ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഭക്ഷണത്തിലെ മാറ്റങ്ങള്‍ കാര്‍ഡിയോമെറ്റബോളിക് ഹെല്‍ത്തിനെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. സര്‍ക്കുലേഷന്‍ ജേണലിലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. 

ഭക്ഷണത്തിലെയും ജീവിതശൈലിയിലെയും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് 2006ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പകരമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. 

ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹൃദ്രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൃദയാരോഗ്യത്തിന് വഴിയൊരുക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചു് ആളുകളില്‍ അവബോധം വളര്‍ത്തുകയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതിന്റെ ലക്ഷ്യം.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

  • ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം. ഇതിനായി കഴിക്കുന്ന ഭക്ഷണത്തിന്റെയും ചെലവാക്കുന്ന ഊര്‍ജത്തിന്റെയും അളവ് ശ്രദ്ധിക്കണം. 
  • ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഒരേ പോലെയാവാതെ വ്യത്യസ്തമാകണം ഇവ. സ്ഥിരമായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹൃദയപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. 
  • സംസ്‌ക്കരിച്ച ധാന്യങ്ങള്‍ക്ക് പകരം മുഴുധാന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഓട്‌സ്, ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ നാരുകളാല്‍ സമ്പന്നമാണ്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇത് വളരെ സഹായകരമാണ്. 
  • സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ബീന്‍സ്, ലെന്റില്‍സ്, കടല തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 
  • ദ്രാവകരൂപത്തിലുള്ള സസ്യഎണ്ണകള്‍ പാചകത്തിന് ഉപയോഗിക്കുക. ഒലിവ് ഓയില്‍, കനോല ഓയില്‍ കോണ്‍ ഓയില്‍ എന്നിവ ഉള്‍പ്പെടുത്താം. 
  • സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇനി കഴിക്കണമെങ്കില്‍ വളരെ ചെറിയ അളവില്‍ മാത്രം കഴിക്കുക. ഫ്രൈഡ് ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാം. 
  • കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ ഒഴിവാക്കണം. ശീതളപാനീയങ്ങള്‍, മധുരമടങ്ങിയ പാനീയങ്ങള്‍, ജ്യൂസ് പായ്ക്കറ്റുകള്‍ എന്നിവ ഒഴിവാക്കണം. 
  • ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പ് വളരെ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കുക. പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. 
  • മദ്യപിക്കുന്ന ശീലം ഇല്ലെങ്കില്‍ ഇനി തുടങ്ങരുത്. മദ്യപിക്കുന്നവരാണെങ്കില്‍ അളവ് നിയന്ത്രിക്കുക.  

Content Highlights: American heart association released nine tips to healthy heart