ദ്യവട്ടങ്ങളില്‍ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നില്‍ക്കുന്നതിനാല്‍ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളന്‍, തോരന്‍, മുളകൂഷ്യം, അവിയല്‍, അച്ചാര്‍, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങള്‍ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലില്‍ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം.

ചില രോഗങ്ങളുടെ കാര്യത്തില്‍ ഔഷധത്തോടൊപ്പം ഭക്ഷണത്തില്‍ ചേന ഉള്‍പ്പെടുത്തുന്നത് അതിവേഗം രോഗശമനം നല്‍കാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അര്‍ശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്.

കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അര്‍ശസ്, ദഹനപ്രശ്‌നങ്ങള്‍, അതിസാരം, സന്ധിവേദന, ആര്‍ത്തവപ്രശ്‌നങ്ങള്‍, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.

പ്രമേഹമുള്ളവര്‍ക്ക് പ്രധാന ഭക്ഷണത്തിന്റെ സ്ഥാനത്ത് അരിയും ഗോതമ്പും ഒഴിവാക്കി ചേനയ്‌ക്കൊപ്പം പയറ് ചേര്‍ത്ത് പുഴുക്ക് മാത്രമായി ആഴ്ചയില്‍ ഒന്ന് രണ്ട് തവണ കഴിക്കാം.

പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകള്‍ക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പര്‍, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, പ്രോട്ടീന്‍, ബീറ്റാസിറ്റോസ്റ്റിറോള്‍, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോള്‍, ലൂപിയോള്‍, ഫ്‌ളേവനോയ്ഡുകള്‍ ഇവയും ചേനയിലെ ഘടകങ്ങളില്‍ ചിലതാണ്.

സൂരണാദി ഘൃതം, സൂരണാദി ലേഹം ഇവ ചേന ഘടകങ്ങളായ ഔഷധങ്ങളില്‍പ്പെടുന്നു.

(സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് മെമ്പറാണ് ലേഖിക)

Content Highlights: Health and nutritional benefits of elephant foot yam-Chena

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്