മാമ്പഴക്കാലമാണ്, മാങ്ങയ്ക്ക് പഞ്ഞമില്ലാത്ത കാലം. പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് അറിയാമോ? 

കാന്‍സര്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നു

നിത്യവും മാമ്പഴം കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്ക് സ്തനാര്‍ബുദം, ലൂക്കിമിയ, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്വര്‍സെറ്റിന്‍, ഐസോക്വര്‍സെറ്റിന്‍, അസ്ട്രഗാലിന്‍, ഫിസെറ്റിന്‍, ഗാലിക് ആസിഡ്, മെതിഗാലട്ട് എന്നീ ആന്റി ഓക്‌സിഡന്റുകള്‍ക്കൊപ്പം ധാരാളം എന്‍സൈമുകളും അടങ്ങിയിട്ടുള്ള പഴമാണ് മാമ്പഴം.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

മാമ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍, പെക്ടിന്‍, വിറ്റമിന്‍ സി എന്നിവര്‍ക്ക് കൊളസ്‌ട്രോള്‍ അളവിനെ കുറയ്ക്കാന്‍ സാധിക്കും. 

ചര്‍മ്മസംരക്ഷണത്തിന് നിത്യവും മാമ്പഴം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മാമ്പഴം ഉള്ളില്‍ നിന്നും പുറമേ നിന്നും പോഷകം നല്‍കുന്നുണ്ട്. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം. 

കണ്ണിന്റെ ആരോഗ്യത്തിന് മാമ്പഴം

ഒരു ബൗള്‍ മാമ്പഴത്തിന്  ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ പ്രദാനം ചെയ്യാനാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം വിറ്റമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വരണ്ട കണ്ണിനും നിശാന്ധതയ്ക്കും പരിഹാരം നല്‍കാനും മാമ്പഴത്തിന് സാധിക്കും. 

ദഹനത്തെ സഹായിക്കുന്നു

ഭക്ഷണത്തിനൊപ്പം ശരീരത്തിലെത്തിയ പ്രോട്ടീനുമായി പ്രവര്‍ത്തിച്ച് ദഹനം സുഗമമാക്കാന്‍ മാമ്പഴത്തിന് സാധിക്കും. ഭക്ഷണത്തിനു ശേഷം ഒരു മാമ്പഴം കഴിച്ചാല്‍ അത് ദഹനത്തെ സഹായിക്കും. മാമ്പഴത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ക്കും ദഹനപ്രക്രിയയെ സുഖപ്പെടുത്താന്‍ സാധിക്കും. 

പ്രമേഹം നിയന്ത്രിക്കും മാമ്പഴം

രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ മാവിന്റെ ഇലകള്‍ക്ക് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം നിയന്ത്രിക്കാന്‍ മാവിന്റെ ഇല തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്ന പ്രകൃതിവൈദ്യവും നിലവിലുണ്ട്. മാമ്പഴവും സമാനമായ എന്നാല്‍ മാവിന്റെ ഇലയേക്കാള്‍ കുറഞ്ഞ ഫലമാണ് പ്രമേഹ നിയന്ത്രണത്തിലും ചെയ്യുന്നത്. 

വിളര്‍ച്ച തടയുന്നു 

ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ച തടയാന്‍ മാമ്പഴം ഫലപ്രദമാണ്. ദിവസവും ഒന്നോ രണ്ടോ മാമ്പഴം വീതം കഴിക്കുന്നത് നല്ലതാണ്.

സന്ധികളുടെ ശക്തിക്ക് മാമ്പഴം ശീലമാക്കാം

മാമ്പഴം ധാരാളം കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുകയും സന്ധികളെ വഴക്കമുള്ളതും ശക്തവും ആക്കിത്തീര്‍ക്കുകയും ചെയ്യുന്നു. 

Content Highlight: Health Benefits of Mango, Benefits of Mango