രീക്ഷാക്കാലം എത്തിക്കഴിഞ്ഞു. പരീക്ഷയില്‍ നന്നായി ശോഭിക്കാന്‍ നന്നായി പഠിക്കുന്നതിനൊപ്പം നല്ല ഭക്ഷണവും കഴിക്കേണ്ടതുണ്ട്. നല്ല ഭക്ഷണശീലങ്ങള്‍ കുട്ടികളുടെ ബുദ്ധിക്ക് ഉണര്‍വ് നല്‍കുന്നു. അമിതഭക്ഷണം, തെറ്റായ ഭക്ഷണം, ഫാസ്റ്റ്ഫുഡുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം ആരോഗ്യത്തേയും പഠന നിലവാരത്തേയും ഒരുപോലെ ബാധിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

ആരോഗ്യദായകമായ ഒരു പ്രഭാതഭക്ഷണം തന്നെ തിരഞ്ഞെടുക്കണം. കുട്ടിക്ക് വേണ്ട ഊര്‍ജ്ജത്തിന്റെയും പോഷകങ്ങളുടെയും മൂന്നില്‍ ഒന്ന് പ്രഭാത ഭക്ഷണത്തില്‍ നിന്നായിരിക്കണം. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പ്രഭാതഭക്ഷണത്തില്‍ ഒരു ഗ്ലാസ്സ് പാല്‍, ഒരു മുട്ട എന്നിവകൂടി ഉള്‍പ്പെടുത്തുന്നത് വളരെ നല്ലത്.

ഇടനേരത്ത് ലഘുഭക്ഷണം മതി

പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങള്‍ കുട്ടിക്ക് കൊടുക്കുന്നത് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും ഉണര്‍വും ഏകാഗ്രതയും നല്‍കുന്നതിനും സഹായിക്കും. പഴവര്‍ഗങ്ങള്‍, ജ്യൂസ്, അണ്ടിപ്പരിപ്പ്, സാലഡുകള്‍, സൂപ്പ്, എന്നിവ നല്‍കാം.

ഉച്ചഭക്ഷണം

ഒരു ദിവസം വേണ്ട ഊര്‍ജ്ജത്തിന്റേയും പ്രോട്ടീനിന്റെയും മൂന്നില്‍ ഒന്ന് ഉച്ചഭക്ഷണത്തില്‍ നിന്ന് ലഭിച്ചിരിക്കണം. പ്രോട്ടീന്‍ ഭക്ഷണങ്ങളായ മത്സ്യം, പനീര്‍, തൈര്, പയറുവര്‍ഗങ്ങള്‍, എന്നിവ രക്തത്തിലെ റ്റൈറോസിന്റെ (അമിനോ ആസിഡ്) അളവിനെ വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കൂട്ടുന്നു. ഇലക്കറികളും മറ്റു പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് സൂക്ഷ്മപോഷകങ്ങളുടെ കുറവുനികത്താന്‍ സഹായിക്കും.

ഹോട്ടല്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

പരീക്ഷാക്കാലം താഴ്ന്ന രോഗപ്രതിരോധശേഷിയുടെ കാലയളവാണ്. അതിനാല്‍ കുട്ടികള്‍ക്ക് അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഹോട്ടല്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന (രുചി, മണം, നിറം) ഘടകങ്ങള്‍ കുട്ടിക്ക് പഠിക്കാനുള്ള ഉണര്‍വും ഉന്‍മേഷവും കുറയ്ക്കുന്നു.

ജലാംശം നിലനിര്‍ത്തുക

ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ടാല്‍ മനസ്സും ശരീരവും അസ്വസ്ഥമാകും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ജ്യൂസ്, മോരിന്‍വെള്ളം, മല്ലിവെള്ളം എന്നിവ നല്‍കാം. പരീക്ഷാക്കാലത്ത് കാപ്പി, ചായ, കോള പാനീയങ്ങള്‍ എന്നിവ അമിതമായി കുടിക്കുന്നത് കുട്ടികളുടെ ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും. ദിവസവും രണ്ടു മുതല്‍ രണ്ടര ലിറ്റര്‍ വെള്ളം കുടിക്കണം. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് കുട്ടികള്‍ക്ക് ക്ഷീണം വരാതിരിക്കാന്‍ സഹായിക്കും.

ഓര്‍മ്മ കൂട്ടുന്ന ആഹാരങ്ങള്‍

വിറ്റാമിന്‍ ബി, സി, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. മത്സ്യത്തില്‍ കാണുന്ന ഒമേഗ ത്രി ഫാറ്റിആസിഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തും. മുട്ടയുടെ മഞ്ഞക്കരുവിലുള്ള കോളിന്‍ എന്ന വിറ്റാമിന്‍ തലച്ചോറിനുള്ളില്‍ ആഴത്തിലുള്ള മെമ്മറിസെല്ലുകള്‍ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. സിങ്ക് ധാരാളം അടങ്ങിയ അണ്ടിപരിപ്പുകള്‍ മസ്തിഷ്‌കത്തിലെ സെറിബ്രത്തിന്റെ പ്രവര്‍ത്തനത്തിന് ശക്തി പകരും. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴവര്‍ഗങ്ങള്‍, കാരറ്റ്, മത്തങ്ങ, എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഉയര്‍ത്തി കുട്ടികളെ അണുബാധയില്‍ നിന്നും സംരക്ഷിക്കുന്നു. നല്ല ദഹനം ലഭിക്കുന്നതിന് പ്രോബയോട്ടിക്കായ തൈര്, മോര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വ്യായാമം ശീലമാക്കുക

ഇടവേളകളില്‍ ലഘുവായി വ്യായാമം ചെയ്യുക. ഇത് കുട്ടികളെ കൂടുതല്‍ ഉന്‍മേഷമുള്ളവരാകാന്‍ സഹായിക്കും. രാവിലെ ഒന്‍പത് മണിക്ക് ശേഷവും വൈകീട്ട് അഞ്ചു മണിക്ക് മുന്‍പും വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കണം.

ഉറക്കം അനിവാര്യം

ഉറക്കം മസ്തിഷ്‌ക്ക കോശങ്ങള്‍ക്ക് വിശ്രമം നല്‍കുകയും അതുവഴി ശക്തിയും ഉണര്‍വും നല്‍കുന്നു. കുട്ടികള്‍ക്ക് ശരാശരി ആറു മുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണെന്ന് മറക്കരുത്.

വിവരങ്ങള്‍ക്ക് കടപ്പാട്: 
പ്രീതി ആര്‍. നായര്‍
ചീഫ് ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റ്
എസ്.യു.ടി. ഹോസ്പിറ്റല്‍, പട്ടം

Content Highlights: Healthy Diet during exams, Health, Food, Kids Health