുണ്ടോ? 

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് ഡിമെന്‍ഷ്യയിലേക്ക് നയിക്കുമെന്നാണ് ന്യൂയോര്‍ക്കിലെ നേച്ചര്‍ ന്യൂറോ സയന്‍സ് ഗവേഷകനായ കോസ്റ്റാന്റിനോ ലാഡെക്കോലയുടെ പഠനങ്ങള്‍ പറയുന്നത്. 

ഗുരുതരമായ ഓര്‍മ്മത്തകരാറ് പ്രശ്നമായ ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കാന്‍ അമിതമായ ഉപ്പ് ഉപയോഗം കാരണമാവുന്നുവെന്ന് കോസ്റ്റാന്റിനോയുടെ പഠനങ്ങള്‍ വിശദീകരിക്കുന്നു. 

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടുതല്‍ ഉള്‍പ്പെടുത്തുന്ന, എന്നാല്‍ കൃത്യമായ വ്യായാമങ്ങള്‍ പിന്തുടരാത്ത വ്യക്തികളില്‍ മറവിരോഗമായ ഡിമെന്‍ഷ്യ ശക്തിപ്പെടുനുള്ള സാധ്യത രണ്ടിരട്ടിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

ഉപ്പിന്റെ ഉപയോഗവും ഓര്‍മ്മക്കുറവും സംബന്ധിച്ച് നിരവധി പഠനങ്ങളാണ് നടന്നിരിക്കുന്നത്. അമിതമായ ഉപ്പ് ഉപയോഗം ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. 

കനേഡിയന്‍ ഗവേഷക സംഘമാണ് ഉപ്പിന്റെ ഉപയോഗവും ഓര്‍മ്മക്കുറവും സംബന്ധിച്ച് ഏറ്റവും പുതിയ പഠനങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 67നും 84നും ഇടയില്‍ പ്രായമുള്ള 1262 ആളുകളിലാണ് സംഘം പഠനം നടത്തിയത്. മൂന്നു വര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് ഓര്‍മ്മശക്തിയെ ബാധിക്കുമെന്ന് കണ്ടെത്തിയത്. 

ഓര്‍മ്മശക്തിയെ ബാധിക്കുന്നതിന് പുറമേ സോഡിയത്തിന്റെ അളവ് കൂടുന്നത് ഹൃദയാരോഗ്യത്തേയും വളരെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ ആവശ്യത്തില്‍ കൂടുതല്‍ ഉപ്പ് ഭക്ഷണത്തിലോ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലോ ചേര്‍ക്കുന്നതിനെ ആരോഗ്യരംഗത്തെ വിദഗ്ധരും പ്രോത്സാഹിപ്പിക്കുന്നില്ല. 

സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാ സോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാന്‍ഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തില്‍ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസില്‍ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളില്‍ അമിതമായി ചേര്‍ക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. 

Content Highlight: Salt, Use of Salt and Iodised salt, Dementai and Salt