ഇനി പരീക്ഷാ കാലമാണ്‌. കുട്ടികൾക്കൊപ്പം രക്ഷാകർത്താക്കളുടെയും പ്രഷർ കൂടുന്ന കാലം. കുട്ടികൾക്ക്‌ പഠിച്ചവയൊക്കെ ഓർക്കാനും വിട്ടുപോകാതെ അത്‌ ഉത്തരപേപ്പറിൽ പകർത്താനും സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.

മസ്‌തിഷ്‌കമാണ്‌ ബുദ്ധി, ചിന്ത, ഓർമ എന്നിവയുടെ ഉറവിടം. മസ്‌തിഷ്‌കത്തിന്റെ ഊർജസ്വലമായ പ്രവർത്തനത്തിന്‌ സഹായിക്കുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ച്‌ ഈ പരീക്ഷാസമ്മർദ്ദത്തെ ചിരിച്ചുകൊണ്ട്‌ നേരിടാം.

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആവിയിൽ വേവിച്ചെടുക്കുന്ന ഭക്ഷണങ്ങളും ധാന്യങ്ങളും പിന്നെ പാൽ, മുട്ട, പയറുവർഗങ്ങൾ തുടങ്ങിയവയും ഉൾപ്പെട്ടതാവണം പ്രാതൽ.

ഇടവിട്ട്‌ ഭക്ഷണം

നാലുനേരം വയറ്‌ നിറയ്ക്കാതെ ഇടവിട്ട്‌ പോഷകമൂല്യമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുക വഴി ബുദ്ധിക്കും ശരീരത്തിനും ഉണർവും ഉന്മേഷവും ലഭിക്കും. പഴവർഗങ്ങൾ, ഡ്രൈ ഫ്രൂട്‌സ്‌, നട്‌സ്‌, സൂപ്പുകൾ, സാലഡുകൾ തുടങ്ങിയവ ശീലമാക്കണം.

മാംസ്യം അത്യാവശ്യം

മാംസ്യം അടങ്ങിയ ഭക്ഷണം സാവധാനം ഊർജം പുറത്തുവിടുന്നവയാണ്‌. അതിനാൽ, മുട്ട, പയറുവർഗങ്ങൾ, മത്സ്യം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ജലം മൃതസഞ്ജീവനി

ജലാംശം ശരീരത്തിൽ കുറഞ്ഞാൽ കുട്ടികൾ അസ്വസ്ഥരാകും. ക്ഷീണം അനുഭവപ്പെടും. ഇത്‌ പഠനത്തെ ബാധിക്കും. എന്നാൽ ശരീരത്തിന്‌ അനിവാര്യമായ ജലം ധാരാളം ലഭിച്ചാൽ ബുദ്ധിക്കും ശരീരകോശങ്ങൾക്കും ഉണർവ്‌ ലഭിക്കും. പഴച്ചാറുകൾ, മോരുവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ അത്യുത്തമം.

മസ്‌തിഷ്‌കത്തിന്‌ കരുത്തേകാൻ

ആന്റി ഓക്‌സിഡന്റ്‌ ആയ വൈറ്റമിൻ എ, സി, ഇ എന്നിവ മുട്ട, ക്യാരറ്റ്‌, ബ്രോക്കോളി, മീൻ, നട്‌സ്‌, ഇലക്കറികൾ എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇവ തലച്ചോറിലെ കോശങ്ങളുടെ ക്ഷീണത്തെ കുറയ്ക്കാൻ സഹായിക്കും.
മീൻ, കടുകെണ്ണ, ഉഴുന്ന്‌പരിപ്പ്‌, സോയാബീൻസ്‌, ബജറ, വാൽനട്‌സ്‌ എന്നിവയിൽ ധാരളമായി ഒമേഗാ-3 അടങ്ങിയിട്ടുണ്ട്‌.

ഉറക്കം അത്യാവശ്യം

ഉറക്കം തലച്ചോറിലെ കോശങ്ങൾക്ക്‌ വിശ്രമം നൽകുകയും അതുവഴി ശക്തിയും ഉണർവും നൽകുകയും ചെയ്യുന്നു. അതിനാൽ കുട്ടികൾ ശരാശരി ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങിയിരിക്കണം.

ഇവ വേണ്ട

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ, ചോക്ക്‌ളേറ്റ്‌, കുക്കീസ്‌, കാർബനേറ്റഡ്‌ പാനീയങ്ങൾ, പാക്കറ്റ്‌ പാനീയങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കണം. ഇവയിലെ അമിതമായ മധുരം, സോഡിയം, കൊഴുപ്പ്‌ തുടങ്ങിയവ ശരീര കോശപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കും. മാത്രമല്ല ഇവയിലെ ഘടകങ്ങൾ രക്തത്തിൽ പെട്ടെന്ന്‌ പഞ്ചസാരയുടെ അളവ്‌ വർധിപ്പിക്കുകയും ചെയ്യും.

ചുരുക്കത്തിൽ

സമയബന്ധിതവും കൃത്യവും ക്രമവുമായ ഭക്ഷണരീതി ശീലമാക്കുക വഴി ഏകാഗ്രതയും ബുദ്ധിയും വർധിക്കും.