ണര്‍വും ഉന്‍മേഷവും പകരാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ വീട്ടില്‍ തയ്യാറാക്കാം

നാരങ്ങാവെള്ളം

നാരങ്ങനീര് ചേര്‍ത്ത വെള്ളം കുടിക്കുന്നത് ദാഹവും ക്ഷീണവും അകറ്റുന്നതോടൊപ്പം ദഹനശക്തി വര്‍ധിപ്പിക്കും. ദുര്‍മേദസ്സ്, അമിത കൊളസ്‌ട്രോള്‍, അമിത രക്തസമ്മര്‍ദം എന്നിവ കുറയ്ക്കുന്നതിനും നാരങ്ങവെള്ളം ഫലപ്രദമാണ്. 

ചെമ്പരത്തിപ്പൂവ്

ചെറുനാരങ്ങ നീരില്‍ നാടന്‍ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ എട്ട് മണിക്കൂര്‍ ഇട്ടുവെക്കുക. അതിനുശേഷം പിഴിഞ്ഞെടുത്ത നീരില്‍ ശുദ്ധമായ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ആവശ്യത്തിനനുസരിച്ച് കല്‍ക്കണ്ടമോ തേനോ ചേര്‍ത്ത് കുടിക്കാം. 

ചുക്കുവെള്ളം

ദീപനശക്തി വര്‍ധിപ്പിക്കുന്നതാണ് ചുക്ക് ചേര്‍ത്ത് തിളപ്പിച്ചെടുക്കുന്ന വെള്ളം. ഹൃദയത്തിന് ബലം നല്‍കുന്നു. വാതരോഗത്തേയും കഫരോഗത്തെയും ശമിപ്പിക്കുന്നതാണ് ചുക്ക് ചേര്‍ത്ത് തിളപ്പിച്ച വെള്ളം. 

കരിങ്ങാലി വെള്ളം

കരിങ്ങാലിക്കാതലിട്ട് തിളപ്പിച്ച വെള്ളം രക്തശുദ്ധിയ്ക്ക് സഹായിക്കുന്നു. പ്രമേഹം, ത്വഗ്രോഗങ്ങള്‍, ദുര്‍മേദസ്സ് എന്നിവയുള്ളവര്‍ക്ക് ഉത്തമ പാനീയമാണ് കരിങ്ങാലി വെള്ളം. 

കുരുമുളകുവെള്ളം

കുരുമുളക് ചതച്ചിട്ട് തിളപ്പിച്ച വെള്ളം ജലദോഷത്തെ ഇല്ലാതാക്കുന്നു. വായ്ക്ക് രുചിയുണ്ടാക്കും. കുരുമുളകുവെള്ളം കുടിക്കുന്നത് രക്തചംക്രമണം ക്രമപ്പെടുത്തുകയും കഫത്തെയും വാതത്തെയും ശമിപ്പിക്കുകയും ചെയ്യും. 

രാമച്ചവെള്ളം

രാമച്ചവേര് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. 

മല്ലിവെള്ളം

മല്ലിയിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കും. അജീര്‍ണം, മലബന്ധം, പനി എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമായ മല്ലിവെള്ളം രുചി വര്‍ധിപ്പിക്കുന്നതുമാണ്. 

ഇലഞ്ഞിപ്പൂ വെള്ളം

കുറച്ച് ഇലഞ്ഞിപ്പൂക്കള്‍ ഇട്ട് തിളപ്പിച്ച വെള്ളം ആറിയ ശേഷം കുടിക്കുക. അത് ശരീരത്തെ തണുപ്പിക്കും. അധികമായ വിയര്‍പ്പിനെ ഇല്ലാതാക്കും. ശരീരത്തിന് ബലം നല്‍കുന്നതുമാണ്. 

ശംഖുപുഷ്പ വെള്ളം

നാലോ അഞ്ചോ ശംഖുപുഷ്പങ്ങളും അത്രതന്നെ തുളസിയിലകളും ഒരു ചില്ലുഗ്ലാസില്‍ ഇടുക. അതിലേക്ക് നിറയെ, തിളച്ച വെള്ളം ഒഴിക്കുക. വെള്ളം നീലനിറമായതിനുശേഷം തണുക്കുമ്പോള്‍ അരിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഫലപ്രദമാണ്. 

(തൃശ്ശൂര്‍ ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Content Highlights: Nine healthy and natural drinks 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌