നാൽപതുകളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. ജോലി സംബന്ധമായ തിരക്കുകൾ, ടെൻഷൻ, വ്യായാമക്കുറവ്  ക്രമംതെറ്റിയ ആഹാരരീതികൾ എന്നിവയാണ് ഇവക്ക് പ്രധാനകാരണം.   ഭക്ഷണ ശീലങ്ങളിൽ ചെറിയൊരു മാറ്റം വരുത്തിൽ മതിയാവും ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ പേടിക്കാതെ ജീവിക്കാൻ. 

 ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. 20-25 വയസ്സു കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ട ഊര്‍ജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം കഴിച്ചാൽ  മതി. ഉദാഹരണത്തിന് 20-25 പ്രായത്തില്‍ ഒരാള്‍ 8 ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ ഇപ്പോള്‍ അത് 3-4 മതിയാകും. അധികമായി കഴിക്കുന്നതില്‍നിന്നുള്ള ഊര്‍ജം കൊളസ്‌ട്രോളായും മറ്റും സംഭരിക്കുന്നത്  അപകടാവസ്ഥക്ക് കാരണമാകും. ഇത് പ്രമേഹംപോലുള്ള രോഗങ്ങളിലേക്ക് നയിക്കും.  

ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഉപേക്ഷിക്കാം. അതു സാധിക്കുന്നില്ലെങ്കില്‍ അളവ് കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ്, ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ വളരെ അപകടകാരികളാണ്. അതിനാൽ അവ ഒഴിവാക്കുക തന്നെ വേണം.   മീന്‍കറി, മുട്ടയുടെ വെള്ള എന്നിവ ചെറിയ അളവിൽ കഴിക്കാം. ചെറുമത്സ്യങ്ങളായ അയില, മത്തി, നെത്തോലി  തുടങ്ങിയ കഴിക്കാവുന്നതാണ്.  ഒപ്പം ഭക്ഷണം  സമയം എടുത്ത് ചവച്ച്  കഴിക്കുക.
ഇടവേളകളില്‍ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ പഴച്ചാറുകളോ കുടിക്കാവുന്നതാണ്.

 അളവ് കുറയ്‌ക്കേണ്ട മറ്റ് ആഹാരസാധനങ്ങളാണ് ഉപ്പ്, പഞ്ചസാര, വറുത്തതും പൊരിച്ചതും മുതലായവ. പണ്ട് പൊതുവെ കണ്ടിരുന്നതും അടുത്തകാലത്ത് മലയാളികള്‍ തീരെ ഉപേക്ഷിച്ചതുമായ ഒരു ഭക്ഷണരീതിയാണ് മോര് കുടിക്കുക, മോര് കൂട്ടി ഊണ് കഴിക്കുക എന്നത്. ഇന്ന് ഇതിന്റെ സ്ഥാനത്ത് തൈരിന്റെ ഉപയോഗം കൂടി. തൈര് അപകടകാരിയും മോര് രക്ഷകനും ആണ്. ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷാംശങ്ങള്‍ കുടലില്‍വെച്ചും കരളില്‍വെച്ചും നീക്കംചെയ്യാന്‍ മോരിന് കഴിവുണ്ട്.

ഭക്ഷണത്തില്‍ കൂടുതലും പച്ചക്കറികള്‍ ഉപയോഗപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകംചെയ്യുക എന്നതും പ്രധാനമാണ്. നാം താമസിക്കുന്ന സ്ഥലത്ത് സുലഭമായി ലഭിക്കുന്ന സാധനങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളായി തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചക്ക, പൈനാപ്പിള്‍ എന്നിവ കുടലിലെ കാന്‍സറിനെ തടയുന്നതിനും പുളിച്ചിക്ക (പുളിക്ക) ഹൃദയത്തിലും രക്തക്കുഴലുകളിലും രക്തം കട്ടപിടിക്കുന്നതിനെ തടയുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പച്ചത്തേങ്ങ ബി.പി. കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പേരയ്ക്ക വിരശല്യം തടയുന്നതിനും ഫലവത്താണ്.

കടപ്പാട്:  ഡോ. ജി. ഹരികുമാര്‍