പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോള്‍ അതിന് മുകളില്‍ പലപ്പോഴും എഴുതി വെച്ചിരിക്കുന്ന ചില വാക്കുകള്‍ ഉണ്ട്. ഫാറ്റ് ഫ്രീ, ഷുഗര്‍ ഫ്രീ, കൊളസ്‌ട്രോള്‍ ഫ്രീ എന്നൊക്കെ. ഇതൊക്കെ ശരിയാണോ എന്നറിയാം.

ഫാറ്റ് ഫ്രീ

കൊഴുപ്പ് എന്നാല്‍ മോശമായ ഒന്നായിട്ടാണ് കാലങ്ങളായി നാം കണക്കാക്കുന്നത്. അതിനാല്‍ തന്നെ കൊഴുപ്പ് കുറഞ്ഞതോ, കൊഴുപ്പ് ഇല്ലാത്തതോ ആയ ഭക്ഷണങ്ങളോടാണ് പലര്‍ക്കും താത്പര്യം. എന്നാല്‍, പഠനങ്ങളില്‍ പറയുന്നത് കൊഴുപ്പ് ശത്രുവല്ല എന്നാണ്. ഫാറ്റ് ഫ്രീ ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെ ആവശ്യകത പരിഹരിക്കാന്‍ ഉപ്പും മധുരവുമൊക്കെ കൂട്ടും. അത് ആരോഗ്യത്തിന് നല്ലതല്ല.

ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ്

ടേബിള്‍ ഷുഗറിന് പകരമുള്ളതാണ് ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ്. സിംപിള്‍ ഷുഗറിനെ ശരീരം ദഹിപ്പിക്കുന്നതു പോലെയല്ല ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പിനെ മനുഷ്യ ശരീരം ദഹിപ്പിക്കുന്നത് എന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഇവ ശരീരത്തിന് പല നെഗറ്റീവ് ഫലങ്ങളും ഉണ്ടാക്കും. ഏതു സ്രോതസ്സില്‍ നിന്നായാലും ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ് ഉള്‍പ്പടെ അമിതമായി ചേര്‍ക്കുന്ന ഏതൊരു മധുരവും നിയന്ത്രിക്കേണ്ടതാണ്. 

കൊളസ്‌ട്രോള്‍ ഫ്രീ

കൊളസ്‌ട്രോള്‍ ഫ്രീ എന്ന ലേബലില്‍ വില്‍ക്കുന്ന ഫുഡ് പായ്ക്കറ്റിനോട് ആളുകള്‍ക്ക് പ്രത്യേക താത്പര്യമുണ്ടായിരിക്കും. ഇതാണ് കൊളസ്‌ട്രോള്‍ ഫ്രീ എന്ന ലേബല്‍ പതിപ്പിക്കുന്നതിന്റെ കച്ചവട തന്ത്രം. മൃഗജന്യ ഭക്ഷ്യവസ്തുക്കളില്‍ മാത്രമാണ് കൊളസ്‌ട്രോള്‍ കാണപ്പെടുന്നത്. അത് നീക്കം ചെയ്യാനും സാധിക്കില്ല. പാല്‍ ഉള്‍പ്പടെയുള്ള എല്ലാ പാലുത്പന്നങ്ങളിലും കൊളസ്‌ട്രോള്‍ ഉണ്ടായിരിക്കും. എന്നാല്‍ പഴങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ കൊളസ്‌ട്രോള്‍ ഇല്ല. 

ഷുഗര്‍ ഫ്രീ

ഷുഗര്‍ ഫ്രീ എന്ന പേരില്‍ വരുന്ന ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്നത് ആല്‍ക്കഹോളോ, സിംപിള്‍ ഷുഗറോ(സോര്‍ബിറ്റോള്‍, സൈലിറ്റോള്‍, മാനിറ്റോള്‍) ആയിരിക്കും. ഷുഗര്‍ ആല്‍ക്കഹോള്‍ കഴിക്കുമ്പോള്‍ മധുരം തോന്നുമെങ്കിലും ശരീരം ആഗിരണം ചെയ്യില്ല. ഇത് വയറിളക്കത്തിന് വഴിയൊരുക്കാം. 

ഇമ്മ്യൂണ്‍ ബൂസ്റ്റിങ്

ഒരു ഭക്ഷണവും നിങ്ങളുടെ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കില്ല. ശരീരത്തെ ബാധിക്കുന്ന അണുബാധകളെയും മറ്റും ശരീരം തന്നെ അതിന്റേതായ രീതിയില്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് എന്തൈങ്കിലും ചേരുവകള്‍ പ്രതിരോധശേഷിയെ സ്വാധീനിക്കാറില്ല. ശരീരം എപ്പോഴും ജലാംശത്തോടെ നിലനിര്‍ത്തുക, ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്. പ്രതിരോധശേഷിയെ വര്‍ധിപ്പിക്കാന്‍ വേറെ പ്രത്യേകിച്ച് കുറുക്കുവഴികളൊന്നും ഇല്ല. 

നാച്ചുറല്‍ ഫുഡ്

പ്രകൃതിദത്ത ഭക്ഷണം കഴിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. കീടനാശിനികള്‍ ഉപയോഗിക്കാത്തതും അഡിറ്റീവുകളും ആന്റിബയോട്ടിക്കുകളും ചേര്‍ക്കാത്തതുമായ ഭക്ഷണത്തെയാണ് പ്രകൃതിദത്ത ഭക്ഷണം എന്ന് പറയുന്നത്. പ്രകൃതിദത്ത ഭക്ഷണം എന്ന് ലേബല്‍ കാണുമ്പോള്‍ അത് ശരിയാണോ എന്ന് കൂടി ഉറപ്പുവരുത്തി വേണം വാങ്ങാന്‍.  

Content Highlights: Fat free, cholesterol free, sugar free foods- Avoid buying foods that have these words on the label

Courtesy: Times of India