ഇന്ന് എല്ലാ പെണ്‍കുട്ടികളുടെയും പ്രിയപ്പെട്ട വാക്കാണ് ഡയറ്റിംഗ്. മെലിഞ്ഞ ശരീരത്തിനുടമയാകാനുള്ള ശ്രമത്തില്‍ ആരോഗ്യം മറക്കുകയാണ് പലരും. ശരീരഭാരം കുറയ്ക്കാന്‍ അമിതമായി ഭക്ഷണ നിയന്ത്രണം ചെയ്യുന്നവരെ കാത്തിരിക്കുന്നത് അനൊറെക്‌സിയ നെര്‍വോസ എന്ന രോഗമാണ്. സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.
ശരിയായ അര്‍ത്ഥത്തില്‍ അനൊറെക്‌സിയ നെര്‍വോസ എന്നത് മാനസികമായ ഒരു രോഗാവസ്ഥയാണ്. ക്രമം തെറ്റിയ ഭക്ഷണ ശീലമാണ് അനൊറെക്‌സിയ നെര്‍വോസയ്ക്ക് കാരണമെന്ന് പറയാമെങ്കിലും വണ്ണം കൂടുതലാണ് എന്ന മിഥ്യാ ധാരണയാണ് അനൊറെക്‌സിയ നെര്‍വോസയുടെ മൂലകാരണം.
ഇവിടെ രോഗി ശരീരഭാരം കൂടുന്നതിനെ കുറിച്ച് കൂടുതലായി ഉത്കണ്ഠപ്പെടുകയും ശരീരം മെലിയുന്ന രീതിയിലുള്ള ഭക്ഷണരീതി സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ ഭക്ഷണ നിയന്ത്രണത്തില്‍ തുടങ്ങുന്ന ഈ പ്രവണത അതിരു കടന്ന് അപര്യാപ്തമായ ഭക്ഷണം മാത്രം കഴിക്കുന്നതില്‍ എത്തിനില്‍ക്കും. ആദ്യമാദ്യം ഭക്ഷണം ബോധപൂര്‍വ്വം വര്‍ജ്ജിയ്ക്കും. പിന്നീട്, ഭക്ഷണത്തോട് ശരീരം സ്വയം എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങും.
അനൊറെക്‌സിയ നെര്‍വോസ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ശരീരത്തില്‍ ആഹാരത്തിന്റെ അപര്യാപ്തത വഴി മാംസ്യത്തിന്റെ അഭാവം അനുഭവപ്പെടുകയും കൊഴുപ്പിന്റെ പോഷണനിരക്ക് തടസ്സപ്പെടുകയും ചെയ്യുന്നു.
നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കലും പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതിനുള്ള ഉപദേശങ്ങളും ബോധവത്കരണവും ആണ് പ്രധാനമായും ചികിത്സയില്‍ ഉള്‍പ്പെടുന്നത്.
പോഷകം കുറയുന്നതോടെ ഹൃദയപേശിയില്‍ മാറ്റങ്ങളുണ്ടാക്കുകയും ഹൃദയമിടിപ്പിന്റെ താളം ക്രമരഹിതമാകുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നു. മാത്രമല്ല വളരെ നേരത്തെയുള്ള ആര്‍ത്തവ വിരാമം, ആര്‍ത്തവ തകരാറുകള്‍ , വൃക്കത്തകരാറുകള്‍, മുഖത്തും കൈകാലുകളിലും മൃദുവായ രോമവളര്‍ച്ച, പേശി തേയ്മാനം, മലബന്ധം, ആമാശയത്തില്‍ അസ്വസ്ഥതകള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ അനൊറെക്‌സിയയുടെ ഭാഗമായി ഉണ്ടാകുന്നു.
അകാരണമായി തൂക്കം കുറയുക,അമിതമായി ആഹാരം ചവയ്ക്കുക, അമിത വ്യായാമം ചെയ്യുക , ചെറിയ കലോറി മാത്രം കഴിക്കുക , എന്നിവ രോഗലക്ഷണങ്ങളാണ്. കൂടാതെ രോഗി അത്യധികം മെലിഞ്ഞിരിക്കുമ്പോള്‍ തന്നെ തനിക്ക് അമിതവണ്ണമുണ്ടെന്ന് വിശ്വസിക്കുന്നതും രോഗലക്ഷണമാണ്.
താന്‍ കഴിച്ച ഭക്ഷണം, അത് എത്ര ചെറിയ അളവിലായാലും അമിതമായി എന്ന തോന്നല്‍ രോഗിക്ക് ഉണ്ടാകുന്നു. ഉടന്‍ തന്നെ വായില്‍ വിരല്‍ ഇട്ട് കഴിച്ചതെല്ലാം ശര്‍ദ്ദിച്ചു കളയാനുള്ള ശ്രമവും തുടങ്ങും. കണ്ണാടിയില്‍ നോക്കിയാല്‍ മെലിഞ്ഞുണങ്ങിയ സ്വന്തം പ്രതിബിംബത്തിന് പകരം അവര്‍ കാണുക വണ്ണമുള്ള തന്റെ രൂപമായിരിക്കും.
10 മുതല്‍ 20 വര്‍ഷത്തെ സമയത്തിനുള്ളിലാണ് അനൊറെക്‌സിയ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുക. ഒരിക്കല്‍ രോഗിയുടെ ശരീരഭാരം പ്രത്യേക നിരക്കിലും താഴെയായാല്‍ യുക്തിപരമായ തീരുമാനമെടുക്കുന്നതിനുള്ള അവരുടെ കഴിവ് നഷ്ടപ്പെടും എന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. ചികിത്സ ഫലപ്രദമാകാണമെങ്കില്‍ രോഗികള്‍ തന്നെ മനസ്സ് വയ്ക്കണം.