ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുരുഷന്‍മാര്‍ക്ക് ആവശ്യമായ ഉദ്ധാരണം ലഭിക്കാത്ത അവസ്ഥയെയാണ് ഉദ്ധാരണക്കുറവ് (Erectile Dysfunction) എന്നു പറയുന്നത്. ഈ അവസ്ഥയുള്ളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല. സ്‌ട്രെസ്സ് കൂടുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. സ്ഥിരമായി ഈ പ്രശ്‌നമുണ്ടാകുന്നവര്‍ ചികിത്സ തേടേണ്ടി വരും. അഞ്ചിലൊരു പുരുഷന് ഉദ്ധാരണക്കുറവ് ഉള്ളതായാണ് കണ്ടെത്തല്‍. പ്രായം കൂടുന്തോറും ഈ പ്രശ്‌നം കൂടിവരും.
ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങി ഉദ്ധാരണക്കുറവിന് പല കാരണങ്ങളുമുണ്ട്. കൃത്യമായ കാരണങ്ങള്‍ കണ്ടെത്തി വേണം ചികിത്സ തേടാന്‍.
എന്തുതരം ഭക്ഷണങ്ങള്‍ കഴിക്കാം
വിശപ്പ് മാറ്റാനുള്ളത് മാത്രമല്ല ഭക്ഷണം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണത്തിന് കഴിയണം. ആരോഗ്യകരമായ ഡയറ്റ് ഉദ്ധാരണ പ്രശ്‌നങ്ങളെയും അതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്ന പുരുഷന്‍മാരില്‍ ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ കാണുന്നത് കുറവാണെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സ്‌കോട്ട് ആര്‍. ബോ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. 1986 നും 2014 നും ഇടയ്ക്ക് നടത്തിയ പഠനത്തില്‍ 21,000 പേരാണ് പങ്കെടുത്തത്. ഓരോ നാലുവര്‍ഷവും ഇവരുടെ ഡയറ്റിന്റെ ഗുണനിലവാരം പരിശോധിച്ചായിരുന്നു പഠനം.
മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടര്‍ന്ന പുരുഷന്‍മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ വളരെ കുറവായിരുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
എന്താണ് മെഡിറ്ററേനിയന്‍ ഡയറ്റ്
2019 ല്‍ ഏറ്റവും മികച്ച ആരോഗ്യകരമായ ഡയറ്റായി തിരഞ്ഞെടുക്കപ്പെട്ടതാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ് എന്നിവ ഉള്‍പ്പടെയുള്ള മെഡറ്ററേനിയന്‍ രാജ്യങ്ങളോട് ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ പരമ്പരാഗത ഭക്ഷണരീതിയാണിത്. പച്ചക്കറികള്‍, പഴങ്ങള്‍, ഹെര്‍ബ്‌സ്, നട്‌സ്, ബീന്‍സ്, മുഴുധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങുന്നതാണ് മെഡിറ്ററേനിയന്‍ ഡയറ്റ്.
Content Highlights: This diet can cure erectile dysfunction says study, Health, Food, Diet