ഏതു യന്ത്രം പ്രവര്‍ത്തിക്കുവാനും ഊര്‍ജം ആവശ്യമാണ്. അതുപോലെ മനുഷ്യശരീരമെന്ന യന്ത്രത്തിനും പ്രവര്‍ത്തിക്കാന്‍ ഊര്‍ജം കൂടിയേതീരൂ. ഈ ഊര്‍ജം നല്‍കുന്നത് നാം കഴിക്കുന്ന ആഹാരമാണ്. ഇതിനുപുറമെ ശരീരത്തിന്റെ വളര്‍ച്ചക്കും (വിശിഷ്യാ യൗവനപ്രാപ്തിവരെ) ശരീരത്തിനാവശ്യമായ എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്നതിനും ആഹാരം (പ്രത്യേകിച്ച് പ്രോട്ടീനുകള്‍) ആവശ്യമാണ്. ദൈനംദിന പ്രവര്‍ത്തനത്തില്‍ കലകള്‍ക്കുണ്ടാകുന്ന തേയ്മാനങ്ങളും അറ്റകുറ്റങ്ങളും ശരിപ്പെടുത്താനുള്ള അവശ്യവസ്തുക്കള്‍ സൃഷ്ടിക്കാനും ആഹാരം അത്യാവശ്യമാണ്. അതുകൊണ്ടു തന്നെയാണ് ഋഷിവര്യന്മാര്‍ 'അന്നം ബ്രഹ്മഃ' എന്നു പറഞ്ഞതും. നമ്മുടെ ആഹാരത്തിലുള്ള വസ്തുക്കളെ ആറ് പ്രധാന ഘടകങ്ങളായി വിഭജിക്കാം: അന്നജം, മാംസ്യങ്ങള്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ലവണങ്ങള്‍, വെള്ളം എന്നിവയാണവ.


അന്നജം


ഇവ പ്രധാനമായും സസ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. നാം ഉപയോഗിക്കുന്ന അന്നജ(കാര്‍ബോഹൈഡ്രേറ്റ്)വസ്തുക്കളില്‍ പ്രധാനപ്പെട്ടവ പഞ്ചസാരയും പോളിസാക്കറൈഡുകളും ആണ്. പഞ്ചസാരകളില്‍ ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ്, പാലിലെ പഞ്ചസാരയായ ലാക്ടോസ്, യവമദ്യത്തിലെ മാള്‍ട്ടോസ് എന്നിവയെല്ലാം ഉള്‍പ്പെടും. നമ്മുടെ നിത്യാഹാര സാധനങ്ങളായ അരി, ഉരുളക്കിഴങ്ങ്, കപ്പ, റൊട്ടി എന്നിവയെല്ലാം തന്നെ പോളിസാക്കറൈഡുകളാണ്.


മാംസ്യങ്ങള്‍


മാംസ്യം അഥവാ പ്രോട്ടീന്‍ ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്നതിനു പുറമെ ശരീരകോശങ്ങളെ സൃഷ്ടിക്കുവാനും ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെ നഷ്ടപ്പെടുന്ന തേയ്മാനം പരിഹരിക്കുവാനും സഹായിക്കുന്നു. അടിസ്ഥാനപരമായി, പ്രോട്ടീനുകള്‍ അന്നജത്തില്‍ നിന്നും കൊഴുപ്പില്‍ നിന്നും അല്‍പം വ്യത്യസ്തമാണ്. കാര്‍ബണ്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍ എന്നിവ എല്ലാ ഭക്ഷ്യവസ്തുക്കളിലും ഉണ്ടെങ്കിലും, മറ്റു രണ്ടു ഘടകങ്ങളിലും ഇല്ലാത്ത നൈട്രജന്‍ ലഭിക്കുവാനുള്ള ഏകഉപാധി പ്രോട്ടീനുകളാണ്. ഇതിനുപുറമെ പ്രോട്ടോപ്ലാസം സൃഷ്ടിക്കുവാന്‍ അത്യാവശ്യമായ സള്‍ഫര്‍, ഫോസ്ഫറസ് എന്നീ വസ്തുക്കളും പ്രോട്ടീനില്‍ നിന്നാണു ലഭിക്കുന്നത്.


മാംസ്യവും മാംസവും


മാംസാഹാരം സസ്യാഹാരത്തേക്കാള്‍ മെച്ചമാണ് എന്ന തെറ്റായ വിശ്വാസം നമുക്കിടയില്‍ പ്രചരിപ്പിച്ചത് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാരാണ്. മെക്കോളെ നമുക്ക് തന്ന വിദ്യാഭ്യാസ സമ്പ്രദായം പോലെയും, ഡല്‍ഹൗസിയുടെ നിയമസംഹിത പോലെയും, വില്യം ആര്‍ക്ക് റോയഡ് നമ്മില്‍ അടിച്ചേല്‍പ്പിച്ച ഒരു സിദ്ധാന്തമാണ് മാംസ്യാഹാരത്തിന്റെ മഹത്ത്വം. മദിരാശി ക്രിസ്ത്യന്‍ കോളേജിലെ ബയോളജി പ്രൊഫസറായിരുന്ന ആര്‍ക്ക്‌റോയഡ് ആണ് പ്രോട്ടീനുകളെ രണ്ടായി തരംതിരിക്കണമെന്നു ഞങ്ങളെ പഠിപ്പിച്ചത്. പ്രോട്ടീനുകള്‍ രണ്ടുതരമുണ്ടെന്നും (മാംസാഹാരത്തില്‍ നിന്നു കിട്ടുന്ന ഒന്നാംക്ലാസ് പ്രോട്ടീനുകളും സസ്യാഹാരങ്ങളായ കടല, പയര്‍, പരിപ്പ് എന്നിവയില്‍നിന്നു കിട്ടുന്ന രണ്ടാംക്ലാസ് പ്രോട്ടീനുകളും) ഇതിലെ ഒന്നാംക്ലാസ് പ്രോട്ടീനുകള്‍, രണ്ടാംക്ലാസ് പ്രോട്ടീനുകളെക്കാള്‍ മഹത്വമേറിയതാണെന്നുമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ഥികളായ ഞങ്ങള്‍ ടെക്സ്റ്റ് ബുക്കുകളില്‍ നിന്നു പഠിച്ചത്.

പിന്നീടാണ് ഇതിലെ അസാംഗത്യം മനസ്സിലാക്കുവാന്‍ സാധിച്ചത്. കാരണം, എല്ലാ പ്രോട്ടീനുകളും ദേഹത്തില്‍ അമിനോ ആസിഡുകളായിട്ടാണ് മാറ്റപ്പെടുന്നത്. ഏതാണ്ട് ഇരുപതോളം അമിനോ ആസിഡുകള്‍ ഉണ്ട്. ഇതില്‍ മിക്കവാറും എല്ലാ അമിനോ ആസിഡുകളേയും സൃഷ്ടിക്കുവാനും മറ്റൊന്നായി മാറ്റുവാനും നമ്മുടെ ദഹനവ്യവസ്ഥിതിക്ക് കഴിവുണ്ട്. ദേഹത്തില്‍ നിര്‍മിക്കുവാന്‍ കഴിയാത്ത എട്ട് അമിനോ ആസിഡുകളേ ഉള്ളൂ. ഇവയെ നല്‍കുവാന്‍ സസ്യാഹാരത്തിലെ പ്രോട്ടീനുകള്‍ക്ക് സാധ്യമാണുതാനും. അതുകൊണ്ടുതന്നെ ആര്‍ക്ക്‌റോയഡിന്റെ വിഭജനം വെറും മിഥ്യ മാത്രമാണ്. നല്ലൊരു ജീവിതനിലവാ രം നിലനിര്‍ത്തുവാന്‍ മാംസാഹാരത്തിന്റെ ആവശ്യമൊന്നുമില്ല.


കൊഴുപ്പുകള്‍


ഒരു നിശ്ചിത തൂക്കത്തില്‍ നിന്ന് ഏറ്റവുമധികം കലോറി ചൂട് ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ഭക്ഷണസാമഗ്രിയാണ് കൊഴുപ്പ്. അതുകൊണ്ടുതന്നെ തണുപ്പുള്ള രാജ്യങ്ങളിലെ ഏറ്റവും പ്രിയങ്കരമായ ഭക്ഷണസാമഗ്രിയാണിത്. മാത്രമല്ല, ഭക്ഷണത്തിലെ ഒരു മുഖ്യഘടകമായ വിറ്റാമിനുകളില്‍ ചിലത് കൊഴുപ്പില്‍ മാത്രമേ അലിഞ്ഞുചേരുകയുള്ളൂ. അതുകൊണ്ട് കുറച്ചെങ്കിലും കൊഴുപ്പ് നാം ഭക്ഷിച്ചേതീരൂ. അല്ലാത്തപക്ഷം കൊഴുപ്പില്‍ മാത്രം അലിയുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വരും. കൊഴുപ്പുകളില്‍ പൂരിതവും അപൂരിതവും ആയവയുണ്ട്. ഇതില്‍ അപൂരിത കൊഴുപ്പുകളെ സൃഷ്ടിക്കുവാന്‍ നമ്മുടെ ശരീരത്തിനു ശക്തിയില്ല. അവ ആഹാരത്തില്‍ക്കൂടി തന്നെ ലഭിക്കണം. വെണ്ണ, നെയ്യ്, കോഴിമുട്ടയിലെ മഞ്ഞക്കരു, മാംസക്കൊഴുപ്പ്, വെളിച്ചെണ്ണ, നല്ലെണ്ണ, കടുകെണ്ണ എന്നിവ ഇക്കാര്യത്തില്‍ പ്രയോജനപ്പെടും.


മറ്റു ഘടകങ്ങള്‍


മറ്റു മൂന്നു ഘടകങ്ങളായ വെള്ളം, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ (മിനറലുകള്‍) എന്നിവ ഊര്‍ജം നല്‍കുന്നില്ല. എങ്കിലും അവ നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.