ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് മുട്ട. വിറ്റാമിൻ ബി12, വിറ്റാമിൻ ഡി, ആന്റിഓക്സി‍ഡന്റുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് മുട്ട. ഇത് ആരോ​ഗ്യത്തോടെയിരിക്കാനും അസുഖങ്ങൾ വരുന്നത് തടയാനും സഹായിക്കും. എന്നാൽ ദിവസവും കൂടുതൽ എണ്ണം മുട്ടകൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. മുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊളസ്ട്രോളാണ് അതിന് കാരണം. കൂടുതൽ മുട്ട കഴിക്കുന്നത് വയറിൽ അസ്വസ്ഥതകൾക്ക് ഇടയാക്കും. 

ദിവസവും കൂടുതൽ മുട്ടകൾ കഴിക്കുന്നത് കൊളസ്ട്രോൾ നില ഉയരാൻ കാരണമാക്കും. മുട്ടയുടെ മഞ്ഞയിൽ വലിയ തോതിൽ കൊളസ്ട്രോൾ  അടങ്ങിയിരിക്കുന്നുവെന്നതാണ് കാരണം. ഒരു മുട്ടയുടെ മഞ്ഞയിൽ 200 മില്ലി​ഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ദിവസവും ശരീരത്തിൽ 300 മില്ലി​ഗ്രാം കൊളസ്ട്രോളിൽ കൂടുതൽ പാടില്ല. ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോൾ ആകെ കൊളസ്ട്രോൾ നിലയും ചീത്ത കൊളസ്ട്രോൾ നിലയും ഉയരുന്നതിന് കാരണമാകുന്നില്ല എന്ന്  അടുത്തിടെ പഠനങ്ങൾ വന്നിട്ടുണ്ട്. എങ്കിലും ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. കൊളസ്ട്രോൾ ഉയരാൻ കാരണം ഭക്ഷണത്തിൽ നിന്നുമുള്ള പൂരിത കൊഴുപ്പാണ്. 

അടുത്തിടെ പുറത്തുവന്ന പഠനങ്ങളിൽ പറയുന്നത് ആരോ​ഗ്യവാനായ ഒരാൾക്ക് ആഴ്ചയിൽ ഏഴു മുട്ട വരെ കഴിക്കാം എന്നാണ്. അതിനാൽ ആരോ​ഗ്യാവസ്ഥയും മറ്റും പരി​ഗണിച്ച് വേണം മുട്ട കഴിക്കാൻ. കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉള്ളവരും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവരും മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തണം. 

Content Highlights: The number of eggs you can have in a day, Health, Food