കാന്‍സറിനു കാരണം അഞ്ച് വെളുത്ത വിഷങ്ങളുടെ നിത്യേനയുള്ള ഉപയോഗമാണ് എന്ന ആരോപണം സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മൈദ, പഞ്ചസാര, ഉപ്പ്, വെളുത്ത അരി, പാല്‍ എന്നിവയാണ് ഈ പ്രതികള്‍. വാട്ട്സ്അപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ ആയും വീഡിയോ ആയും ഇത് പ്രചരിക്കുന്നുണ്ട്. ചില ആരോഗ്യ ക്ലാസുകള്‍ക്കും ആമുഖ പ്രസംഗത്തില്‍ ഇത് ഉയര്‍ന്നു കേള്‍ക്കാറുണ്ട്. വിഷയങ്ങളെ അതിശയോക്തിപരമായി അവതരിപ്പിച്ച് ആളുകളില്‍ അനാവശ്യഭയം ജനിപ്പിക്കുന്ന ഒന്നാണിത്.

കാന്‍സറിന്റെ പ്രധാന കാരണങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനും അവയെ അപ്രസക്തമാക്കാനും മാത്രമേ ഇവ ഉപകരിക്കൂ. ഈ ലിസ്റ്റില്‍പ്പെട്ട സാധനങ്ങള്‍ എല്ലാംതന്നെ നിത്യജീവിതത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ അളവാണ് പ്രധാനം.  ആദ്യം മൈദയുടെ കാര്യമെടുക്കാം. ഗോതമ്പിലെ തവിടും മുളയും കളഞ്ഞ് ശുദ്ധീകരിച്ച് എടുക്കുന്ന പൊടിക്ക് പൊതുവെ മഞ്ഞനിറം ആയിരിക്കും. ഈ മഞ്ഞനിറം ബ്ലീച്ചിങ്ങിലൂടെ കളഞ്ഞ് നല്ല വെളുത്ത നിറത്തിലുള്ള മൈദയായി നമുക്ക് ലഭിക്കുന്നു. 

തവിടും മുളയും നഷ്ടപ്പെടുന്നതോടെ നാരുകളുടെ സാന്നിധ്യം വളരെ കുറയുന്നു. മറ്റ് പോഷകങ്ങളുടെയും ധാതുക്കളുടെയും അവസ്ഥയും അതുതന്നെ. ഒടുവില്‍ അന്നജം മാത്രം നല്‍കുന്ന ഒരു ഭക്ഷ്യവസ്തുവായി മൈദ മാറുന്നു. 

രുചിയിലും ഉപയോഗിക്കാനുള്ള എളുപ്പത്തിലും, മറ്റ് ഗോതമ്പ് ഉപ ഉത്പന്നങ്ങളെക്കാള്‍ മെച്ചമാണ് മൈദ. അതിനാല്‍ത്തന്നെ ഫാസ്റ്റ്ഫുഡ്, ബേക്കറി ഉത്പന്ന നിര്‍മാണ മേഖലയില്‍ മൈദ ഒരു അവിഭാജ്യഘടകമാണ്. അന്നജം ഒഴിച്ച് മറ്റ് ഒന്നുംതന്നെ ഇല്ല എന്നതാണ് മൈദയുടെ പ്രശ്നം. അതിനാലാണ് മൈദയ്‌ക്കെതിരേ വ്യാപകമായി പ്രചാരണങ്ങള്‍ നടക്കുന്നതും. അല്ലാതെ മൈദ കാന്‍സര്‍ ഒന്നും ഉണ്ടാക്കുന്നില്ല. ഇവിടെ നാം ചിന്തിക്കേണ്ടത് നമ്മുടെ ഭക്ഷണത്തില്‍ നാരുകളടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ പ്രാധാന്യത്തെക്കുറിച്ചാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വന്‍കുടല്‍, മലാശയ കാന്‍സറുകളുടെ  സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഗോതമ്പ് അങ്ങനെ തന്നെയോ തവിടുകളയാതെ പൊടിച്ച ഗോതമ്പുമാവായോ നമ്മുടെ ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിച്ച് മൈദയുടെ ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്. വല്ലപ്പോഴും ഒരു പൊറോട്ടയോ, ബട്ടൂരയോ കഴിച്ചു എന്നു കരുതി പരിഭ്രമിക്കുകയൊന്നും വേണ്ട. ഭയം അല്ല, ബോധം ആണ് വേണ്ടത്. 

മൈദയുമായി ബന്ധപ്പെട്ട മറ്റൊരു ആരോപണം അലോക്സാന്‍ (Alloxan) എന്ന രാസവസ്തുവിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടാണ്. മൈദയിലേക്കുള്ള ഗോതമ്പിന്റെ പ്രയാണത്തിലെ ഒരു കടമ്പയാണ് ബ്ലീച്ചിങ്. 

ചില രാസവസ്തുക്കള്‍ ബ്ലീച്ചിങ്ങിന് ഉപയോഗിക്കുമ്പോള്‍ ആ പ്രക്രിയയുടെ ഉപോത്പന്നമായി അലോക്സാന്‍ രൂപപ്പെട്ടേക്കാം. ഇവ ചില ലബോറട്ടറി പരീക്ഷണങ്ങളില്‍ പരീക്ഷണമൃഗങ്ങളില്‍ പ്രമേഹം വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അലോക്സാന്‍ മനുഷ്യരില്‍ പ്രമേഹം ഉണ്ടാക്കുന്നതായി തെളിയിക്കുന്ന ആധികാരിക പഠനങ്ങളൊന്നുമില്ല. ഇത് കാന്‍സര്‍ ഉണ്ടാക്കുന്നതായി ഒരു തരത്തിലുമുള്ള പഠനങ്ങളുമില്ല. അതിനാല്‍ കാന്‍സര്‍ സംബന്ധമായി ആശങ്ക വേണ്ട.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ഫിന്‍സ് എം. ഫിലിപ്പ്, ഡോ. നീതു. എ.പി, കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം, മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി

 

Content Highlight: Maida flour and Cancer, Fake Cancer Campaign, Cancer Causing Foods

arogyamasika

ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ വായിക്കാന്‍ പുതിയ ലക്കം ആരോഗ്യ മാസിക കാണുക. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക