ഹാരത്തെ ഔഷധമായും ഔഷധത്തെ ആഹാരമായും ഉപയോഗപ്പെടുത്തിപ്പോന്ന സജീവമായ ഒരു ആരോഗ്യസംസ്‌ക്കാരം നമുക്കുണ്ടായിരുന്നു. ഈ കാര്യത്തില്‍ ആയുര്‍വേദത്തിന്റെ സ്ഥാനം മുന്‍പന്തിയിലാണ്. ചെറുപയറിനെക്കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലെ വിവരണം മേല്‍ സൂചിപ്പിച്ച സാംസ്‌ക്കാരിക ശോഭയുള്ളതാണ്. പയറുവര്‍ഗങ്ങളില്‍ ഒന്നാംകിടക്കാരനായാണ് ചെറുപയറിനെ പരിഗണിച്ചിട്ടുള്ളത്. മുദ്ഗം എന്നാണ് ചെറുപയറിന് സംസ്‌കൃത ഭാഷയിലുള്ള പേര്. മുദ്ഗം എന്ന വാക്കിന് മോദത്തെ- സന്തോഷത്തെ- ഉണ്ടാക്കുന്നത് എന്നാണ് അര്‍ഥം. 

കാല-ദേശഭേദമന്യെ നിത്യവും ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് ചെറുപയര്‍. ഈ വിഭാഗത്തിലാണ് നെല്ലിക്ക, മുന്തിരിങ്ങ, പടവലങ്ങ മുതലായവ ഉള്‍പ്പെടുന്നത്. 

ചെറുപയര്‍ മെലിഞ്ഞവര്‍ക്കും തടിച്ചവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. പോഷകന്യൂനതകള്‍ വരാതെയും അതേസമയം കൊഴുപ്പ് വര്‍ധിപ്പിക്കാതെയും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അമിതമായ ഭാരം കൊടുക്കാതെയും പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷ്യവസ്തു എന്ന നിലയ്ക്കാണ് ചെറുപയറിന്റെ ഈ പ്രത്യേക സ്ഥാനം. 

കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ചെറുപയറിന്റെ ഉപയോഗം ശുപാര്‍ശ ചെയ്യാറുണ്ട്. രക്തസ്രാവത്തോടുകൂടിയ പനിയില്‍(Hemorrhagic fever)  ചെറുപയര്‍ ആഹാരമായി ഉപയോഗിക്കാം. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന്  ചെറുപയര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. അമിതവണ്ണം, പ്രമേഹം എന്നിവയുള്ളവര്‍ക്ക് പത്ഥ്യ ഭക്ഷണമാണ് ചെറുപയര്‍. 

തൈരിനോടൊപ്പം ചെറുപയര്‍ സൂപ്പ് കഴിക്കണമെന്ന് പറയാറുണ്ട്. രോഗകാരി ആയേക്കാവുന്ന കഫത്തിന്റെ വര്‍ധനവിനെ ചെറുപയര്‍ സൂപ്പ് തടയുന്നു എന്നതാണ് ഇതിന്റെ യുക്തി. 

വ്രണങ്ങളെ ഉണക്കാനുള്ള കഴിവുണ്ട് ചെറുപയറിന്. ശരീരത്തില്‍ നിന്ന് മെഴുക്കിളക്കി കളയാന്‍(സോപ്പിന് പകരം) ചെറുപയര്‍പൊടി വെള്ളത്തില്‍ കുഴച്ച് ഉപയോഗിക്കാറുണ്ട്. ചെറുപയര്‍പൊടി, വേപ്പില, നെല്ലിക്കാപ്പൊടി ഇവ ചേര്‍ത്തി ദേഹത്ത് പുരട്ടി തിരുമ്മി കുളിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

(കോട്ടയ്ക്കല്‍ ആര്യവൈദ്യശാല അഡീഷനല്‍ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)

Content Highlights: Health benefits of cherupayar green gram dal

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്