ന്ത്യ ഭക്ഷ്യ സുരക്ഷ കൈവരിക്കുന്ന കാര്യത്തില്‍ വിജയിച്ചുവെങ്കിലും പോഷകാഹാര സുരക്ഷയുടെ കാര്യത്തില്‍ ഇനിയും പരിഹാരമായിട്ടില്ലെന്ന സ്ഥിതിയാണ്. ഇതുകൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണം താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുകയെന്നത് നമ്മുടെ ദേശീയ പരിപാടിയുടെ ഭാഗമാക്കേണ്ടതുണ്ട്. മനുഷ്യന്റെ ആരോഗ്യത്തേയും പാരിസ്ഥിതിക സുസ്ഥിരതയേയും ബന്ധിപ്പിക്കുന്ന സുപ്രധാന ഘടകമാണ് ഭക്ഷണമെന്ന് ശാസ്ത്രവും ചൂണ്ടിക്കാട്ടുന്നുണ്ട്. 

ആഗോള തലത്തില്‍ പുകയിലയും രക്ത സമ്മര്‍ദ്ദവും മൂലം മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരാണ്  ഭക്ഷണ അപര്യാപ്തത മൂലം മരിക്കുന്നതെന്നാണ് ഗ്ലോബല്‍ ബര്‍ഡണ്‍ ഓഫ് ഡിസീസസ് എന്ന പഠനം അടുത്തിടെ ചൂണ്ടിക്കാട്ടിയത്. ഇരുപതു ശതമാനത്തോളം മരണങ്ങളില്‍ അതൊരു കാരണമാകുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ മൂന്നില്‍ രണ്ടു സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഭക്ഷ്യ സ്വാശ്രയത്വം നേടാനായി എങ്കിലും കൃത്യമായ പോഷകാഹാരത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ലക്ഷ്യത്തിലെത്താനായിട്ടില്ല.

പ്രശ്നങ്ങള്‍ നിരവധി

കൃത്യമായ പോഷകാഹാരം ലഭിക്കാത്ത ഏറ്റവും കൂടുതല്‍ കുട്ടികളും കൗമാരക്കാരുമുള്ളത് ഇന്ത്യയിലാണ്. പ്രമേഹ രോഗമുള്ള ഏറ്റവും കൂടുതല്‍ പേരുള്ളതും ഇന്ത്യയിലാണ്. സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കമ്പോള്‍ കാണുന്ന മറ്റു ചില വസ്തുതകള്‍ കൂടിയുണ്ട്. 1975-ലെ കണക്കു പ്രകാരം ആഗോള തലത്തില്‍ അമിത വണ്ണമുള്ള 1.1 കോടി കുട്ടികളും കൗമാരക്കാരുമായിരുന്നു ഉണ്ടായിരുന്നത്. 2016-ല്‍ ഇത് 12.4 കോടിയായി ഉയര്‍ന്നു. അതായത് പത്തു മടങ്ങിലേറെ. പോഷകാഹാരക്കുറവുള്ളവരും അമിത വണ്ണമുള്ളവരും ഒരുമിച്ചുള്ള ഒരു സാഹചര്യമെന്ന ഇരട്ട ബുദ്ധിമുട്ടുകളാണ് ഇവിടെ അനുഭവിക്കേണ്ടി വരുന്നത്. ഇന്ത്യയിലും ഈ പ്രശ്നം വര്‍ധിക്കുകയാണ്. വ്യക്തികള്‍, കുടുംബങ്ങള്‍, സമൂഹങ്ങള്‍ എന്നീ തലങ്ങളിലെ വിലയിരുത്തലുകളിലെല്ലാം ഇതേ പ്രശ്നം ദൃശ്യമാകുന്നുണ്ട്.

ജീവിത രീതിയിലെ മാറ്റങ്ങള്‍

മനുഷ്യന്റെ ജീവിത ദൈര്‍ഘ്യം വര്‍ധിക്കുന്നതും ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന കുട്ടികളുടെ എണ്ണത്തിലെ കുറവും വളരെ ശ്രദ്ധേയമാണ്. പ്രായമേറിയവര്‍ കൂടുന്ന പ്രവണതയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇതോടൊപ്പം തന്നെ രോഗങ്ങളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. സാംക്രമിക രോഗങ്ങളില്‍ നിന്ന് സാംക്രമിക ഇതര രോഗങ്ങളിലേക്ക് രോഗത്തിന്റെ തോത് വര്‍ധിക്കുന്നതും കാണാം. ഇന്ത്യയില്‍ ഇന്നത്തെ മരണങ്ങളില്‍ 70 ശതമാനത്തിലേറേയും സാക്രമികേതര രോഗങ്ങള്‍ മൂലമാണ്. ഇതിനും പുറമേയാണ് പോഷകാഹാരത്തിന്റെ കാര്യത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍. പരമ്പരാഗത രീതിയില്‍ നിന്ന് കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങളിലേക്ക് ജനങ്ങള്‍ മാറുകയാണ്. ഇതോടൊപ്പം ശാരീരിക അധ്വാനങ്ങള്‍ കുറയുകയും ചെയ്യുന്നു.

പോഷകാഹാര പ്രശ്നങ്ങള്‍ പല തലങ്ങളില്‍

രാജ്യത്തിന്റെ പോഷകാഹാര പ്രശ്നങ്ങള്‍ക്ക് പല തലങ്ങളാണുള്ളത്. ദേശീയ തലത്തില്‍ മൊത്തത്തില്‍ കണക്കാക്കുമ്പോള്‍ നാം ഭക്ഷണത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിട്ടുണ്ട്. വ്യക്തിഗതമായി അവലോകനം ചെയ്യുമ്പോള്‍ മറ്റൊരു തലമാണു കാണുന്നത്. പോഷകാഹാര അസമത്വം വലിയൊരു വെല്ലുവിളിയാണ്. വലിയൊരു വിഭാഗം അപര്യാപ്തമായ ഭക്ഷണത്തിലൂടെയാണു കടന്നു പോകുന്നത്. പത്തു ശതമാനത്തിലേറെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മാത്രമാണ് പര്യാപ്തമായ വൈവിധ്യവല്‍കൃത ഭക്ഷണം ലഭിക്കുന്നതെന്നാണ് ദേശീയ കുടംബ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. ഇതേ സമയം മറ്റൊരു വലിയ വിഭാഗം ആവശ്യത്തിലേറെ കലോറി നേടുന്നുമുണ്ട്.

പോഷകാഹാരക്കുറവും പരിഹാരങ്ങളും

ഉപഭോക്തൃ ശീലങ്ങള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണ്. പോഷകമുള്ള ഭക്ഷണം കഴിക്കാന്‍ 60 ശതമാനം പേരും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ഇക്കാര്യത്തിലുള്ള അവബോധം പഠിക്കാന്‍ നുശക്തി 2020-ല്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. പഠനത്തിലുള്‍പ്പെട്ട 98 ശതമാനം പേര്‍ക്കും ശരിയായ പോഷകാഹാരത്തിന്റെ ആവശ്യത്തേയും പ്രാധാന്യത്തേയും കുറിച്ച് അറിയാമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഗര്‍ഭിണികളായിരുന്നപ്പോള്‍ ഇലക്കറികള്‍ കഴിച്ചതേയില്ലന്ന് സമ്മതിച്ചത് 55 ശതമാനം പേരാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാമായിരുന്നിട്ടും പഴങ്ങള്‍ കഴിക്കാത്ത 42 ശതമാനം പേരുമുണ്ടായിരുന്നു. ഭക്ഷണം ഉപേക്ഷിക്കാറുള്ളതായി 84 ശതമാനം പേര്‍ സൂചിപ്പിച്ചു. പ്രധാനപ്പെട്ട ഔദ്യോഗിക കാരണങ്ങളാലാണിതെന്നു വെളിപ്പെടുത്തിയത് 42 ശതമാനം പേരാണ്. ആരോഗ്യപരമായ ഭക്ഷണത്തെ കുറിച്ച് കുടുംബാംഗങ്ങളെ ബോധവത്ക്കരിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടാണെന്നാണ് 52 ശതമാനം പേര്‍ പ്രതികരിച്ചത്.

ഈ കോവിഡ് കാലത്ത് പോഷകാഹാരത്തിന് പ്രാധാന്യം വര്‍ധിക്കുകയാണ്. വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് വിറ്റമിനുകളും മൂലകങ്ങളും കൂടുതലായി നേടാനുള്ള ഏറ്റവും മികച്ച മാര്‍ഗം. ദീര്‍ഘകാലത്തേക്ക് ഇതു തന്നെയാണ് പിന്തുടരേണ്ടത്. ഹ്രസ്വകാലത്തേക്ക് വിറ്റാമിനുകളും മിനറൽ സപ്ലിമെന്റുകളും പോഷകങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഭക്ഷണവും പ്രയോജനപ്പെടുത്താം. എല്ലാവര്‍ക്കും പോഷകപരമായ ഭക്ഷണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തിലും സമഗ്ര നീക്കങ്ങള്‍ വേണം. ഭക്ഷണ സംവിധാനങ്ങള്‍ക്കു മാറ്റം വരുത്തുകയും സമഗ്രമായ നിയന്ത്രണങ്ങളും നയങ്ങളും കൊണ്ടു വരികയും വേണം. ആരോഗ്യപരമായ ഭക്ഷ്യോത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഭക്ഷ്യ വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കാനും ഇതോടൊപ്പം നടപടി വേണം. ആരോഗ്യകരമായ ഭക്ഷണം താങ്ങാനാവുന്ന നിലയില്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് നീക്കങ്ങള്‍ നടത്തേണ്ടത്.

(പൊതുജന പോഷകാരോഗ്യ രംഗത്തെ സ്പെഷലിസ്റ്റാണ് ലേഖകന്‍)

Content Highlights: Nutrition and Immunity, Health, Food, Nutrition