''മുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം ,അതിരാവിലെ വയലുകളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തുവോ എന്നും മാതളനാരകം പൂത്തുവോ എന്നും നോക്കാം.''പത്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ നായകനായ സോളമന്‍ വേദപുസ്തകത്തിലെ സോളമന്റെ സങ്കീര്‍ത്തനങ്ങള്‍ കടമെടുത്ത് പ്രണയം പ്രകടിപ്പിക്കുമ്പോള്‍ സിനിമ കണ്ട നമ്മുടെ മനസ്സിലെ മുന്തിരിത്തോപ്പുകളില്‍  പ്രണയത്തിനു പകരം പച്ചയും വയലറ്റും മുന്തിരിക്കുലകളാണ് മധുരം നിറച്ചത്.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല.ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകം തന്നെയാണ്.ഇവയില്‍ ചുവപ്പ്,പച്ച,പര്‍പ്പിള്‍ എന്നീ വ്യത്യസ്ത നിറങ്ങളില്‍ കിട്ടുന്ന മുന്തിരി എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ്.

മുന്തിരി കായ്ക്കുന്നത് 15 മുതല്‍ 200 വരെ ചെറുപഴങ്ങള്‍ ഒരു കുലയായാണ്.അതേപടി കഴിക്കുന്നതിനൊപ്പം മുന്തിരിയെ ജാമായും ജ്യൂസായും മാറ്റി ഉപയോഗിക്കാറുണ്ട്.പക്ഷെ മുന്തിരി ഏറ്റവുമധികം ഉപയോഗിക്കുന്നത് ലഹരി പകരുന്ന വൈനുണ്ടാക്കാനാണ്.

മുന്തിരി വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്നതും വൈന്‍ നിര്‍മാണത്തിനു വേണ്ടിയാണ്. വൈന്‍ അഥവാ വീഞ്ഞിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നത് രസകരം തന്നെ. ഉണക്കമുന്തിരിയും വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നു.

മുന്തിരിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ 

wine

 1)കാന്‍സര്‍ പ്രതിരോധത്തിന്

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റിഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും.അന്നനാളം,ശ്വാസകോശം,പാന്‍ക്രിയാസ്,വായ,പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.

2) ഹൃദയാരോഗ്യത്തിന്

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഈ ഘടകത്തിന് കാന്‍സറിനേയും പ്രതിരോധിക്കാന്‍ സാധിക്കും.മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയും.

3) രക്തസമ്മര്‍ദനിയന്ത്രണത്തിന്

മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും.ഇത് സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ സഹായിക്കും.വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.

4) മലബന്ധം കുറയ്ക്കാന്‍

ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി,തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.ഇത് മലബന്ധം കുറയ്ക്കും.മുന്തിരി നാരുകളാല്‍ സമ്പുഷ്ടമാണ്.ഇതും മലബന്ധനിയന്ത്രണത്തിന് സഹായകമാണ്.

5) അലര്‍ജി കുറയ്ക്കാം

മുന്തിരിയിലെ ക്യുവര്‍സെറ്റിന് അലര്‍ജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പിനേയും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്.

6) പ്രമേഹനിയന്ത്രണത്തിന്

മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

7) ഡയബറ്റിക് ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാം

മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്‌വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അല്‍ഷൈമേഴ്‌സ് രോഗചികിത്സയിലും ആര്‍ത്തവവിരാമം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഇത് ഉപയോഗപ്രദമാണ്.

8)മുഖസൗന്ദര്യത്തിന്

മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും.ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്.

സമീപകാല പഠനങ്ങള്‍ ഓസ്റ്റീരിയോ ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും മുന്തിരിക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.മുന്തിരി ദിവസേന കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി അധികരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇക്കാരണങ്ങള്‍ കൊണ്ട് മുന്തിരിയെ ദിവസേന ഭക്ഷണത്തിലുള്‍പ്പെടുത്തുന്ന കാര്യം നമുക്ക് തീരുമാനിച്ചു കൂടേ.മുന്തിരി ലഭ്യമാകാത്ത സമയത്ത് പകരം ഉണക്കമുന്തിരി ശീലമാക്കാം .