ലോക സ്തനാര്‍ബുദ ബോധവത്കരണ മാസമാണ് ഒക്ടോബര്‍. സ്തനാര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്ക് നല്‍കാനും പ്രാരംഭഘട്ടത്തില്‍തന്നെ രോഗം കണ്ടെത്തുന്നതിനും രോഗികള്‍ക്ക് ശരിയായ ചികിത്സയും പരിചരണവും വഴി പിന്തുണ നല്‍കാനും വേണ്ടിയുള്ള ബോധവത്കരണത്തിനായിട്ടാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. 'പിങ്ക് റിബണ്‍' ആണ് സ്തനാര്‍ബുദ ചിഹ്നമായി കണക്കാക്കുന്നത്.

സ്തനാര്‍ബുദത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നത് ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആരംഭത്തിലെയുള്ള രോഗനിര്‍ണ്ണയം കാന്‍സര്‍ ചികിത്സയിലെ നാഴികക്കല്ലാണ്. ഇങ്ങനെ നേരത്തെ കണ്ടുപിടിക്കുന്ന കാന്‍സറുകള്‍ വേഗത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നു. സ്തനാര്‍ബുദ രോഗനിര്‍ണ്ണയം പല രീതിയില്‍ സാധ്യമാണ്. സ്വയം പരിശോധന വഴിയും, മാമ്മോഗ്രാം, ബയോപ്‌സി എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു. 40 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും വര്‍ഷത്തില്‍ ഒരിക്കല്‍ മാമ്മോഗ്രാം ടെസ്റ്റ് ചെയ്യണം.

സ്തനാര്‍ബുദം മാത്രമല്ല, ഏതുതരം കാന്‍സര്‍ രോഗത്തിനും ആരോഗ്യകരമായ ഭക്ഷണശീലം സ്വീകരിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും എല്ലാം കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കാന്‍സര്‍ കേസുകളില്‍ 30-35 ശതമാനത്തിനും കാരണം ശരിയായ ഭക്ഷണരീതി സ്വീകരിക്കാത്തതാണ് എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഒരു പ്രത്യേക ഭക്ഷണം മാത്രമായി കാന്‍സറിന് കാരണമാകുന്നില്ല. മറിച്ച്, ജീവിതരീതികളും സാഹചര്യങ്ങളും കാന്‍സര്‍ ബാധയെ സ്വാധീനിക്കുന്നു.

ഉദാ: പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ്, മാനസികാരോഗ്യം, പാരമ്പര്യം എന്നിവ.

കാന്‍സര്‍ പ്രതിരോധത്തിന് പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ധാന്യങ്ങള്‍ എന്നിവ ധാരാളവും എന്നാല്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവിലുമുള്ള ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഉത്തമം. ഒപ്പംതന്നെ ചിട്ടയായ വ്യായാമവും അനിവാര്യമാണ്.

എന്തുകൊണ്ട് പഴങ്ങളും പച്ചക്കറികളും?

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ്. കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി എന്നിവയിലെ ആന്റിഓക്‌സിഡന്റ്‌സിന്റെ കാന്‍സര്‍ പ്രതിരോധശേഷി പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ഓറഞ്ച്, മുസമ്പി, നാരങ്ങ, തക്കാളി, പേരയ്ക്ക എന്നീ വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ക്ക് കാന്‍സര്‍ പ്രതിരോധത്തിന് കഴിവുള്ളവയാണ്. ചുരുക്കത്തില്‍ എല്ലാ നിറങ്ങളിലുമുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ 'റെയിന്‍ബോ ഡയറ്റ്' ആണ് കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സാ വേളയിലും ഉത്തമം.

വേണം ശ്രദ്ധയോടെയുള്ള പാചകരീതി

കൊഴുപ്പ്, പ്രിസര്‍വേറ്റീവ്സ്, അജിനോമോട്ടോ എന്നിവയുടെ അമിത ഉപയോഗം ശരീരത്തിലെ ഹോര്‍മോണുകളുടെ അമിത ഉത്പാദനത്തിന് കാരണമാകുന്നു. കൂടാതെ വറുത്തതും പൊരിച്ചതുമായ നോണ്‍ വെജ് ഭക്ഷണവും മൃഗക്കൊഴുപ്പും രാസവസ്തുക്കളും അടങ്ങിയ ബേക്കറി പലഹാരങ്ങളും പലതരം നിറങ്ങളും അഡിറ്റീവ്‌സും ചേര്‍ന്ന പാക്കറ്റ് ഫുഡുകള്‍ എന്നിവയൊക്കെ കാന്‍സറിനെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. മാംസാഹാരം, റെഡ് മീറ്റ് എന്നിവയുടെ അമിതോപയോഗം കുടല്‍ കാന്‍സറിന് കാരണമായേക്കാം.

സസ്യാഹാരം കാന്‍സര്‍ പ്രതിരോധത്തിന്

കാന്‍സര്‍ പ്രതിരോധത്തിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്ന ഭക്ഷണം സസ്യാഹാരം തന്നെയാണ്. കാരണം സസ്യാഹാരത്തില്‍ മാത്രം കാണപ്പെടുന്ന നാരുകള്‍, കുടലില്‍ നിന്ന് ആഹാരമാലിന്യങ്ങളെ വേഗത്തില്‍ ശരീരത്തില്‍ നിന്ന് പുറത്ത് തള്ളാന്‍ സഹായിക്കുന്നു. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മൂലം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സസ്യാഹാരം സഹായിക്കുന്നു.

കാന്‍സര്‍ പ്രതിരോധത്തിനായി ഭക്ഷണരീതിയിലും ജീവിതരീതിയിലും ചില മുന്‍കരുതലുകള്‍ സഹായകരമാണ്.

  • റൈന്‍ബോ ഡയറ്റ് ശീലമാക്കുക.
  • പഞ്ചസാര, ഉപ്പ്, ചുവന്ന മാംസം, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ് എന്നിവ മിതമായി മാത്രം ഉപയോഗിക്കുക.
  • മദ്യപാനം, പുകവലി, മറ്റ് ദുശ്ശീലങ്ങള്‍ എന്നിവ ഒഴിവാക്കുക.
  • ദിവസവും അരമണിക്കൂര്‍ വ്യായാമം പതിവാക്കി ശരീരഭാരം നിയന്ത്രിക്കുക.
  • ഒരു ഡോക്ടറെ കണ്ട് കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിന് ആവശ്യമായ പരിശോധനകള്‍ സ്വീകരിക്കുക.
  • സ്ത്രീകളില്‍ 40 വയസ്സ് കഴിഞ്ഞവര്‍, ആര്‍ത്തവ വിരാമം എത്തിയവര്‍, കാന്‍സര്‍രോഗ പാരമ്പര്യമുള്ളവര്‍, അമിതവണ്ണമുള്ളവര്‍ കൃത്യമായ പരിശോധനകളും മമ്മോഗ്രാം, പാപ്‌സ്മിയര്‍ പോലുള്ള ടെസ്റ്റുകളും നടത്തുക.
  • പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനിയുടെ അംശം, വിനാഗിരി/പുളിവെള്ളം ഉപയോഗിച്ച് നിര്‍വീര്യമാക്കിയതിന് ശേഷം ഉപയോഗിക്കുക

തയ്യാറാക്കിയത്: 
അനു മാത്യു
ഡയറ്റീഷ്യന്‍
പട്ടം എസ്.യു.ടി. ഹോസ്പിറ്റല്‍ 

Content Highlights: Role of food in cancer prevention, Health, Cancer, Cancer Awareness, Food