അടുക്കളയിലെ പ്രധാനിയായ വെളുത്തുള്ളിക്ക് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ നിരവധി ഗുണങ്ങളുണ്ടെന്ന് എത്രപേര്‍ക്കറിയാം. കാഴ്ചയില്‍ കുഞ്ഞനെങ്കിലും ക്യാന്‍സറ്‍ പ്രതിരോധമടക്കം വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നിരവധിയാണ്. 

ഔഷധഗുണമുള്ള ഘടകങ്ങളുടേയും ആന്റി ഓക്‌സിഡന്റുകളുടേയും കലവറയാണ് വെളുത്തുള്ളി. വൈറ്റമിന്‍ ബി, സി, കാത്സ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം. സെലേനിയം തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഘടകങ്ങളെല്ലാം വെളുത്തുള്ളിയിലുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ക്കൊപ്പം സള്‍ഫേറ്റുകളും വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു. 

വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത തടയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ക്യാന്‍സര്‍ പ്രതിരോധം തൂര്‍ക്കുന്നതിനു പുറമേ കൊളസ്‌ട്രോള്‍ കുറക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധ്യമാവും. രക്തധമനികള്‍ കട്ടി കൂടുന്നത് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് സാധിക്കും. ഹൃദയാരോഗ്യത്തിന് ഹാനികരമായ എല്‍ഡില്‍ കൊളസ്‌ട്രോളിനേയും ട്രൈ ഗ്ലിസറിനേയും വെളുത്തുള്ളിക്ക് കുറയ്ക്കാന്‍ സാധിക്കും. 

വെളുത്തുള്ളിയുടെ ആഹാരവും ഔഷധവുമായിട്ടുള്ള ഉപയോഗങ്ങള്‍

  • ആയുര്‍വേദത്തിലെന്ന പോലെ തന്നെ ഗൃഹവൈദ്യത്തിലും വെളുത്തുള്ളി ധാരളമായി ഉപയോഗിക്കുന്നുണ്ട്. വയറുവേദന,വായുക്ഷോഭം, വയര്‍വീര്‍പ്പ്, എന്നീ അസ്വസ്ഥകള്‍ക്ക് വെളുത്തുള്ളിയും കായവും ചതകുപ്പയും വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ഫലപ്രദമാണ്. ആവശ്യമെങ്കില്‍ ഇതില്‍ അല്‍പ്പം ഇന്തുപ്പ് ചേര്‍ക്കാം. 
  • ദഹനക്കുറവ് ഉള്ളപ്പോഴും വെളുത്തുള്ളി ചതച്ചിട്ട് വെള്ളം കുടിക്കുന്നത് ഉത്തമമാണ്. 
  • ആര്‍ത്തവം വൈകുമ്പോള്‍ വെളുത്തുള്ളിയും കറുത്ത എള്ളും മുതിരയും വേവിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്. 
  • രക്തസമ്മര്‍ദ്ദം ആരംഭത്തില്‍ വെളുത്തുള്ളി-പാല്‍ കഷായം നല്ലതാണ്. പത്ത് അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് അര ഗ്ലാസ് പാലും അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് അര ഗ്ലാസ്സായി വറ്റിച്ച് അരിച്ചെടുത്ത് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കും. ആ കഷായം തുടര്‍ച്ചയായി ഏതാനും മാസങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം പ്രാരംഭ ഘട്ടത്തില്‍ തന്നെ ശമിപ്പിക്കുന്നതിന് സഹായിക്കും. എന്നാല്‍ വര്‍ഷങ്ങളായി രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവര്‍ അത് നിര്‍ത്തി വെളുത്തുള്ളിയിലേക്ക് തിരിയുന്നത് അപകടം വിളിച്ചു വരുത്തും. 
  • കൃമിശല്യത്തിനും വെളുത്തുള്ളി നല്ലതാണ്. വിഴാലരിയും ജീരകവും വെളുത്തുള്ളിയും വേവിച്ച വെള്ളത്തില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നത് കുട്ടികളിലെ കൃമിശല്യം ഇല്ലാതാവാന്‍ സഹായിക്കും. 

വെളുത്തുള്ളിയുടെ ഉപയോഗം എല്ലവരിലും ഉദ്ദേശിച്ച ഫലം തരണമെന്നില്ല. ആയൂര്‍വ്വേദ വിധി പ്രകാരം വാത-കഫ രോഗങ്ങള്‍ക്കാണ് വെളുത്തുള്ളി നിര്‍ദ്ദേശിക്കുന്നത്. പിത്തസംബന്ധിമായ രോഗങ്ങള്‍ ഉള്ളവര്‍ വെളുത്തുള്ളി ഉപയോഗിക്കുന്നത് നെഞ്ചരിച്ചലും പുളിച്ചു തികട്ടലും ഉണ്ടാക്കാന്‍ വഴിയൊരുക്കും. 

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • വെളുത്തുള്ളി നിരന്തരം ഉപയോഗിക്കുന്നത് വിയര്‍പ്പിലും ശ്വാസത്തിലും ദുര്‍ഗന്ധമുണ്ടാക്കും. ചിലരില്‍ നെഞ്ചരിച്ചല്‍ ഉണ്ടാവും
  • ഹൃദയാഘാതം സംഭവിച്ച രോഗികളും ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ മരുന്ന കഴിക്കുന്നവരും വെളുത്തുള്ളിയുടെ ഉപയോഗം കുറയ്ക്കണം. ഇത് രക്തസ്രാവ സാധ്യത വര്‍ധിപ്പിക്കും.