സംശയം ന്യായമാണ്...! പഴങ്ങള്‍ അതേപടി കഴിക്കുന്നതാണോ അതോ പഴങ്ങള്‍ ജ്യൂസ് രൂപത്തില്‍ കഴിക്കുന്നതാണോ നല്ലത്? ഉത്തരത്തിന് അധികം ചിന്തിക്കേണ്ടതില്ല. പഴങ്ങള്‍ ജ്യൂസാക്കി മാറ്റാതെ അതേപടി കഴിക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്. 

പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. ജ്യൂസ് ഉണ്ടാക്കി ഏറെ നേരം കഴിഞ്ഞാണ് കഴിക്കുന്നതെങ്കില്‍ ഏറെ പോഷകനഷ്ടം സംഭവിക്കും. കൂടാതെ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ശരീരത്തിന് ഗുണപരമായിട്ടുള്ള ഫൈബറുകള്‍(നാരുകള്‍) ജ്യൂസിലൂടെ ലഭിക്കില്ല. 

ശരീരത്തിന്റെ പല ജൈവിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായമാവുന്ന ഫൈബറുകള്‍ പ്രധാനമായും പഴത്തിന്റെ തൊലിയില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ജ്യൂസ്, ബെറി പഴങ്ങള്‍ പോലെയുള്ള പഴങ്ങള്‍ ജ്യൂസാക്കി മാറ്റുമ്പോള്‍ പഴത്തോല്‍ നീക്കുന്നതിനാല്‍ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. 

ജ്യൂസ് കഴിക്കുന്നത് അനാരോഗ്യകരമാണോ?

അതിനര്‍ത്ഥം ജ്യൂസ് കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഇല്ലാത്ത ഒന്നാണെന്നല്ല. എന്നാല്‍ പഴങ്ങള്‍ അതേപടി കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കാനും ദഹനത്തെ സുഗമമാക്കാനും സഹായിക്കുമെങ്കില്‍ ഫ്രൂട്ട് ജ്യൂസ് രക്തത്തിലെ ഷുഗര്‍ ലെവര്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. 

അതായത് 120 കലോറി അളവിലുള്ള ഒരു ആപ്പിളില്‍ അടങ്ങിയിരിക്കുന്നത് 24 ഗ്രാം ഷുഗര്‍ ആണെങ്കില്‍ 120 കലോറി ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഷുഗറിന്റെ അളവ് 30 ഗ്രാം ആണ്. അതിനാല്‍ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനേക്കാള്‍ ആരോഗ്യഗുണം അതേപടി കഴിക്കുന്നതിന് തന്നെ..

Content Highlight: How does fruit juice compare to whole fruit