2016 ലെ കണക്കനുസരിച്ച് 54.5 മില്ല്യണ്‍ ആളുകള്‍ ഹൃദയസംബന്ധമായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരാണ്. ഇന്ത്യയില്‍ നാലില്‍ ഒരു മരണവും ഹൃദ്രോഗം മൂലമാണ്. ഹൃദ്രോഗത്തിന് ചിലതരം ഭക്ഷണരീതികള്‍ കാരണമാകാം. അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഹൃദ്രോഗത്തിനുള്ള അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാം. 

ഐസ്‌ക്രീം

ആരോഗ്യവാനായ ഒരാളുടെ ശരീരത്തില്‍ ഒരു ദിവസം 300 മില്ലിഗ്രാമില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ പാടില്ലെന്നാണ് കണക്കുകള്‍. ഐസ്‌ക്രീമില്‍ ദിവസവും ആവശ്യമുള്ള കൊളസ്‌ട്രോളിന്റെ മൂന്നിലൊന്ന് അടങ്ങിയിരിക്കുന്നു. ഇതുമാത്രവുമല്ല, പൂരിത കൊഴുപ്പ് ഉയര്‍ന്ന നിലയിലാണ് ഐസ്‌ക്രീമിലുള്ളത്. ഇത് ഹൃദയത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും. 

ബേക്കറി ഉത്പന്നങ്ങള്‍

ബേക്ക് ചെയ്ത ഭക്ഷണങ്ങളില്‍ വലിയ തോതില്‍ മധുരവും പൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രത്യേകിച്ച് പോഷകമൂല്യങ്ങളും ഇല്ല. ഇത് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യും. 

ഫ്രെഞ്ച് ഫ്രൈസ്

ഇതില്‍ ടങ്ങിയിരിക്കുന്നത് കൊഴുപ്പും ഉപ്പുമാണ്. ലഘു അന്നജമാണ് ഉള്ളത് എന്നതിനാല്‍ ഇത് രക്തത്തിലെ ഷുഗര്‍നില ഉയര്‍ത്തും. 

സോഡയും ഡയറ്റ് സോഡയും

സോഡ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇന്‍സുലിന്‍ നില ഉയരാന്‍ സോഡ വഴിയൊരുക്കും. അമിതഭാരം, നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാക്കും.

ഡെലി മീറ്റ്

കനംകുറച്ച് അരിഞ്ഞ് വേവിച്ച ഇറച്ചിയാണിത്. സാന്‍വിച്ച് പോലെയുള്ള ഭക്ഷണങ്ങളിലാണ് ഇത് കൂടുതലായും കാണുന്നത്. വായുകടക്കാത്ത പായ്ക്കറ്റുകളിലാണ് ഇത് സൂക്ഷിക്കുക. ഒരു ദിവസത്തേക്ക് വേണ്ടതിനേക്കാള്‍ വളരെ കൂടുതല്‍ ഉപ്പ് ഉണ്ടാകും. അതിനാല്‍ ഇത് ശരീരത്തിന് നല്ലതല്ല.

മിഠായി

വിവിധ നിറങ്ങളില്‍ നിറയെ മധുരവുമായി വരുന്ന മിഠായികളില്‍ ഷുഗറിന്റെ അളവ് വളരെ കൂടുതലാണ്. ഇത് കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂട്ടും. അങ്ങനെ ഇത് ഹൃദ്രോഗത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കും. 

ഫ്രൈഡ് ചിക്കന്‍

ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഫ്രൈഡ് ചിക്കന്‍ അങ്ങനെയല്ല. തൊലിയോടു കൂടിയ ഫ്രൈഡ് ചിക്കനില്‍ ഗ്രില്‍ഡ് ചിക്കനേക്കാള്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്. 

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡിന് പകരം മുഴുധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ബ്രെഡ് ആണ് ഹൃദയാരോഗ്യത്തിന് നല്ലത്. മുഴുധാന്യങ്ങള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. വൈറ്റ് ബ്രെഡില്‍ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നാരുകള്‍, ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍, നല്ല കൊഴുപ്പുകള്‍ എന്നിവയൊന്നും ഇല്ല. 

Content Highlights: How to avoid heart diseases, Worst foods for your heart, Health, Heart Health, Food