കുതിരയുടെ വേഗം വര്‍ധിപ്പിക്കാന്‍ മത്സരത്തിന് മുന്‍പ് കൊടുക്കുന്ന ആഹാരമത്രെ മുതിര. മാംസ്യവും ജീവകങ്ങളും ധാതുലവണങ്ങളും ചേര്‍ന്ന് പോഷകസമ്പന്നമായ മുതിര മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. 'മോരും മുതിരയും ചേരില്ല' എന്ന പഴമൊഴി മലയാളികള്‍ക്ക് സുപരിചിതവും. 

ഈ വാമൊഴി ഒരു ഉപചോദ്യം ഉയര്‍ത്തുന്നു. മുതിര ഏതിനോടൊക്കെ ചേര്‍ക്കാം? ഉത്തരം കിട്ടാന്‍ മുതിരപ്പുഴുക്കിലേക്ക് നോക്കിയാല്‍ മതി. ഇടിച്ചക്ക, കായ, ചേന, ചേമ്പ്, കാവത്ത്, കപ്പ എന്നിവയുമായി മുതിര ചേരുന്നത് കാണാം. പുഴുക്കിനോടൊപ്പം കഞ്ഞികൂടി ചേര്‍ന്നാല്‍ രുചിസമൃദ്ധമായൊരു ആഹാരമായി.

മുതിര ഉള്‍പ്പെടുന്ന ഒട്ടേറെ ഔഷധയോഗങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. കുലഥാദി കഷായം, സപ്തസാരം കഷായം, ധാന്വന്തരം കഷായം, കോലകുലഥാദി ചൂര്‍ണം, കാര്‍പ്പാസാസ്ഥ്യാദി തൈലം മുതലായവയാണ് ഉദാഹരണങ്ങള്‍. 

മുതിരയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ആയുര്‍വേദത്തില്‍ വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മുതിര പ്രമേഹഹരമാണ്. ആര്‍ത്തവം ക്രമീകരിക്കാന്‍ നല്ലതാണ്. വൃക്ക, മൂത്രാശയം, അനുബന്ധഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി കല്ല് രൂപ്പെടുന്ന രോഗമുള്ളവര്‍ക്ക് പഥ്യാഹാരമാണ് മുതിര. തുടര്‍ച്ചയായി ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവ ഉള്ളവര്‍ക്കും മുതിര നല്ല ഭക്ഷണമാണ്. 

മഴക്കാലത്ത് മുതിരസൂപ്പ് തയ്യാറാക്കി ചൂടോടെ സേവിക്കുന്നത് കാലജന്യരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. മുതിര പൊടിച്ച് കിഴികെട്ടി ചൂടാക്കി ഉഴിയുന്നത് പേശികളിലെ വേദനയും നീരും ശമിപ്പിക്കാന്‍ സഹായിക്കുന്നു. അമിതവണ്ണമുള്ളവര്‍ക്ക് മുതിരപ്പൊടിയോടൊപ്പം ചാണകവരളി ചുട്ടെടുത്ത ഭസ്മം കൂടി ചേര്‍ത്താണ് കിഴി ഉണ്ടാക്കാറുള്ളത്. 

(കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ അഡീഷണല്‍ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)

Content Highlights: Ayurveda medicinal impact of muthira horse gram 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌