അമ്മേ, അച്ഛൻ വരുമ്പോൾ എനിക്കൊരു ജ്യൂസ്‌ വാങ്ങിയിട്ട്‌ വരാൻ പറയുമോ...?‘‘മോനേ, രണ്ടു ദിവസമല്ലേ ആയുള്ളു ജ്യൂസ്‌ വാങ്ങിയിട്ട്‌. ഇത്തരം കൃത്രിമ പാനീയങ്ങൾ സ്ഥിരമായി കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ല.’’

‘‘അമ്മേ, ജ്യൂസിന്‌ നല്ല ടെയ്‌സ്റ്റല്ലേ ? എല്ലാവരും വാങ്ങി കുടിക്കുന്നുണ്ടല്ലോ ?’’‘‘മറ്റുള്ളവർ ചെയ്യുന്നതെല്ലാം നമ്മൾ അനുകരിക്കണമെന്നില്ല. ഭക്ഷണമായാലും പാനീയമായാലും നമ്മുടെ വായുടെ രുചി മാത്രം നോക്കിയാൽ പോരാ. അതു നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നുകൂടി ചിന്തിക്കണം.’’

‘‘വേനൽക്കാലത്ത്‌ ജ്യൂസൊക്കെ കുടിക്കുന്നത്‌ നല്ലതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ടല്ലോ ?’’‘‘വേനൽക്കാലത്ത്‌ ചൂടു കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും ധാരാളം വെള്ളം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ, നാം ആ സമയത്ത്‌ ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. പഴച്ചാറുകളും മറ്റും കുടിക്കുന്നതു നല്ലതാണ്‌. എന്നാൽ, ടിന്നിലും കുപ്പിയിലും നിറച്ചു വരുന്ന കൃത്രിമ പാനീയങ്ങൾ ആരോഗ്യത്തിന്‌ ഒട്ടും ഗുണകരമല്ല.’’

‘‘പൈനാപ്പിളിന്റെയും മാംഗോയുടെയും ഓറഞ്ചിന്റെയും ഒക്കെ ജ്യൂസാണല്ലോ ടിന്നിലും കുപ്പിയിലും ഒക്കെ വരുന്നത്‌ ?’’‘‘മോനേ, അതൊക്കെ കൃത്രിമമായി ഉണ്ടാക്കുന്ന നിറവും രുചിയുമാണ്‌. യഥാർഥത്തിലുള്ള പഴച്ചാറുകളൊന്നും ഇതിൽ ചേർക്കുന്നില്ല.’’‘‘ഇത്തരം ജ്യൂസുകൾ സ്ഥിരമായി കഴിച്ചാൽ ആരോഗ്യത്തിന്‌ ദോഷമാണെന്നാണോ അമ്മ പറയുന്നത്‌ ?’’‘‘അതെ, മനുക്കുട്ടാ ഇത്തരം ജ്യൂസുകൾ മാത്രമല്ല, സ്ഥിരമായി ബേക്കറി പലഹാരങ്ങൾ കഴിക്കുന്നതും നല്ലതല്ല. കൂടാതെ, വറുത്തതും പൊരിച്ചതും അധികമായി കഴിക്കുന്നതും നമ്മുടെ ദഹനപ്രക്രിയയ്ക്ക്‌ ദോഷം ചെയ്യും.’’‘‘കൃത്രിമ പാനീയങ്ങളുടെയും ജങ്ക്‌ ഫുഡിന്റെയും ഉപയോഗം എങ്ങനെയൊക്കെയാണ്‌ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്‌ ?’’

‘‘കൃത്രിമ പാനീയങ്ങളുടെ കാര്യമെടുക്കാം, കൃത്രിമ പാനീയങ്ങളിൽ ആസിഡിന്റെ അളവ്‌ കൂടുതലുണ്ടാകും. കൂടാതെ, പഞ്ചസാരയുടെ ഉപയോഗവും കൂടും. ഇതു രണ്ടും ആരോഗ്യത്തിന്‌ നന്നല്ല.’’‘‘ഫ്രഷ്‌ ജ്യൂസ്‌ നല്ലതാണോ?’’‘‘മധുരം കുറഞ്ഞ ഫ്രഷ്‌ ജ്യൂസ്‌ നല്ലതാണ്‌, വെജിറ്റബിൾ ജ്യൂസും നല്ലതാണ്‌. എന്നാൽ, എല്ലാം നിശ്ചിത അളവിലേ ഉപയോഗിക്കാവൂ. ‘അധികമായാൽ അമൃതും വിഷം’ എന്ന്‌ കേട്ടിട്ടില്ലേ... ? മറ്റൊരു കാര്യം, ഏതുതരം ജ്യൂസ്‌ കഴിച്ചാലും വായ കഴുകാൻ മറക്കരുത്‌.’’ ‘‘അതെന്തിനാണമ്മേ’’?‘‘ജ്യൂസിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്‌. ഇതു വായിലിരുന്നാൽ ദന്തക്ഷയത്തിന്‌ കാരണമാകും.’’

‘‘ജ്യൂസൊഴിവാക്കി വെറും വെള്ളം കുടിച്ചാൽ മടുക്കില്ലേ ? അതിനെന്താണ്‌ ഒരു പോംവഴി?’’‘‘പറഞ്ഞല്ലോ, നമുക്ക്‌ ഫ്രഷ്‌ ജ്യൂസ്‌ ഉപയോഗിക്കാം. ജ്യൂസായിട്ടല്ലാതെ പഴങ്ങൾ ധാരാളമായി കഴിക്കുന്നതും നല്ലതാണ്‌. കൂടാതെ ലസ്സി, സംഭാരം, കരിക്കിൻ വെള്ളം തുടങ്ങിയവയെല്ലാം ശരീരത്തിനു ഗുണകരമായ പാനീയങ്ങളാണ്‌.’’‘‘വറുത്തതും പൊരിച്ചതുമായ ഭക്ഷണം നല്ലതല്ല എന്നല്ലേ അമ്മ പറഞ്ഞത്‌. പക്ഷേ, ടെയ്‌സ്റ്റ്‌ കൂടുതൽ അതിനാണല്ലോ ?’’

‘‘അതാണ്‌ നേരത്തെ പറഞ്ഞത്‌, നമ്മൾ രുചി മാത്രം നോക്കിയാൽ പോരാ, ഗുണം കൂടി നോക്കണമെന്ന്‌. വല്ലപ്പോഴും വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം കഴിക്കണമെന്നു തോന്നിയാൽ, അത്‌ വീട്ടിൽ നിന്നാകുന്നതാണ്‌ നല്ലത്‌. കടകളിലും മറ്റും പലപ്പോഴും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നതായി കാണാറുണ്ട്‌. വീണ്ടും വീണ്ടും എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത്‌ കാൻസറിനും അൾസറിനുമെല്ലാം കാരണമാകും.’’‘‘അതൊക്കെ കൊണ്ടാണോ സ്ഥിരമായി ഹോട്ടൽ ഭക്ഷണം കഴിക്കരുതെന്ന്‌ പറയുന്നത്‌ ?’’

‘‘അതെ മനുക്കുട്ടാ, അജിനാമോട്ടോ പോലുള്ള രാസവസ്തുക്കൾ ഭക്ഷണത്തിന്‌ രുചി കൂട്ടുമെങ്കിലും അമിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക്‌ വഴിതെളിക്കും. ഒരിക്കൽ കഴിച്ചാൽ വീണ്ടും അത്തരം ഭക്ഷണം കഴിക്കാനുള്ള ഒരാസക്തിയും ഇത്തരം രാസവസ്തുക്കളുടെ പ്രത്യാഘാതങ്ങളിൽ ഒന്നാണ്‌.’’

‘‘ഐസ്‌ക്രീമും സ്വീറ്റ്‌സും എല്ലാം കഴിക്കുന്നത്‌ നല്ലതാണോ?’’‘‘ഇതു രണ്ടും കുട്ടികളുടെ പ്രിയപ്പെട്ട ഭോജനങ്ങളാണ്‌. ഇവയുടെ രുചിയും എല്ലാവർക്കും ഇഷ്ടമാണ്‌. എന്നാൽ, ഇവയിലെ അമിത കലോറി ഹൃദ്രോഗ സാധ്യതയ്ക്ക്‌ വഴിതെളിക്കും. പൂരിത കൊഴുപ്പ്‌ കൂടുതലായതു കൊണ്ട്‌ കൊളസ്‌ട്രോൾ നിലയും വർധിക്കും. അതുകൊണ്ട്‌, ഇവയുടെ ഉപയോഗവും വല്ലപ്പോഴുമായി ചുരുക്കുന്നതാണ്‌ നല്ലത്‌.’’‘‘അമ്മേ, ഇത്തരം ഭക്ഷണസാധനങ്ങൾ നിയന്ത്രിക്കണമെന്ന്‌ പറഞ്ഞല്ലോ ? ആരോഗ്യത്തിന്‌ ഗുണകരമായ ഭക്ഷണശീലങ്ങൾ എന്തെല്ലാമാണ്‌ ?’’

‘‘വളർന്നുവരുന്ന ‘ഫാസ്റ്റ്‌ ഫുഡ്‌’ സംസ്കാരം നമ്മുടെ നാടൻ വിഭവങ്ങളെ നാടുകടത്തിക്കൊണ്ടിരിക്കുകയാണ്‌. നാരടങ്ങിയതും പോഷകം നിറഞ്ഞതുമായ ആഹാര സാധനങ്ങൾ കഴിക്കാൻ നാം ശ്രദ്ധിക്കണം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, ഭക്ഷണത്തിന്റെ രുചിയേക്കാൾ പ്രാധാന്യം ഗുണത്തിനാണെന്നു തിരിച്ചറിയണം. വയറു നിറഞ്ഞാൽ എത്ര രുചിയുള്ള ഭക്ഷണമായാലും പിന്നീട്‌ കഴിക്കരുത്‌. മറ്റൊരു കാര്യം ടി.വി. കണ്ടുകൊണ്ട്‌ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക എന്നതാണ്‌. കാരണം, ടി.വി.യിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ നമ്മളറിയാതെ ആവശ്യത്തിലധികം ഭക്ഷണം കഴിച്ചുപോകും.’’

‘‘ഭക്ഷണം അധികമായാൽ എന്താണ്‌ ദോഷം ?’’.‘‘ഭക്ഷണം അധികമാകുന്നത്‌ പൊണ്ണത്തടിക്കു മാത്രമല്ല, മറ്റു രോഗങ്ങൾക്കും കാരണമാകും. കൂടാതെ, അധികമായി ഭക്ഷിച്ചാൽ നമ്മൾ പതിയെ ഒരു മയക്കത്തിന്റെ അവസ്ഥയിലെത്തും. പഠനത്തിലും ജോലിയിലുമെല്ലാം താത്‌പര്യം കുറയും.’’‘‘ഭക്ഷണ-പാനീയങ്ങൾ ഉപയോഗിക്കുമ്പോൾ നല്ല കരുതൽ ആവശ്യമാണെന്ന്‌ ചുരുക്കം?’’

‘‘അതെ മോനേ... അല്പം ശ്രദ്ധ നമ്മുടെ ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കും.’’‘‘ഇനിമുതൽ ‘ജങ്ക്‌ഫുഡും’ കൃത്രിമ പാനീയങ്ങളും പരമാവധി ഒഴിവാക്കാൻ ഞാൻ ശ്രദ്ധിക്കുമമ്മേ ?’’‘‘നല്ലകാര്യം... ആരോഗ്യമുള്ള ശരീരമാണ്‌ ആരോഗ്യമുള്ള മനസ്സിനും ഹേതുവാകുന്നത്‌. മോന്റെ തീരുമാനം തീർച്ചയായും നല്ലതാണ്‌.’’‘‘താങ്ക്‌യൂ അമ്മേ... എനിക്കിതെല്ലാം പറഞ്ഞുതന്നതിന്‌.’’