പ്രകൃതിദത്തമായ പഞ്ചസാരയടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതും നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ളതുമായ പഴങ്ങള്‍ വിശപ്പുകുറയ്ക്കുകയും മറ്റു കലോറി കൂടിയ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇവയില്‍ത്തന്നെ ചില പഴങ്ങള്‍ക്ക് പ്രത്യേക ഗുണങ്ങളുണ്ട്.
വഴപ്പഴം
മറ്റു പഴങ്ങളെ അപേക്ഷിച്ച് ഊര്‍ജവും അന്നജവും കൂടുതലാണെങ്കിലും വിറ്റാമിന്‍ സി, മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിന്‍ എ, ബി6, തുടങ്ങിയവയും നാരുകളും ധാരാളമുള്ള പഴമാണ് നേന്ത്രപ്പഴം. പ്രധാനഭക്ഷണമായിത്തന്നെ കഴിക്കാവുന്ന ഒന്നാണിത്. പ്രോട്ടീന്‍ അടങ്ങിയ ഏതെങ്കിലും ഒരു വിഭവംകൂടി ഉള്‍പ്പെടുത്തിയാല്‍ സമീകൃതമായി.
ആപ്പിള്‍
പ്രത്യേകിച്ച് വിവരണമാവശ്യമില്ലാത്ത പഴമാണ് ആപ്പിള്‍. ഗ്ലൈസിമിക് ഇന്‍ഡക്സ് വളരെ കുറഞ്ഞ, നാരുകള്‍ ധാരാളമുള്ള ആപ്പിള്‍ തൊലിയോടെ കഴിക്കുന്നതാണ് നല്ലത്.
ഒരു ഭക്ഷണം രക്തത്തിലെ ഷുഗര്‍നില ഉയര്‍ത്തുന്നതിന്റെ തോതിനെയാണ് ഗ്ലൈസിമിക് ഇന്‍ഡക്സ് എന്നുപറയുന്നത്.
ബെറികള്‍
ബെറികള്‍ എല്ലാംതന്നെ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ബെറികള്‍ വിശപ്പു മാത്രമല്ല കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദവും കുറയ്ക്കുന്നു.
ചെറി
പീച്ച്, പ്ലംസ്, ചെറി, ആപ്രികോട്ട് തുടങ്ങിയവയൊക്കെത്തന്നെ ഗ്ലൈസിമിക് ഇന്‍ഡക്സ് കുറവും വിറ്റാമിന്‍ എയും സിയും കൂടുതലുമുള്ളവയാണ്. അതുകൊണ്ടുതന്നെ തൂക്കം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
തണ്ണിമത്തന്
ധാരാളം വെള്ളമടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ തണ്ണിമത്തന് കഴിച്ചാല്‍ പെട്ടെന്ന് വയറുനിറയും. അതുകൊണ്ട് കലോറികൂടിയ ഭക്ഷണങ്ങള്‍ കുറയ്ക്കാനാവും. ഇതില്‍ നാരുകള്‍ ധാരാളമുള്ളതുകൊണ്ട് പെട്ടെന്ന് വിശക്കില്ല. വിറ്റാമിന്‍ കെ, ആന്റിഓക്സിഡന്റുകളായ വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ലൈകോപിന്‍ എന്നിവയും തണ്ണിമത്തനില്‍ ധാരാളമുണ്ട്. കലോറി കുറവുമാണ്.
പാഷന് ഫ്രൂട്ട്
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍പോലും സുലഭമായി വളരുന്ന പാഷന് ഫ്രൂട്ട് ഒരെണ്ണത്തില്‍ ഏകദേശം 17 കലോറി ഊര്‍ജമേയുള്ളൂ. അതേസമയം എട്ടു ഗ്രാം നാരുകളുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂട്ടുന്നതിനും പാഷന് ഫ്രൂട്ട് സഹായിക്കും. ഡെസര്‍ട്ട്, ജ്യൂസ് തുടങ്ങിയവയില്‍ ചേര്‍ത്തോ തനിച്ചോ കഴിക്കാം.
അവാക്കാഡോ
അവശ്യ കൊഴുപ്പമ്ലങ്ങള്‍ ധാരാളമടങ്ങിയിട്ടുള്ള പഴമാണ് വെണ്ണപ്പഴം അഥവാ അവാക്കാഡോ. ഒലീവ് ഓയിലിലുള്ള മോണോ സാച്ചുറേറ്റഡ് ഒലീക് ആസിഡ് ഇതിലുണ്ട്. 100 ഗ്രാമില്‍നിന്ന് 160 കലോറി ഊര്‍ജം ലഭിക്കുന്ന അവാക്കാഡോ വിറ്റാമിന്‍ കെ, ഫോളേറ്റ്, വിറ്റാമിന്‍ സി, പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവ നല്കുന്നു. കൂടാതെ നിയാസിന്, റൈബോഫ്ളാവിന്, മഗ്നീഷ്യം, മാംഗനീസ് എന്നിവയും ഇതില്‍ നല്ലതോതിലുണ്ട്. ഇത് സാലഡില്‍ ചേര്‍ത്ത് കഴിക്കുന്നത് പച്ചക്കറികളിലെ കരോട്ടിനോയ്ഡ് ആഗിരണം വര്‍ധിപ്പിക്കും.
ഗ്രേപ്പ്ഫ്രൂട്ട്
100 ഗ്രാം ഗ്രേപ്പ്ഫ്രൂട്ടില് 10 ഗ്രാം നാരുകളാണ്. 39 കലോറി മാത്രം ഊര്‍ജമാണ് നല്‍കുക. ഒരു ദിവസത്തേക്കാവശ്യമായ വിറ്റാമിന്‍ സിയുടെ 65 ശതമാനവും പ്രദാനം ചെയ്യാന്‍ ഇതിന് സാധിക്കും. ഗ്രേപ്പ്ഫ്രൂട്ടിന്റെ ഗ്ലൈസിമിക് ഇന്‍ഡക്സ് കുറവാണ്. ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് ഒരു പകുതി ഗ്രേപ്പ്ഫ്രൂട്ട് കഴിക്കുന്നത് തൂക്കം കുറയ്ക്കും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കുന്നതിനും ഇതിനു കഴിവുണ്ട്.
(കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലെ സീനിയര്‍ ഡയറ്റീഷ്യനാണ് ലേഖിക)
Content Highlights: These fruits can be eaten to lose weight, Health, Food, Weightloss