പോഷകമൂല്യത്തില്‍ കേരളീയ സദ്യയെ വെല്ലാന്‍ മറ്റൊരു സല്‍ക്കാരത്തിനും സാധിക്കില്ല. ധാന്യങ്ങള്‍, പയറ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്സ്, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ രുചികരമായ ഒരു സങ്കലനമാണ് ഓണസദ്യ. ഒരു വ്യക്തിയ്ക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരു നേരത്തേ സദ്യയില്‍ നിന്നു തന്നെ ലഭ്യമാകുന്നു.

അന്നജം
തവിടോടുകൂടിയ അരി കൊണ്ടുള്ള ചോറിന് തവിടുകളഞ്ഞ അരിയേക്കാള്‍ പോഷകമൂല്യം കൂടുതലാണ്. തവിടില്‍ ബി കോംപ്ലക്സ്, വിറ്റാമിനുകളും, നാരും കൂടുതലായി അടങ്ങിയിരിക്കും.

മാംസ്യം
സദ്യയിലെ പ്രധാന ഇനമായ പരിപ്പു കറിയിലാണ് മാംസ്യം കൂടുതലായി അടങ്ങിയിരിക്കുക. അതോടൊപ്പം പായസത്തിലെ പാല്‍, നട്സ്, മുതലായവ കൂടി ചേരുമ്പോള്‍ കുട്ടികള്‍ക്ക് സദ്യ ഒരു സമീകൃതാഹാരമായി മാറും.

കൊഴുപ്പ്
സസ്യ എണ്ണകളാണ് സദ്യയിലെ കറികള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. എന്നതിനാല്‍ ആരോഗ്യപരമായി സദ്യ വേറിട്ട് നില്‍ക്കുന്നു. എണ്ണയുടെയും തേങ്ങയുടെയും അളവ് ക്രമീകരിച്ചാല്‍ പ്രമേഹരോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും  കരള്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍ക്കും മറ്റും സദ്യ ആസ്വാദ്യകരമാകുന്നതാണ്.

വിറ്റാമിനുകള്‍
കാരറ്റ്, മത്തങ്ങ എന്നിവയിലൂടെ വിറ്റാമിന്‍ എയും മറ്റ് പച്ചക്കറികള്‍ വഴി വിറ്റാമിന്‍ ബിയും നടസ്, പയറ് വര്‍ഗങ്ങള്‍, സസ്യഎണ്ണ എന്നിവ ഉപയോഗിക്കുന്നതിനാല്‍ വിറ്റാമിന്‍ ഇയും ലഭ്യമാകുന്നു. നാരങ്ങ, നെല്ലിക്ക എന്നിവ വിറ്റാമിന്‍ സിയുടെ കലവറയാണ്. ഇരുമ്പിന്റെ പ്രധാന സ്രോതസ്സാണ് ശര്‍ക്കര, ധാന്യങ്ങള്‍, പാല്‍, തൈര് തുടങ്ങിയവയുടെ ഉപയോഗം കാത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു.

 

നാരുകള്‍
വെള്ളരിക്ക, മത്തങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുന്ന അവിയല്‍, പച്ചടി, തോരന്‍ എന്നിവ സദ്യയിലെ നാരുകളടങ്ങിയ വിഭവങ്ങളാണ്.

വെള്ളം
ശരിയായ ദഹനപ്രവര്‍ത്തനത്തിനും വായുസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സദ്യയ്ക്ക് ശേഷം ചുക്കുവെള്ളമോ ജീരകവെള്ളമോ കുടിക്കാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

ഓണസദ്യ സമീകൃതാഹാരം

ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളില്‍ നിന്നുമുള്ള പോഷകങ്ങള്‍ ഓണസദ്യയില്‍ നിന്നും ലഭിക്കും. ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ അതില്‍ നിന്നു ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയും ശരീരത്തിനു കിട്ടുന്നു. അടുത്ത തലമുറയുടെ ആരോഗ്യം മനസില്‍ കണ്ടാണ് ഓണസദ്യയില്‍ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചോറുവിളമ്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങള്‍. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.

ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും

പരിപ്പും നെയ്യും കുട്ടികള്‍ക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളും നല്‍കുന്നു. പരിപ്പില്‍ നിന്നു കിട്ടുന്ന പ്രോട്ടീനും നെയ്യില്‍ നിന്നു കിട്ടുന്ന മീഡിയം ചെയിന്‍ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവര്‍ പരിപ്പും നെയ്യും ചേര്‍ത്തു കുട്ടികള്‍ക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ.. ഇത്തരം ശാസ്ത്രീയ വശം കൂടി അറിയുമ്പോള്‍ വാസ്തവത്തില്‍ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.

സമ്പാര്‍ നന്നായാല്‍ സദ്യ നന്നായി

പരിപ്പും നെയ്യും കഴിഞ്ഞാല്‍ പിന്നെ സാമ്പാര്‍. കറികളില്‍ പ്രധാനിയാണു സാമ്പാര്‍. സമ്പാര്‍ നന്നായാല്‍ സദ്യ നന്നായി എന്നാണു പറയാറുള്ളത്.പരിപ്പും മറ്റു പച്ചക്കറികളും ചേര്‍ന്ന സാമ്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരന്‍, നീളത്തില്‍ മുറിച്ച പച്ചക്കറികള്‍ കൊണ്ടു തയാറാക്കുന്ന അവിയല്‍ എന്നിവയില്‍ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികല്‍ ചേര്‍ത്ത വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. നമ്മുടെ സാമ്പാറും അവിയലും കഴിക്കുമ്പോള്‍ത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങള്‍ സ്വന്തമാക്കാം.

സദ്യയുടെ പോഷകങ്ങള്‍ ശ്രദ്ധിക്കേണ്ടവ

  • ചോറിന് തവിടോടുകൂടിയ അരി ഉപയോഗിക്കുക.
  • വീട്ടില്‍ പൊടിച്ചുണ്ടാക്കിയ കറിപ്പൊടികള്‍ പാചകത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുക.
  • പച്ചക്കറികള്‍ നുറുക്കുന്നതിന് മുമ്പ് വിനാഗിരിവെള്ളത്തിലോ പുളിവെള്ളത്തിലോ കുറച്ചുസമയം മുക്കിവച്ചതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കുക. അത് ഒരു പരിധിവരെ കീടനാശിനിയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം വെള്ളത്തിലലിയുന്ന വിറ്റാമിനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
  •  പഞ്ചസാരയേക്കാള്‍ ശര്‍ക്കര പായസത്തിന് പ്രാധാന്യം നല്‍കുക.
  • കറിവേപ്പില കറിക്കൂട്ടുകളുടെ കൂടെ അരച്ച് ചേര്‍ക്കുക.
  • വിഭവങ്ങള്‍ തയ്യാറാക്കാന്‍ വെണ്ണ, ഡാല്‍ഡ, പാം ഓയില്‍ തുടങ്ങിയവ ഒഴിവാക്കുക.
  • രസവും സംഭാരവും ദഹനം എളുപ്പമാക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഇവ തീര്‍ച്ചയായും ഉള്‍പ്പെടുത്തുക.