കോളേജിലേക്ക് പോകാനുള്ള തിരക്ക്, ജോലിക്ക് പോകാനുള്ള തിരക്ക്, വീട്ടിലെ ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കാനുള്ള പെടാപ്പാട്..ബസ്സിന്റെ, അല്ലെങ്കില്‍ ട്രെയിനിന്റെ സമയം, എല്ലാകൂടി ബാലന്‍സ് ചെയ്‌തെത്തുമ്പോള്‍ ഓഫീസ്, ക്ലാസ് ടൈം തെറ്റാനും പാടില്ല, പിന്നെ പലവിധ തിരക്കുകള്‍ക്കിടയില്‍ സമയം ലാഭിക്കാന്‍ ഒഴിവാക്കാന്‍ പറ്റുന്ന ഒരേയൊരു കാര്യം രാവിലെയുള്ള ബ്രേക്ക്ഫാസ്റ്റ് മാത്രം..! വേണ്ടെന്നു വയ്ക്കുന്നത് സ്വന്തം കാര്യമായതിനാല്‍ ആരോടും മറുപടി പറയേണ്ട കാര്യവുമില്ല..

പല വീടുകളിലും നിത്യസംഭവമായി മാറുകയാണ് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി കൊണ്ടുള്ള ആളുകളുടെ ശീലം. എന്നാല്‍ വാസ്തവത്തില്‍ ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ പോലും ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് നമ്മുടെ ബ്രെയിന്‍ ഫുഡ് ആയ ബ്രേക്ക്ഫാസ്റ്റ്. ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് ഈ പ്രഭാതഭക്ഷണത്തില്‍ നിന്നാണെന്ന് തിരിച്ചറിയുക.

ബ്രേക്കിങ് ദി ഫാസ്റ്റ് ആണ് ബ്രേക്ക്ഫാസ്റ്റ്. എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന ഉറക്കത്തിനു ശേഷം നീണ്ട നേരത്തെ ഉപവാസം അവസാനിപ്പിക്കുന്ന ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ആ ദിവസം പ്രവര്‍ത്തിക്കാനവശ്യമായ ഊര്‍ജത്തിന്റെ പകുതി ശരീരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ, മാനസികാവസ്ഥ, ശരീരത്തിന്റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കും.

ആസ്വദിച്ചു കഴിച്ചോളൂ, വണ്ണം കൂടില്ല

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം ആ ദിവസത്തെ തുടര്‍ന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ ഇടവേളകളിലുള്ള ലഘുഭക്ഷണങ്ങളിലൂടെ അനാവശ്യമായി കാലറി ഉപഭോഗം നടത്താന്‍ ശ്രമിക്കില്ല. കൂടാതെ, പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, മറ്റു സമയത്തെ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കാനുള്ള പ്രേരണയുണ്ടാവുന്നതായാണ് കണ്ടുവരുന്നത്. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കില്‍, നിങ്ങളുടെ മെറ്റാബോളിസം ശരിയായ രീതിയില്‍ നടക്കുകയും ബാക്കിയുള്ള സമയത്ത് കാലറികള്‍ കത്തിപ്പോകാന്‍ സഹായകമാവുകയും ചെയ്യും.

പിരിമുറുക്കം കുറയുന്നു

പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുകയും  അതി നിങ്ങളെ ഉന്മേഷത്തോടെ തുടരാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രഭാതത്തിന് മുന്‍പേ എഴുന്നേല്‍ക്കുന്ന ആളല്ല നിങ്ങള്‍ എങ്കില്‍ കൂടിശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും.

പോഷകസമൃദ്ധമായ സമ്പൂര്‍ണ ഭക്ഷണക്രമം

പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍, മുട്ട, ഓട്‌സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുമെന്നതിനാല്‍, അത് മറ്റു സമയത്തെ ഭക്ഷണങ്ങളെക്കാള്‍ വൈറ്റമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരിക്കും.

വ്യായാമത്തിന് നല്ലത്

നിങ്ങള്‍ പ്രഭാതത്തില്‍ വ്യായാമം ചെയ്യുന്ന ആളാണെങ്കില്‍, അത് ഒഴിഞ്ഞ വയറോടെയാകുന്നത് നന്നായിരിക്കില്ല. വ്യായാമത്തിനു മുമ്പ് അല്‍പ്പം ആഹാരം അല്ലെങ്കില്‍ സ്മൂത്തി കഴിക്കുന്നത് നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കും.

രോഗസാധ്യത കുറയ്ക്കാം

ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അതിരോസ്‌ക്ലീറോസിസ്, പ്രമേഹം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തിനും സിര്‍ക്കാഡിയിന്‍ റിഥത്തില്‍ മാറ്റം വരാനും കാരണമാകും. അതുകൊണ്ട് നല്ല ആരോഗ്യശീലത്തിനു വേണ്ടി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതോ ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടിയുള്ള ബ്രഞ്ച് കഴിക്കലോ ഒഴിവാക്കണമെന്നാണ് ഏറ്റവും ഉചിതമായ നിര്‍ദ്ദേശം.