പ്രമേഹത്തെക്കുറിച്ചും പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും ആളുകള്‍ക്ക് നിരവധി സംശയങ്ങളുണ്ട്. ഇത്തരത്തില്‍ ഒരാള്‍ ചോദിച്ച സംശയവും അതിന് ഡോക്ടര്‍ നല്‍കിയ മറുപടിയും വായിക്കാം.

എനിക്ക് 42 വയസ്സുണ്ട്. രണ്ട് വര്‍ഷമായി പ്രമേഹം കണ്ടെത്തിയിട്ട്. ആഹാരത്തിന് മുന്‍പ് ഷുഗര്‍ 190 ആണ്. ഭക്ഷണത്തിന് ശേഷം 230 ആണ്. കൊളസ്‌ട്രോള്‍ 200. ബി.പി. നോര്‍മലാണ്. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. പക്ഷേ, ഷുഗര്‍ നിലയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. എന്റെ പ്രധാന പ്രശ്‌നം അമിത വിശപ്പാണ്. തടിച്ച ശരീര പ്രകൃതമാണ്. വിശപ്പുകാരണം ഭക്ഷണത്തില്‍ കാര്യമായ നിയന്ത്രണം സാധിക്കുന്നില്ല. വിശപ്പ് കൂടുന്നത് പ്രമേഹം കാരണമാണോ? ഈ അവസ്ഥയില്‍ ഷുഗര്‍ നോര്‍മലാകാന്‍ എന്താണ് ചെയ്യേണ്ടത്?

വിശപ്പ് എന്നത് ഒരു ഓര്‍മപ്പെടുത്തലാണ്. വയര്‍ ശൂന്യമാകുമ്പോഴോ, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുമ്പോഴോ ആണ് വിശപ്പ് അനുഭവപ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ഇന്ധനം ആഹാരത്തിലൂടെ നല്‍കാനുള്ള ഒരു ഓര്‍മപ്പെടുത്തല്‍. പ്രമേഹ ബാധിതരില്‍ പൊതുവേ ഏറ്റവും അധികമായി കാണപ്പെടുന്ന രോഗലക്ഷണമാണ് അമിതവിശപ്പ്. അമിതദാഹം, അമിത മൂത്രശങ്ക ഇവയാണ് മറ്റ് പ്രധാന രോഗലക്ഷണങ്ങള്‍. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ലഭ്യതക്കുറവ് കാരണം, കഴിക്കുന്ന ആഹാരം ശരീരത്തിന്(കോശങ്ങള്‍ക്ക്) കിട്ടാതെ പോകുന്നു. ഇത് ശരീരം ശോഷിക്കുന്നതിന് കാരണമാകുന്നു. കഴിക്കുന്ന ഭക്ഷണം രക്തത്തിലൂടെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുകയും മൂത്രത്തിലൂടെ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്യുന്നു.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയാലും കുറഞ്ഞാലും അധിക വിശപ്പ് അനുഭവപ്പെടും. അതായത്, പ്രമേഹ ബാധിതര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കൂടിയാലും കുറഞ്ഞാലും അമിതവിശപ്പ് അനുഭവപ്പെടാം. ഇത് കൂടാതെ മറ്റ് ചില അനുബന്ധരോഗങ്ങളും അമിതവിശപ്പിന് കാരണമായേക്കാം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഗ്രേയ്‌വ്‌സ് രോഗം, വിഷാദം, മാനസിക സമ്മര്‍ദങ്ങള്‍ മുതലായവയും വിശപ്പുകൂട്ടുന്ന അവസ്ഥകളാണ്. ഇത് കൂടാതെ ഗര്‍ഭകാലത്തും ആര്‍ത്തവത്തിന് മുന്‍പും അമിത വിശപ്പ് അനുഭവപ്പെടാം.

വിശപ്പില്ലാത്തപ്പോഴും ചിലപ്പോള്‍ ആഹാരത്തോട് ആസക്തി തോന്നാറുണ്ട്. കുട്ടിക്കാലത്ത് നമ്മള്‍ ആസ്വദിച്ച് കഴിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പിന്നീട് കാണുമ്പോള്‍ മസ്തിഷ്‌കം അത് തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് മറ്റൊരു ഘടകം. അതിനെ അടിസ്ഥാനമാക്കി മസ്തിഷ്‌കം നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്നു. അതായത്, തുടക്കത്തിലെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളും അളവും നിയന്ത്രിച്ചാല്‍ ക്രമേണ ശരീരവും മസ്തിഷ്‌കവും അതുമായി പൊരുത്തപ്പെടും.

മരുന്നുകള്‍ കഴിച്ചിട്ടും പ്രമേഹം നിയന്ത്രണവിധേയമാകുന്നില്ല എന്ന പരാതി പലപ്പോഴും കേള്‍ക്കാറുണ്ട്. പ്രമേഹം മരുന്നുകള്‍ കൊണ്ട് മാത്രം നിയന്ത്രിക്കേണ്ട ഒരു രോഗമല്ല. മറിച്ച് ആഹാരക്രമീകരണവും നിത്യവ്യായാമവും മരുന്നിനൊപ്പം വേണം. രോഗചികിത്സ വടംവലിയെപ്പോലെയാകരുത്. ഡോക്ടറും രോഗിയും ഒരുമിച്ച് പരിശ്രമിക്കണം. മരുന്ന് കഴിച്ചിട്ടും ഷുഗര്‍നില നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്.

  • മരുന്നുകളോടൊപ്പം കഴിക്കുന്ന ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കണം. അതായത് അന്നജം അടങ്ങിയ ആഹാരങ്ങള്‍(അരി, ഗോതമ്പ്, ചോളം, കിഴങ്ങുവര്‍ഗങ്ങള്‍, മധുരപലഹാരങ്ങള്‍ മുതലായവ) നന്നായി കുറയ്ക്കണം. പകരം പച്ചക്കറികളും പയറുവര്‍ഗങ്ങളും അധികമായി ഉള്‍പ്പെടുത്താം.
  • നിത്യവും വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക.

റിയാക്ടീവ് ഹൈപ്പര്‍ഗ്ലൈസീമിയ

വളരെയധികം രോഗികള്‍ ഈ അവസ്ഥയില്‍ കാണപ്പെടാറുണ്ട്. കഴിക്കുന്ന മരുന്നുകളുടെ അളവ് ആവശ്യത്തിലധികമായാല്‍ ചിലപ്പോള്‍ രക്തത്തിലെ ഷുഗര്‍നില ഉയരും. മരുന്നിന്റെ അളവ് കൂടുന്നത് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുകയും, അതിനാല്‍ ശരീരം നിലനില്‍പ്പിനായി അധികം പഞ്ചസാര ഉത്പാദിപ്പിക്കുന്നതുമാണ് ഇതിന് കാരണം. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന ഇക്കൂട്ടര്‍ക്ക് മരുന്നുകളുടെ അളവ് കുറച്ചാല്‍ ഷുഗര്‍നില സാധാരണ ഗതിയിലാകും. ഇതാണ് റിയാക്ടീവ് ഹൈപ്പര്‍ഗ്ലൈസീമിയ എന്നറിയപ്പെടുന്നത്.

പ്രമേഹരോഗ ചികിത്സയില്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളാണ് അമിത വിശപ്പും അമിതഭാരവും. ഒപ്പം നിയന്ത്രണവിധേയമാകാത്ത ഷുഗര്‍നിലയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനം ചെയ്യുന്ന മരുന്നുകളാണ് ജി.എല്‍.പി-1 റിസെപ്റ്റര്‍ ആഗോണിസ്റ്റുകള്‍. ഇവ വിശപ്പു കുറയ്ക്കും. ഒപ്പം ശരീരഭാരവും ഷുഗര്‍നിലയും കുറയ്ക്കാനും സഹായിക്കും. ഈ ഗണത്തില്‍പ്പെട്ട മരുന്നുകളും ഇന്‍സുലിന്‍പോലെ കുത്തിവെപ്പുകളാണ്. ചിലത് ദിവസവും മറ്റുചിലത് ആഴ്ചയില്‍ ഒരുവട്ടവുമാണ് നല്‍കുന്നത്. ഇപ്പോള്‍ ഇത് ഗുളികരൂപത്തിലും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയ മറ്റൊരു മരുന്നാണ് എസ്.ജി.എല്‍.ടി.-2 ഇന്‍ഹിബിറ്റര്‍. ഇവ ശരീരത്തിലെ അധിക ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളി ഷുഗറും ശരീരഭാരവും കുറയ്ക്കാന്‍ സഹായിക്കുന്നു.

(കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം സീനിയര്‍കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: Is diabetes increases Appetite, Diabetes and hunger, Diabetes and diet, Food, Polyphagia

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌