ചൂട് കൂടും തോറും വില്‍പ്പനയ്‌ക്കെത്തുന്ന ശീതളപാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കമുള്ള ഡിമാന്റും കുതിച്ചു കയറുകയാണ്.വെയിലത്ത് ക്ഷീണിച്ചെത്തുമ്പോള്‍ ഒന്നും ആലോചിക്കാതെ വാങ്ങിക്കുടിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ എത്രത്തോളം ആരോഗ്യകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? 

വളറെ കുറഞ്ഞ അളവില്‍ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നത് മാറ്റി നിര്‍ത്തിയാല്‍ കൃത്രിമ രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കളും ഉന്മേഷം പ്രദാനം ചെയ്യുന്ന കാഫീനുമാണ് ഇത്തരം എനര്‍ജി ഡ്രിങ്കുകളില്‍ ഉള്ളത്. കുടിക്കുന്ന സമയത്ത് ലഭിക്കുന്ന ഉന്മേഷവും ആശ്വാസവുമൊഴിച്ച് നിര്‍ത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇവയും വഴി തുറക്കുന്നത്. എനര്‍ജി ഡ്രിങ്കുകള്‍ മദ്യവുമായി കലര്‍ത്തി ഉപയോഗിക്കുന്നതും ഗുരുതരമായ പ്രശ്‌നമാണ്. 

എനര്‍ജി ഡ്രിങ്കുകള്‍ ഉണ്ടാക്കിയേക്കാവുന്ന അഞ്ച് പ്രശ്‌നങ്ങള്‍ ഇതാ..

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

എനര്‍ജി ഡ്രിങ്കുകളിലെ കാഫീനിന്റേയും പഞ്ചസാരയുടേയും അളവ് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുവെന്നാണ് പല പഠനങ്ങളും വിശദീകരിക്കുന്നത്. കാഫീന്‍ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാല്‍ ഉയര്‍ന്ന അളവിലാണ് എനര്‍ജി ഡ്രിങ്കുകള്‍ ഉണ്ടാക്കുന്ന രക്തസമ്മര്‍ദ്ദത്തിന്റെ തോത് എന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണല്‍ പുറത്തുവിട്ട ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഹൃദയാരോഗ്യപ്രശ്‌നങ്ങള്‍

രക്തസമ്മര്‍ദ്ദത്തിനൊപ്പം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലാണ് എനര്‍ജി ഡ്രിങ്കുകളിലെ കാഫീനിന്റേയും രാസവസ്തുക്കളുടേയും അളവ്. നിത്യവും കുടിക്കുന്ന കാപ്പിയില്‍ അടങ്ങിയിരിക്കുന്നതിലും എത്രയോ മടങ്ങ് കൂടുതല്‍ അളവില്‍ കാഫീനാണ് എനര്‍ജി ഡ്രിങ്കില്‍ അടങ്ങിയിരിക്കുന്നതെന്നാണ് പഠനങ്ങള്‍. 

ഡയബറ്റിസ്

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്ന തോതിലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്‍സുലിന്‍ പ്രതിരോധത്തേയും ദോഷകരമായി ബാധിക്കും. ഇത് ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. 

അമിതവണ്ണം

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര രക്തത്തിലെ ഷുഗര്‍ ലെവല്‍ വര്‍ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന കലോറി അമിതവണ്ണത്തിന് സാധ്യത ഉയര്‍ത്തുന്നുണ്ട്. അധിക കലോറി സാന്നിധ്യമുള്ള എനര്‍ജി ഡ്രിങ്കുകള്‍ പൊണ്ണത്തടിക്കുളള സാധ്യതയ്‌ക്കൊപ്പം  പല്ലിന്റെ തേയ്മാനത്തിനും സാധ്യത ഉയര്‍ത്തുന്നുണ്ട്. 

വിഷാദം, അമിത ഉത്കണ്ഠ

എനര്‍ജി ഡ്രിങ്കുകള്‍ മാനസികാരോഗ്യത്തെ വളറെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദിവസം 250 മില്ലിയില്‍ അധികം എനര്‍ജി ഡ്രിങ്കുകള്‍ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യത്തില്‍ കാര്യമായ തകരാര്‍ ഉള്ളതായി പഠനങ്ങള്‍ വിശദീകരിക്കുന്നു. ക്രമേണെ ഇത് വിഷാദത്തിലേക്കും അമിത ഉത്കണ്ഠയിലേക്കും നയിക്കുമെന്നാണ് പഠനങ്ങള്‍.