രിയായ ശരീരഭാരം നിലനിർത്തുന്നതിൽ സമീകൃത ഭക്ഷണരീതിയ്ക്ക് വലിയ പങ്കുണ്ട്. മിതമായ അളവിൽ, ശരിയായ തോതിൽ മൂന്നുനേരവും ഭക്ഷണം ക്രമീകരിക്കുകയാണ് വേണ്ടത്. ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ, അതിന്റെ അളവിൽ, സമയനിഷ്ഠയിൽ എല്ലാം തന്നെ പ്രാധാന്യം നൽകേണ്ടതുണ്ട്. അല്ലാതെ തടി കുറയ്ക്കാൻ പട്ടിണി കിടക്കരുത്. സമീകൃതമായ ആഹാരരീതിയും ഒപ്പം വ്യായാമവും ചേരുമ്പോൾ അമിതവണ്ണം പതുക്കെ കുറയുകയും ശരിയായ ശരീരഭാരത്തിലേക്ക് എത്തുകയും ചെയ്യും. 

അഞ്ച് ഘടകങ്ങൾ

പ്രധാന ആഹാരമായി ഒരു ഭക്ഷണത്തെ തിരഞ്ഞെടുക്കാം. അത് അരി, ​ഗോതമ്പ്, മുത്താറി, ചോളം തുടങ്ങിയവയൊക്കെ ആകാം. അല്ലെങ്കിൽ കിഴങ്ങുവർ​ഗവുമാകാം. ഇതിൽനിന്നെല്ലാം അന്നജം  ലഭിക്കും. ഇതിനോടൊപ്പം പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണവും കൂടി വേണം. മുട്ട, തെെര്, ഇറച്ചി, മീൻ എന്നിവ പരി​ഗണിക്കാം. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പയറുവർ​ഗങ്ങൾ, തെെര് എന്നിവ ഉൾപ്പെടുത്താം. കിഴങ്ങുവർ​ഗങ്ങളായ കപ്പ, ചേമ്പ്, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കുമ്പോൾ അതിനൊപ്പം മീൻ, ഇറച്ചി തുടങ്ങിയവയാണ് ഉചിതമായത്. 

പ്രധാനഭക്ഷണം 75 ശതമാനവും പ്രോട്ടീൻ ലഭിക്കാനുള്ള ഭക്ഷണം 25 ശതമാനവും എന്ന തോതിലായിരിക്കണം ഭക്ഷണരീതി ക്രമീകരിക്കേണ്ടത്. 

ഇവയ്ക്ക് പുറമേ സമീകൃതാഹാരമാകണമെങ്കിൽ നിർബന്ധമായും പച്ചക്കറികളും പഴങ്ങളും കഴിക്കണം. ആവശ്യത്തിന് ശുദ്ധജലവും കുടിക്കണം. 

അന്നജം അടങ്ങിയ പ്രധാന ആഹാരം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ, കുടിക്കാൻ ശുദ്ധജലം എന്നീ അഞ്ച് ഘടകങ്ങളും ആവശ്യമായ തോതിൽ ഒരുമിച്ച് മൂന്നുനേരവും കഴിക്കുന്നവർക്ക് മാത്രമേ സമീകൃതാഹാരം ലഭിക്കുന്നുള്ളൂ. 

ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ

സമീകൃതാഹാരത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മുടെ നാടൻ സദ്യയെക്കുറിച്ച് പറയേണ്ടതുണ്ട്. സദ്യയിൽ സമീകൃതാഹാരത്തിന്റെ എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നു. എന്നാൽ ക്രമേണ അത് ആഡംബര ഭക്ഷണമായി മാറി. പായസങ്ങളുടെ എണ്ണവും അളവും കൂടി. അച്ചാറുകൾക്കും പപ്പടത്തിനുമൊക്കെ അമിത പ്രാധാന്യം കിട്ടിത്തുടങ്ങി. 

കുറച്ച് ചോറ് പരിപ്പും സാമ്പാറും അവിയലും തോരനും കൂട്ടുകറിയും തെെരും ചേർത്ത് മിതമായി കഴിക്കുകയാണെങ്കിൽ സമീകൃതാഹാരമായി. ഒപ്പം ഒരു പഴംകൂടി കഴിക്കണം. 

ചോറിനൊപ്പം കിഴങ്ങുവർ​ഗങ്ങൾ വേണ്ട

ചോറിനൊപ്പം കിഴങ്ങുവർ​ഗങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശരീരത്തിൽ എത്തുന്ന അന്നജത്തിന്റെ അളവ് കൂടുകയാണ് ചെയ്യുന്നത്. അതായത്, ചേമ്പ്, ചേന, കാച്ചിൽ എന്നിവ കഴിക്കുമ്പോൾ അതോടൊപ്പം ചോറ് കഴിക്കേണ്ടതില്ല. കാരണം ഇതിലെല്ലാം അന്നജമാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്. കിഴങ്ങുവർ​ഗങ്ങളെ പ്രധാന ഭക്ഷണമായി ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ അതിനൊപ്പം ഇറച്ചിയോ മത്സ്യമോ മുട്ടയോ തെെരോ കഴിക്കാൻ ശ്രമിക്കണം. 

പഴങ്ങളും പച്ചക്കറികളും

വേവിക്കാതെ കഴിക്കുമ്പോഴാണ് പച്ചക്കറികളുടെ ​ഗുണങ്ങൾ കൂടുതലും ശരീരത്തിന് ലഭിക്കുന്നത്. ചെറുതായി ചൂടാക്കുമ്പോൾ പോലും അതിലെ പല ​ഗുണങ്ങളും നഷ്ടപ്പെടുന്നുണ്ട്. പഴങ്ങൾ ഉണക്കിക്കഴിക്കുമ്പോഴും ജ്യൂസ് ആക്കുമ്പോഴും ​ഗുണങ്ങൾ നഷ്ടപ്പെടുന്നുണ്ട്. പഴങ്ങൾ ജ്യൂസാക്കുമ്പോൾ അതിലെ നാരുകൾ നഷ്ടമാകുന്നുണ്ട്. മാത്രമല്ല, അതിലേക്ക് പാലും പഞ്ചസാരയും അനാവശ്യമായി ചേർക്കുകയും ചെയ്യുന്നു. ഇങ്ങനെ അനാരോ​ഗ്യകരമായത് ഒഴിവാക്കിയും ആരോ​ഗ്യകരമായത് ഉൾപ്പെടുത്തിയും അമിതവണ്ണം കുറയ്ക്കാനുള്ള ചുവടുവെപ്പിന് തുടക്കം കുറിക്കാം. 

(കോഴിക്കോട് ​ഗവ. മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാ​ഗം മുൻ തലവനും പ്രൊഫസറും എമിരിറ്റസ് പ്രൊഫസറുമാണ് ലേഖകൻ)

Content Highlights: Balanced Meals for losing Weight and Fat, Health, Food, Weightloss, Healthy Food

മാതൃഭൂമി ആരോ​ഗ്യമാസിക വാങ്ങാം