ഴുന്ന് ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങള്‍ എന്ന് പറയുന്നതിനേക്കാള്‍ 'പലഹാരങ്ങള്‍' എന്ന് പറയുന്നതാണ് കൂടുതല്‍ നന്നാവുക. ഉഴുന്നുവട, ഇഡ്ഡലി, ദോശ, പപ്പടം, മുറുക്ക്, തേന്‍കുഴല്‍ മുതലായവ അക്കൂട്ടത്തില്‍ സുപരിചിതങ്ങളാണ്. 'ദാല്‍മഖാനി' എന്ന ഉത്തരേന്ത്യന്‍ വിഭവം തവിട് കളയാത്ത ഉഴുന്നുപയോഗിച്ച് തയ്യാറാക്കുന്നു. 

മാംസ്യം ഏറ്റവും കൂടുതലുള്ള ധാന്യങ്ങളില്‍ ഒന്നാണ് ഉഴുന്ന്. അന്നജം അധികമുള്ള അരിയും മാംസ്യം അധികമുള്ള ഉഴുന്നും ചേരുമ്പോള്‍ സമീകൃതാഹാരമാകുന്നു. വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും സാന്നിധ്യം കൊണ്ട് ഉഴുന്ന് പോഷക പദാര്‍ഥങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു. ഉഴുന്നിന്റെ ഉപയോഗം കൊണ്ട് ശരീരത്തിന് വിറ്റാമിന്‍ ബി, പൊട്ടാസ്യം, കാത്സ്യം എന്നിവ ലഭിക്കുന്നു. ഉഴുന്നില്‍ താരതമ്യേന നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മലബന്ധം ഉള്ളവര്‍ക്ക് അത് കൂടുതല്‍ പഥ്യമാകുന്നു. 

ശരീരകോശങ്ങളുടെ ജീര്‍ണത തടയുവാന്‍ ഉഴുന്നിന്റെ ഉപയോഗം സഹായിക്കും. പേശികള്‍ക്ക് വളര്‍ച്ചയും ബലവും നല്‍കുന്നു. ഗുരുത്വമുള്ള ആഹാരമാണെങ്കിലും അഗ്നിയെ വര്‍ധിപ്പിച്ച് ദഹനത്തെ എളുപ്പമുള്ളതാക്കുന്നു. അമിതമായ വിശപ്പകറ്റുവാന്‍ ഉഴുന്ന് നല്ല ഭക്ഷണമാണ്. ദേഹത്തുണ്ടാകുന്ന കോച്ചല്‍, പിടിത്തം എന്നിവയ്ക്ക് പരിഹാരമാണ് ഉഴുന്നിന്റെ ഉപയോഗം. രേതസ്സിന്റെ അളവും ഗുണവും വര്‍ധിപ്പിക്കുകയും സ്രവണം (Discharge of Semen) ആഹ്ലാദകരമാക്കുകയും ചെയ്യുന്നു. 

ഉഴുന്നിന്റെ ഗുണങ്ങളെ ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ ആയുര്‍വേദ ഔഷധങ്ങള്‍ നിലവിലുണ്ട്. പ്രസാരിണ്യാദി കഷായം, വിദാര്യാദി ലേഹം, മഹാമാഷതൈലം, ബലാഹഠാദി തൈലം എന്നിവ അവയില്‍ ചിലതാണ്. 

പഴകിയ തലവേദനയുടെ പരിഹാരത്തിന് ഉഴുന്നുകൊണ്ട് പാല്‍ക്കഷായം തയ്യാറാക്കി സേവിപ്പിക്കുന്ന ഒരു രീതി വൈദ്യന്‍മാര്‍ പിന്‍തുടര്‍ന്നിരുന്നു. 

തയ്യാറാക്കിയത്
ഡോ. കെ. മുരളീധരന്‍
അഡീഷനല്‍ ചീഫ് ഫിസിഷ്യന്‍
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

 

Content Highlights: Health benefits of Black Gram Urad Dal Uzhunnu, Food, Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്