വീണ്ടും വെളുത്തുള്ളി മാഹാത്മ്യം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള വെളുത്തുള്ളിയുടെ ഗുണഗണങ്ങളില്‍ ഒരു സവിശേഷതകൂടി. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

വെളുത്തുള്ളിയുടെ ഗുണം സംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാറ്റിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു.

ഗവേഷകസംഘം 600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.

രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റാ ബ്ലോക്കേഴ്‌സ്‌പോലുള്ള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്നു. അത്രതന്നെ ഫലം വെളുത്തുള്ളിയും കാഴ്ചവെക്കുന്നതായി ഗവേഷകസംഘം തലവന്‍ ഡോ. കാനിന്‍റീഡ് പറയുന്നു. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ചിലയിനം കാന്‍സറുകള്‍ക്കും പ്രത്യേകിച്ചും ഉദരത്തില്‍ കാണപ്പെടുന്നതിന്, വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോംപ്ലിമെന്‍ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പറയുന്നു.