ടുത്ത വേനലാണ് വരുന്നത്. ചൂടില്‍ വെള്ളമെത്ര കുടിച്ചാലും അത് കൂടിപ്പോവില്ലെന്ന സാഹചര്യത്തിലേക്കാണ് കാലാവസ്ഥയും മാറിക്കൊണ്ടിരിക്കുന്നത്. വെയിലില്‍ അല്‍പ്പനേരം നടന്നാലോ യാത്ര ചെയ്താലോ തളര്‍ന്ന് ക്ഷീണിച്ച് അല്‍പ്പം തണുത്തത് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ ആഗ്രഹിക്കാത്തവര്‍ ചുരുക്കം. തണുപ്പിക്കാനായി വഴിയരികുകള്‍ തോറും ജ്യൂസ് കടകളുമുണ്ടെങ്കില്‍ യാത്രകളും കുറച്ച് കൂള്‍ ആവും. എന്നാല്‍ കൂളാവാന്‍ ശീതളപാനീയങ്ങള്‍ വാങ്ങി കുടിക്കുമ്പോള്‍ അത് ഉണ്ടാക്കാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും മറക്കരുത്. വേനലെത്തിയതോടെ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. ജ്യൂസ് ഉണ്ടാക്കുന്നതിന് മാത്രമല്ല, പാക്കറ്റ് ജ്യൂസ് തണുപ്പിച്ച് സൂക്ഷിക്കുന്നതിനും കര്‍ശന നിബന്ധനകളാണ് വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.

കച്ചവടക്കാര്‍ നിര്‍ദേശം പാലിക്കുക

വേനല്‍ കടുത്തു തുടങ്ങി. തെരുവില്‍ ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും വില്‍പ്പന ഉഷാറാകുന്നു. എന്നാല്‍, വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജ്യൂസും മറ്റും വില്‍പ്പന നടത്തുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയൊരുക്കുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. വൃത്തിയുള്ള സാഹചര്യത്തില്‍ പാനീയങ്ങള്‍ വില്‍പ്പന നടത്തുന്നത് നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങളാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്നത്.കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതോടെ ശീതളപാനീയത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ച് ആരോപണമുണ്ടാകാറുണ്ട്.

അതുപോലെ ജ്യൂസിലും മറ്റും ഉപയോഗിക്കുന്ന ഐസ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളവും ഐസ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ വൃത്തിയും ആരും ശ്രദ്ധിക്കാറുമില്ല. പഴകിയ പാലും വെള്ളവും ഇത്തരത്തില്‍ ജ്യൂസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.  ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ ഫാക്ടറികളില്‍ പായ്ക്കുചെയ്ത പഴച്ചാറുകള്‍ക്കു ബാധകമല്ലെങ്കിലും അവയുടെ പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ വില്‍പ്പന നടത്താവൂ. ഇത്തരം പായ്ക്കറ്റുകള്‍ സൂക്ഷിക്കേണ്ട ഊഷ്മാവ്, ഉപയോഗ കാലാവധി എന്നിവ നിര്‍ബന്ധമായും പാലിക്കുകയും വേണം.

റോഡരികിലായാലും കടകളിലായാലും ജ്യൂസ് അല്ലെങ്കില്‍ ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതും സുരക്ഷിതവുമായിരിക്കണം. ജ്യൂസ്, ഫ്രൂട്ട് സലാഡ്, ഫലൂദ, വിവിധയിനം ഷെയ്ക്കുകള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന പഴങ്ങള്‍, ഐസ്, പഞ്ചസാര, നട്ട്‌സ്, മറ്റു ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഉള്ള സ്ഥാപനത്തില്‍നിന്നു വാങ്ങണം. ഇവയുടെ ബില്ലുകളും സൂക്ഷിക്കണം. പരിശോധനാ സമയത്ത് ഇവ കാണിക്കേണ്ടിവരുമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം ചൂണ്ടിക്കാട്ടുന്നു. ജ്യൂസ് ഉണ്ടാക്കാന്‍ ശുദ്ധമായ സ്രോതസ്സില്‍ നിന്നുതന്നെ വെള്ളമെടുക്കണം.

ആറുമാസത്തിലൊരിക്കല്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കല്‍ ലാബില്‍ പരിശോധിച്ച് വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഈ റിപ്പോര്‍ട്ടും കടയില്‍ സൂക്ഷിക്കേണ്ടതുണ്ട്. വെള്ളം ഉള്‍പ്പെടെ കടയില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ ഫുഡ്‌ഗ്രേഡ് പാത്രത്തില്‍ അടച്ചു സൂക്ഷിക്കണം. 

പാലിലും പ്രശ്‌നം

പല ജ്യൂസ് കടകളിലും ഫ്രീസറില്‍ വച്ചു കട്ടിയാക്കിയ പാല്‍ ഷെയ്ക്കിനും മറ്റും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഉപയോഗകാലാവധി കഴിഞ്ഞശേഷവും ഇത്തരത്തിലുള്ള പാല്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണമുണ്ട്. ഇത്തരം പാല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിയും വരും. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാത്തതോ നിരോധിച്ചതോ ആയ ബ്രാന്‍ഡ് പാല്‍ ഉപയോഗിക്കുന്നതും നടപടികള്‍ക്കിടയാക്കും. ഗുണനിലവാരമുള്ള പഴങ്ങള്‍ മാത്രമേ ജ്യൂസിന് ഉപയോഗിക്കാവൂ. കേടുവന്നതും പഴകിയതും പൂപ്പല്‍ വന്നതുമായ ഒന്നും ഉപയോഗിക്കാന്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്. 

എന്നാല്‍, പലയിടത്തും കേടുവന്ന പഴങ്ങളും അഴുകിയവയും ജ്യൂസിനും ഷെയ്ക്കിനും ഉപയോഗിക്കുന്നുവെന്ന പരാതികള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. മുറിച്ച പഴങ്ങളും മറ്റും അധികസമയം ഫ്രീസറില്‍ വയ്ക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. 

തെര്‍മോക്കോള്‍ പെട്ടിയില്‍ ഐസ്  സൂക്ഷിക്കരുത്

പല ജ്യൂസ് കടകളിലും വഴിയോര ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങളിലും തെര്‍മോക്കോള്‍ പെട്ടികളില്‍ ഐസ് സൂക്ഷിക്കുന്നതു സാധാരണമാണ്. ഇതു പാടില്ലെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്. ഫ്രീസറിലോ, വൃത്തിയുള്ള പാത്രത്തിലോ ഐസ് ബോക്‌സിലോ മാത്രമേ ഐസ് സൂക്ഷിക്കാവൂവെന്നും അധികൃതര്‍ പറഞ്ഞു. ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജ്യൂസര്‍, മിക്‌സര്‍ തുടങ്ങിയവ വൃത്തിയായിരിക്കണം.

റഫ്രിജറേറ്റര്‍, ഫ്രീസര്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുകയും വേണം. ജ്യൂസ് കടകളിലുണ്ടാക്കുന്ന മാലിന്യങ്ങള്‍ പരിസരമലിനീകരണം ഉണ്ടാക്കാതെ സംസ്‌കരിക്കണം. ജോലിക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ ഉണ്ടായിരിക്കണം. ത്വക്ക് രോഗമുള്ളവരെയും പകര്‍ച്ചവ്യാധികളുള്ളവരെയും ജോലിക്കു നിര്‍ത്തരുതെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു.