നാല്‍പത് പിന്നിട്ട സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് പല മാറ്റങ്ങളും ഉണ്ടാകാം. മൂഡ് മാറ്റങ്ങള്‍, ശരീരത്തിന് അമിത ഭാരമുണ്ടാകല്‍ തുടങ്ങിയ പലതും ഉണ്ടാകാം. ഈ പ്രായം പിന്നിടുമ്പോള്‍ സ്ത്രീകളുടെ മെറ്റബോളിസം നിരക്ക് (ശരീരം ഭക്ഷണത്തെ ദഹിപ്പിച്ച് ഊര്‍ജമാക്കുന്ന സംവിധാനം) കുറയും. ഇതോടെ ശരീരത്തിന്റെ മസില്‍ മാസ് പതുക്കെ കുറയാന്‍ തുടങ്ങും. ആര്‍ത്തവ വിരാമം കൂടിയെത്തുന്നതോടെ സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങുകയായി. 

ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണവും കൃത്യമായ വ്യായാമവും വഴി ഇത്തരം പ്രശ്‌നങ്ങള്‍ അകറ്റി ആരോഗ്യം മെച്ചപ്പെടുത്താനാകും. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മുന്തിരി, ലെമന്‍ എന്നിവയൊക്കെയാണ് സിട്രസ് പഴങ്ങളുടെ ഗണത്തില്‍ പെടുന്നത്. ഇവയില്‍ ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍, വിറ്റാമിന്‍ സി, മസ്തിഷ്‌ക ആരോഗ്യത്തെ വര്‍ധിപ്പിക്കുന്ന മറ്റ് പോഷകങ്ങള്‍, ഭാരം കൂടാതെ നോക്കുന്ന പോഷകങ്ങള്‍, ചര്‍മത്തെയും ഹൃദയത്തെയും സംരക്ഷിക്കുന്ന പോഷകങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. 

മുട്ട

വിറ്റാമിന്‍ ഡി, അയേണ്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ട. ഇവ രണ്ടും പൊതുവേ സ്ത്രീകളില്‍ കുറവായാണ് കാണാറുള്ളത്. പ്രോട്ടീന്റെ വലിയൊരു സ്രോതസ്സും കൂടിയാണ് മുട്ട. ഇത് ആര്‍ത്തവ വിരാമസമയത്തെ സ്ത്രീകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ നില കുറയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനുമൊക്കെ ഇത് ആവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റും ഷുഗറും ഇല്ലാത്തതും മിതമായ രീതിയില്‍ കൊഴുപ്പും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയതുമായ മുട്ട സ്ത്രീകളുടെ ആരോഗ്യത്തിന് വളരെ ആവശ്യമാണ്. 

മത്സ്യം

ആരോഗ്യകരമായ കൊഴുപ്പ് മത്സ്യത്തില്‍ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് വളരെ നല്ലതാണ്. ഇത് മസ്തിഷ്‌കം, ഹൃദയം തുടങ്ങിയവയുടെ ആരോഗ്യത്തിന് ഗുണകരമാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ആമാശയം ദീര്‍ഘനേരത്തേക്ക് നിറഞ്ഞ പ്രതീതി നല്‍കും. മത്തി പോലുള്ള മത്സ്യങ്ങളില്‍ കാണുന്ന ഒമേഗ 3 ഫാറ്റി ആസിഡിന് ആര്‍ത്തവ വിരാമത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന ലക്ഷണങ്ങളായ ശരീരം ചുട്ടുപൊള്ളുന്നതു പോലുള്ള അവസ്ഥ, രാത്രിയില്‍ വിയര്‍ക്കല്‍ തുടങ്ങിയ ലക്ഷണങ്ങളെ കുറയ്ക്കാനുള്ള കഴിവുണ്ട്.  

നട്‌സ്

അമിതഭാരം കുറയ്ക്കാന്‍ നട്‌സ് സഹായിക്കുന്നു. ഇവയില്‍ വലിയ തോതില്‍ നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. 

ഒഴിവാക്കേണ്ടത്: സ്‌പൈസിയായതും എരിവ് കൂടിയതും ഫ്രൈ ചെയ്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.  

Content Highlights: Immunity boosting foods women over 40, Menopause, Health, Women's Health