ക്ഷണം കഴിക്കുമ്പോള്‍ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലുമായി മൂന്ന് വിധത്തില്‍ വെള്ളം കുടിക്കാം. മൂന്ന് രീതികള്‍ക്കും വ്യത്യസ്ത ഫലങ്ങളാണ്. 

ഭക്ഷണം കഴിച്ചുതുടങ്ങുമ്പോള്‍ വെള്ളം കുടിച്ചാല്‍ ആഹാരത്തെ ദഹിപ്പിക്കാനുളള അഗ്‌നി മന്ദിക്കാന്‍ ഇടയുണ്ട്. തന്‍മൂലം ഭക്ഷണത്തിനോടുള്ള ആഗ്രഹം കുറയും. അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതാണ് നല്ലത്. 

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലുള്ള ജലപാനം ശരീരത്തിന് വലിയ വണ്ണമോ ചടവോ ഇല്ലാതെ സമാവസ്ഥയില്‍ നിലനിര്‍ത്തും. 

ഭക്ഷണം കഴിച്ചതിനുശേഷം വെള്ളം കുടിക്കുന്നത് ശരീരത്തെ തടിപ്പിക്കും. 

തണുത്ത വെള്ളവും ചൂടുവെള്ളവും

തണുത്ത വെള്ളം കുടിക്കുന്നത് ശരീരക്ഷീണം, മോഹാലസ്യം, ഇന്ദ്രിയങ്ങളുടെ തളര്‍ച്ച എന്നിവ മാറാന്‍ സഹായിക്കും. തലചുറ്റല്‍, ചുട്ടുനീറ്റല്‍ ഇതിനെല്ലാം തണുത്ത വെള്ളം കുടിക്കുന്നതാണ് നല്ലത്. 

ദഹനക്ഷയം, ഗുല്മം, മഹോദരം, ഗ്രഹണീരോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ അനുയോജ്യമായ ഔഷധങ്ങള്‍ ചേര്‍ത്ത് പാകപ്പെടുത്തിയ വെള്ളം വൈദ്യനിര്‍ദേശാനുസരണം മാത്രം കുടിക്കുക.

വാതരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി, മൂക്ക് വാലിച്ച അഥവ പീനസം, കഴുത്തുവേദന, വയറുവീര്‍പ്പ്, ദഹനക്കുറവ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ കുടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ തണുപ്പിച്ച വെള്ളം ഉപയോഗിക്കരുത്. പഞ്ചകര്‍മ ചികിത്സകള്‍, സ്നേഹപാനം എന്നിവ ചെയ്തുകഴിഞ്ഞശേഷവും തണുത്ത വെള്ളം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. 

ചൂടുവെള്ളം ദഹനശക്തിയെ വര്‍ധിപ്പിക്കുന്നതും മൂത്രാശയ ദോഷങ്ങളെ പരിഹരിക്കുന്നതും കണ്ഠമാര്‍ഗം ശുദ്ധിയാക്കുന്നതും ഭക്ഷണം വേഗത്തില്‍ പാകം വരുത്തുന്നതുമാണ്. വാതരോഗങ്ങളുള്ളവരും കഫരോഗങ്ങളുള്ളവരും പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്തുകൊണ്ടിരിക്കുന്നവരും എല്ലാ ആവശ്യങ്ങള്‍ക്കും ചൂടുവെള്ളം തന്നെയാണ് ഉപയോഗിക്കേണ്ടത്. മേല്‍വയര്‍ വീര്‍പ്പ്, അരക്കെട്ട്, വയര്‍ മുതലായ ഭാഗങ്ങളിലുണ്ടാകുന്ന വേദനകള്‍, എക്കിട്ടം, ചുമ ഇവയിലെല്ലാം ചൂടുവെള്ളം കുടിക്കുന്നത് രോഗശമനത്തിന് ഗുണകരമാണ്. 

അജീര്‍ണമുള്ളവര്‍ ദാഹമില്ലെങ്കില്‍ കൂടി ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. അത് ദഹിക്കാതെ കിടക്കുന്ന അന്നം ദഹിക്കുന്നതിന് സഹായിക്കും. 

ആരോഗ്യാംബു

വെള്ളം തിളപ്പിച്ച് നാലിലൊന്നാക്കി വറ്റിച്ചതിനെ 'ആരോഗ്യാംബു' എന്ന് പറയുന്നു. ആരോഗ്യാംബു എല്ലായ്‌പ്പോഴും പത്ഥ്യവും ദീപനവും പാചനവും ആകുന്നു. 

ചുമ, വായുമുട്ടല്‍, കഫം, പെട്ടെന്നുണ്ടാകുന്ന ജ്വരം, വയറുവീര്‍പ്പ്, വിളര്‍ത്ത, അര്‍ശസ്സ്, ഗുല്‍മം, ശോഫം, മഹോദരം എന്നീ രോഗങ്ങളുള്ളവര്‍ ആരോഗ്യാംബു കുടിക്കുന്നതാണ് നല്ലത്. രാവിലെ തിളപ്പിച്ച വെള്ളം രാത്രിയില്‍ കുടിക്കുന്നതും രാത്രി തിളപ്പിച്ച വെള്ളം അടുത്ത ദിവസം കുടിക്കുന്നതും നല്ലതല്ല, 

വളരെയധികം വെള്ളം ഒരുമിച്ച് കുടിക്കുകയാണെങ്കില്‍ അത് ആഹാരത്തെ ദഹിപ്പിക്കുകയില്ല. വലിയ അളവിലല്ലാതെ പല പ്രാവശ്യമായി വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 


(തൃശ്ശൂര്‍ ഔഷധി പഞ്ചകര്‍മ്മ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: How to drink water properly, Does drinking water after meals disturb digestion, Health, Healthy Living

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്