രിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യം ഏറിവരുന്ന കാലമാണിത്. മലയാളികളുടെ കാര്യത്തില്‍ പലരും രാത്രിയിലെ നമ്മുടെ നിത്യഭക്ഷണമായ കഞ്ഞി, ചോറ് ശീലങ്ങളില്‍ നിന്ന് മാറി ചപ്പാത്തിക്ക് മുന്‍ഗണന നല്‍കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമാണ് ഗോതമ്പ്. അതില്‍ ധാരാളം ഭക്ഷ്യനാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം സുഗമമായിരിക്കും. എന്നാല്‍ അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും ലഭിക്കുന്നത് ഏകദേശം ഒരേ അളവിലുള്ള ഊര്‍ജമാണ്. 

ശരീരത്തിന് ഊര്‍ജം നല്‍കുക എന്നതാണ് അന്നജത്തിന്റെ ധര്‍മം. കൂടിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ അടങ്ങിയ ഭക്ഷണം കഴിക്കുകയും അന്നജം അടങ്ങിയ ആഹാരം കുറയുകയും ചെയ്യുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ അന്നജമുള്ള ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും. 

എല്ലാ കാര്‍ബോഹൈഡ്രേറ്റുകളും ഒരേ രീതിയിലല്ല ദഹിക്കുന്നതും ഊര്‍ജം പ്രദാനം ചെയ്യുന്നതും. ഭക്ഷ്യനാരുകളുടെ അംശം കൂടിയതും ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞതുമായ അന്നജമാണ് കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍. അരി, ഗോതമ്പ്, ചോളം, റവ, മുത്താറി, കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും ഇത്തരത്തിലുള്ള അന്നജസ്രോതസ്സുകളാണ്. 

തവിട് കളയേണ്ട

തവിട് നീക്കാത്ത ധാന്യങ്ങള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഭക്ഷ്യനാരുകള്‍ ധാരാളമായി ഉള്ളത് മുഴുധാന്യങ്ങളിലാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതും കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. എന്നാല്‍ ശരീരത്തില്‍ അധികമായി എത്തുന്ന അന്നജം കൊഴുപ്പായി ശരീരത്തില്‍ തന്നെ സംഭരിക്കപ്പെടുന്നതു വഴി അമിതവണ്ണം ഉണ്ടാവുകയും ചെയ്യും. 

വെള്ളരിയും കുത്തരിയും

അരിയില്‍ പ്രധാനമായവ വെള്ളയരിയും കുത്തരിയും തന്നെ. വെള്ളയരിയില്‍ അരിയുടെ പുറംകവചമായ തവിട് നീക്കം ചെയ്താണ് എടുക്കുന്നത്. സാധാരണ അരിമണിയുടെ പുറത്തുള്ള തവിടിലാണ് ഏറ്റവും കൂടിയ അളവില്‍ പോഷകങ്ങള്‍ ഉള്ളത്. ബി കോംപ്ലക്‌സ് വിറ്റാമിനുകളായ തയാമിന്‍, റൈബോഫ്‌ളാവിന്‍, നിയാസിന്‍, പാന്റോതെനിക് ആസിഡ്, പൈറിഡോക്‌സിന്‍, ബയോട്ടിന്‍, ഫോളിക് ആസിഡ്, കോബാലമിന്‍സ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. വെള്ളയരിച്ചോറിനേക്കാള്‍ അനുയോജ്യം തവിട് കൂടിയ കുത്തരി തന്നെ. 100 ഗ്രാം ബസ്മതി അരി പാചകം ചെയ്യുമ്പോള്‍ ഗ്ലൈസീമിക ഇന്‍ഡക്‌സ് 63 ആണെങ്കില്‍ കുത്തരിയില്‍ 50 മാത്രം ആണ്. 

ഓരോ വ്യക്തിയുടെയും പ്രായം, അധ്വാനം, ആണോ പെണ്ണോ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ഓരോരുത്തരുടെയും ഊര്‍ജലഭ്യത ഉറപ്പുവരുത്തേണ്ടത്. 

കുത്തരിയിലെ പ്രധാന പോഷകഘടകങ്ങള്‍
അയേണ്‍- 0.53 മില്ലിഗ്രാം
കാര്‍ബോഹൈഡ്രേറ്റ്- 79 ഗ്രാം
നാരുകള്‍- 2.3 ഗ്രാം
പ്രോട്ടീന്‍- 2.7 ഗ്രാം

ഗോതമ്പിലെ പ്രധാന പോഷകഘടകങ്ങള്‍
അയേണ്‍- 3.88 മില്ലിഗ്രാം
കാര്‍ബോഹൈഡ്രേറ്റ്- 71.2 ഗ്രാം
നാരുകള്‍- 11 ഗ്രാം
പ്രോട്ടീന്‍- 13 ഗ്രാം

വിവരങ്ങള്‍: 
സുനി ഷിബു
ഡയറ്റീഷ്യന്‍
ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍
കുതിരവട്ടം, കോഴിക്കോട്

ആരോഗ്യമാസിക വാങ്ങാം

Content Highlights: Rice, Wheat, Health, Food