കുട്ടികളല്ലേ.. രാവിലെ കഴിക്കാന്‍ പോഷകങ്ങളടങ്ങിയ രസികന്‍ ഭക്ഷണം തന്നെ വേണം. സ്‌നാക്‌സ്‌ബോക്‌സില്‍ ഇത്തവണ പുതുമയുള്ള പലഹാരങ്ങളാവാം. സ്‌കൂള്‍ വിട്ടെത്തുമ്പോള്‍ ക്ഷീണം മാറ്റാന്‍ സൂപ്പും ഫ്രൂട്ട് സലാഡും...

ഫ്രൈഡ് എഗ്ഗി ബ്രെഡ്


മുട്ട മൂന്നെണ്ണം
പാല്‍/സോയാ മില്‍ക്ക് 100 മില്ലി
കനത്തില്‍ മുറിച്ച ബ്രെഡ് 3 കഷണം
ഉപ്പ് ആവശ്യത്തിന്

മുട്ട, പാല്‍ എന്നിവ ഉപ്പുചേര്‍ത്ത് നന്നായടിക്കുക. ഇതിലേക്ക് ബ്രെഡ് വെക്കുക. കുറച്ചുനേരം കഴിഞ്ഞ് ബ്രെഡ് മറിച്ചിടുക. (മുട്ട ബ്രെഡിന്റെ രണ്ട് ഭാഗത്തും നന്നായി പിടിക്കാനാണിത്). നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി, ബ്രെഡ് കഷണം അതിനു മുകളില്‍ നിരത്തി ഫ്രൈ ചെയ്‌തെടുക്കുക. (ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നതുവരെ).

ഓട്‌സ് ദോശ

ഓട്‌സ് അര കപ്പ്
ഉപ്പ് ആവശ്യത്തിന്

ഓട്‌സ് അഞ്ച് മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക ശേഷം ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു നോണ്‍ സ്റ്റിക് പാനില്‍, വളരെ നേര്‍മയായി ദോശ ചുട്ടെടുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായാല്‍, അടുപ്പില്‍ നിന്നിറക്കാം. (ഇത് ഒരു ഭാഗം മാത്രം വേവിച്ചാല്‍ മതി.) ചീസ്, ഗ്രേറ്റ് ചെയ്ത കാരറ്റ്, മഷ്‌റൂം തുടങ്ങിയവ ദോശയുടെ ഉള്ളില്‍ വെച്ച് മടക്കി, കുട്ടികള്‍ക്ക് കൊടുക്കാം.

ചപ്പാത്തി റോള്‍

ചപ്പാത്തി ഒന്ന്
മുട്ട ഒന്ന്
ചിക്കന്‍,വെജ് മസാല, ഉരുളക്കിഴങ്ങ് ഫില്ലിങ്ങിന്

മുട്ട പൊട്ടിച്ച് ദോശക്കല്ലില്‍ ഓംലറ്റിന് ഒഴിക്കുക. ഓംലറ്റ് ഉറയ്ക്കുംമുന്‍പ് മീതെ ചപ്പാത്തി വെയ്ക്കണം. മറിച്ചിടുക.ഒരു വശത്ത് ഫില്ലിങ്ങിനുള്ളത് വെച്ചശേഷം ചുരുട്ടി എടുക്കുക. കഷ്ണങ്ങളായി മുറിച്ചെടുക്കണം.

ചിക്കന്‍ ബര്‍ഗര്‍

ബര്‍ഗ്ഗര്‍ ബണ്ണ് ആവശ്യത്തിന്
ലെറ്റിയൂസ് ഇല രണ്ട്
തക്കാളി അഞ്ച് കഷ്ണം
ചിക്കന്‍ ബര്‍ഗ്ഗര്‍ പാറ്റീസ് ആവശ്യത്തിന്

ചെറുതായി നുറുക്കിയ ചിക്കനും പൊടിച്ച കുരുമുളകും ഉപ്പും അരിഞ്ഞ സവാളയും എണ്ണയും യോജിപ്പിച്ച് അല്‍പ്പം കനത്തില്‍ പപ്പടവട്ടത്തിലാക്കുക. ഇവ ഫ്രീസ് ചെയ്‌തെടുക്കണം. ബര്‍ഗ്ഗറില്‍ വെയ്ക്കാന്‍നേരം ഓരോന്നായി ഗ്രില്‍ ചെയ്യുക. ബണ്ണിനെ രണ്ടായി മുറിക്കുക.മുറിച്ചഭാഗം ടോസ്റ്റ് ചെയ്യുക.ബട്ടര്‍ തേക്കുക. ബര്‍ഗ്ഗറിന്റെ അടിയില്‍ വരുന്ന ബണ്ണില്‍ അരിഞ്ഞ ലെറ്റിയൂസ് ഇലകള്‍, തക്കാളി എന്നിവ ആദ്യം വെക്കുക. മീതെ ചിക്കന്‍ പാറ്റീസ്,പകുതി ബണ്‍ എന്നിവ വെയ്ക്കാം.

ഫ്രൈഡ് കലമാരി

കണവ 100 ഗ്രാം
വെളുത്ത കുരുമുളക് ഒരു ഗ്രാം
ചെറുനാരങ്ങ അരമുറി
റൊട്ടിപ്പൊടി 20 ഗ്രാം
പാര്‍സ്‌ലി അരിഞ്ഞത് അഞ്ച് ഗ്രാം
മുട്ട ഒന്ന്
മൈദ രണ്ട് ടേബിള്‍ സ്പൂണ്‍

കണവ ഉപ്പും കുരുമുളകും നാരങ്ങാനീരും ചേര്‍ത്ത് മസാല പിടിക്കാന്‍ വെയ്ക്കുക. മൈദ കലക്കുക. മുട്ട അടിക്കുക.കണവ ആദ്യം മൈദമാവിലും തുടര്‍ന്ന് മുട്ട അടിച്ചതിലും മുക്കി എടുക്കണം. ഇനി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് പൊരിക്കുക. ഇത് സലാഡിനൊപ്പം കഴിക്കാം.

ഫ്രൂട്ടി സ്‌കോച്ച് പാന്‍കേക്ക്

മുട്ട (മഞ്ഞയും വെള്ളയും വേര്‍തിരിച്ചത്) മൂന്നെണ്ണം
മൈദ ഒരു കപ്പ്
ബേക്കിങ് പൗഡര്‍ ഒരു ടീസ്പൂണ്‍
പാല്‍/സോയാ മില്‍ക്ക് ഒരു കപ്പ്
ഉണക്കമുന്തിരി ഒരു കപ്പ്
പഞ്ചസാര രണ്ട് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ഒരു ബൗളില്‍, മുട്ടയുടെ മഞ്ഞ, മൈദ, ബേക്കിങ് പൗഡര്‍, പഞ്ചസാര, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. മുട്ടയുടെ വെള്ള, ഒരു പാത്രത്തില്‍ നന്നായടിക്കുക (പത വരുന്നതുവരെ). ഇത് നേരത്തെ തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഇതില്‍ ഉണക്കമുന്തിരിയും ചേര്‍ത്ത്, നന്നായി യോജിപ്പിക്കുക. ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി, അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ നിറയെ തയ്യാറാക്കിയ മിശ്രിതം ഒഴിക്കുക. (ചെറിയ പാന്‍ കേക്കിന്റെ ആകൃതിയില്‍) ചെറുതീയില്‍ വേവിക്കണം. ഉടച്ച പഴം-തേന്‍ എന്നിവയുടെ കൂടെ മേപ്പിള്‍ സിറപ്പ് ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കാം.

നട്ട് ബട്ടര്‍ സാന്‍ഡ്‌വിച്ച്

വാല്‍നട്ട്/കശുവണ്ടി/ബദം
/നിലക്കടല (നുറുക്കിയത്) ഒരു കപ്പ്
ഉണക്കമുന്തിരി രണ്ട് ടേബിള്‍സ്പൂണ്‍
ഒലിവ് ഓയില്‍/വാല്‍നട്ട് ഓയില്‍ ഒരു ടേബിള്‍സ്പൂണ്‍
ബ്രെഡ് രണ്ട് കഷണം

നട്ട്‌സ്, ഉണക്കമുന്തിരി, ഓയില്‍ എന്നിവ നന്നായി യോജിപ്പിക്കുക. ഇത് ബ്രെഡ് കഷണങ്ങള്‍ക്കിടയില്‍ നിരത്തി, സാന്‍ഡ്‌വിച്ച് ഉണ്ടാക്കാം.


ഡേറ്റ് ഫ്രിറ്റേഴ്‌സ്

ഈത്തപ്പഴം പത്ത്
തേങ്ങ ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്
മൈദ അര കപ്പ്

ഈത്തപ്പഴം ചെറുതായി കീറി, കുരു കളഞ്ഞ് ഉള്ളില്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്തത് നിറയ്ക്കുക.തണുത്ത വെള്ളത്തില്‍ മൈദയും ഉപ്പും പഞ്ചസാരയും ഒരുനുള്ള് അപ്പക്കാരവും ചേര്‍ക്കുക.ഈത്തപ്പഴം ഓരോന്നായി കൂട്ടില്‍ മുക്കിയെടുത്ത് പൊരിക്കുക.

മിനി ചിക്കന്‍-വെജ് ബിരിയാണി

ബിരിയാണി അരി 300 ഗ്രാം
ചിക്കന്‍ സ്‌റ്റോക്ക് 450 ഗ്രാം
ഉപ്പുംകുരുമുളകും രണ്ട് സ്പൂണ്‍ വീതം
കറിപൗഡര്‍ അര ടേബിള്‍സ്പൂണ്‍

മഞ്ഞള്‍ ഒരു കഷ്ണം
കരയാമ്പു,ഏലയ്ക്ക നാല് വീതം
സവാള വലിയ ഒന്ന്
സണ്‍ഫ്ലാവര്‍ ഓയില്‍ ഒരു ടേബിള്‍സ്പൂണ്‍
ബട്ടര്‍ മൂന്ന് ടേബിള്‍സ്പൂണ്‍
മല്ലിയില ഒരു ടേബിള്‍സ്പൂണ്‍
എല്ല് നീക്കിയ ചിക്കന്‍ (ചതുരത്തില്‍) } 250 ഗ്രാം
കാരറ്റ്,ബീന്‍സ്,ഉരുളക്കിഴങ്ങ് (ചതുരത്തില്‍ ) അരകപ്പ്

സണ്‍ഫ്ലാവര്‍ ഓയില്‍ ചൂടാക്കുക. ബട്ടര്‍ ചേര്‍ത്ത് പത അടങ്ങുംവരെ ചൂടാക്കുക. ഏലയ്ക്ക,മഞ്ഞള്‍,കരയാമ്പു എന്നിവ ചേര്‍ത്ത് വഴറ്റുക.സവാള ചേര്‍ത്ത് നിറംമാറുംവരെ വഴറ്റുക. പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക.അരി ചേര്‍ത്ത് വറുക്കുക.നിറം മാറുമ്പോള്‍ ബാക്കിയുള്ള ചേരുവകളും ഉപ്പും ചേര്‍ത്ത്, പാത്രം ടിഷ്യുപേപ്പര്‍ കൊണ്ട് മൂടി പത്ത് മിനുട്ട് നേരം ചെറുതീയില്‍ വേവിക്കുക.

ബീറ്റ്‌റൂട്ട് റൈസ്

ബീറ്റ്‌റൂട്ട് ഒന്ന് (ചെറുത്)
ചോറ് ഒരു കപ്പ്
ബട്ടര്‍ രണ്ട് ടേബിള്‍സ്പൂണ്‍
പാല്‍ 100 മില്ലി
സവാള നുറുക്കിയത് (ചെറുത്) രണ്ട് ടീസ്പൂണ്‍
ചീസ് ഗ്രേറ്റ് ചെയ്തത് (ആവശ്യമെങ്കില്‍) രണ്ട് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

കഴുകിയ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്ത് മാറ്റി വെക്കുക. സവാള ബട്ടര്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ബീറ്റ്‌റൂട്ട് പകുതി പാല്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. ബീറ്റ്‌റൂട്ട് വെന്ത് കഴിയുമ്പോള്‍, അതിലേക്ക് ചോറ് ചേര്‍ത്ത്, നന്നായി യോജിപ്പിക്കുക. ശേഷം ബാക്കി പാല്‍, ചീസ് എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.


ഗ്രില്‍ഡ് ഫിഷ് വിത്ത് മാഷ്ഡ് പൊട്ടറ്റോ

എല്ലില്ലാത്ത മത്സ്യം 200 ഗ്രാം
ഉരുളക്കിഴങ്ങ് 300 ഗ്രാം
ബട്ടര്‍ മൂന്ന് ടേബിള്‍സ്പൂണ്‍
ഒലീവ് ഓയില്‍ ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ ഒരെണ്ണം
ആട്ട രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

മത്സ്യം രണ്ടിഞ്ച് വലുപ്പത്തില്‍ മുറിക്കുക. ശേഷം ഉപ്പ്, കുരുമുളക്, ചെറുനാരങ്ങാനീര്, എന്നിവ മത്സ്യത്തില്‍ നന്നായി പുരട്ടുക. മൈദയില്‍ ചെറുതായൊന്നു റോള്‍ ചെയ്‌തെടുക്കണം. കുറച്ച് ഒലീവ് ഓയിലില്‍ ഫ്രൈ ചെയ്യുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ചൂടോടുകൂടെതന്നെ നന്നായി ഉടച്ച് ബട്ടറും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. നേരത്തെ ഗ്രില്‍ ചെയ്തുവെച്ച മത്സ്യം, ഈ മിശ്രിതത്തില്‍ വെച്ച് കുട്ടികള്‍ക്ക് ഊണിനൊപ്പം വിളമ്പാം.

ക്രിസ്പി ചിക്കന്‍ ഫില്ലെ

മുട്ട ഒന്ന്
മൈദ രണ്ട് ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ലോര്‍ 250 ഗ്രാം
ചിക്കന്‍ ബ്രസ്റ്റ് ഒരു വലുത്
ഉപ്പും കുരുമുളകും ആവശ്യത്തിന്

ചിക്കന്‍ മൂന്ന് കഷ്ണങ്ങളാക്കി ഉപ്പും കുരുമുളകും പുരട്ടിവെയ്ക്കുക.മൈദമാവിലും മുട്ട അടിച്ചതിലും മുക്കി പൊരിച്ചെടുക്കുക.


ടൊമാറ്റോ സൂപ്പ്

സവാള ഇടത്തരം ഒന്ന്
പഴുത്ത തക്കാളി ആറ് എണ്ണം
ബട്ടര്‍ മൂന്ന് ടേബിള്‍സ്പൂണ്‍
വെജിറ്റബിള്‍ സ്റ്റോക്ക് നാല് കപ്പ്
മല്ലിയില അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
പൊടിച്ച കുരുമുളക് കാല്‍ ടേബിള്‍സ്പൂണ്‍

അരിഞ്ഞ സവാള നിറംമാറുംവരെ അഞ്ച് മിനുട്ട് വഴറ്റുക. മുറിച്ച തക്കാളി ചേര്‍ത്ത് മൂന്ന് മിനുട്ട് കൂടി വഴറ്റുക. ചിക്കന്‍ സ്റ്റോക്കും മല്ലിയിലയും ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി തിളപ്പിച്ച് വാങ്ങാം.

എഗ് ആന്റ് ഗ്രീന്‍പീസ്

മുട്ട രണ്ട്
ഫ്രോസണ്‍ ഗ്രീന്‍പീസ് 50 ഗ്രാം
ഉപ്പ്,കുരുമുളക് പാകത്തിന്
സവാള 1/2 അരിഞ്ഞത്
തക്കാളി 1/2 അരിഞ്ഞത്
മല്ലിയില ഒരു ടീസ്പൂണ്‍
ഓയില്‍ ഒരു ടേബിള്‍സ്പൂണ്‍

സവാളയും തക്കാളിയും വഴറ്റുക.ഗ്രീന്‍ പീസ് ചേര്‍ക്കുക.ഉപ്പും കുരുമുളകും ചേര്‍ക്കണം. മുട്ട അടിച്ചത് ചേര്‍ത്ത് ഫ്രൈ ചെയ്യുക.മല്ലിയില ചേര്‍ത്ത് വാങ്ങാം.

സ്റ്റീംഡ് ഫ്രൂട്ട് പുഡ്ഡിങ്

നേന്ത്രപ്പഴം 1/2 കപ്പ് (ചതുരത്തില്‍)
ആപ്പിള്‍ 1/2 കപ്പ് (ചതുരത്തില്‍)
പൈനാപ്പിള്‍ 1/2 കപ്പ് (ചതുരത്തില്‍)
മൈദ ഒരു കപ്പ്
ബട്ടര്‍ ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
മുട്ട രണ്ട്

ബട്ടറും പഞ്ചസാരയും യോജിപ്പിക്കുക. അതിലേക്ക് മുട്ട അടിച്ചത് ചേര്‍ക്കുക. മൈദ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക.പഴങ്ങള്‍ മുറിച്ചതും ചേര്‍ക്കുക. ഒരു പാത്രത്തിന്റെ അടി വശത്ത് ബട്ടര്‍ പുരട്ടുക.തയ്യാറാക്കിവെച്ച കൂട്ട് ഒഴിച്ച്, ടിഷ്യുപേപ്പര്‍ കൊണ്ട് മൂടി, ആവിയില്‍ വേവിക്കുക. വേവ് പാകമാണോ എന്നറിയാന്‍ ഈര്‍ക്കില്‍ കൊണ്ട് കുത്തിനോക്കിയാല്‍ മതി. നന്നായി വെന്താല്‍ ഈര്‍ക്കിലില്‍ മാവ് പറ്റിപ്പിടിക്കയില്ല.

ബനാന റോള്‍

ക്രീം 100 മില്ലി
പാല്‍ 200 മില്ലി
മുട്ട രണ്ട്
കോണ്‍ഫ്ലോര്‍ 40 ഗ്രാം
മൈദ 50 ഗ്രാം
ഫില്ലിങ്ങിന്
നേന്ത്രപ്പഴം രണ്ട്
ഈത്തപ്പഴം 75 ഗ്രാം
തേന്‍ 30 മില്ലി
ബട്ടര്‍ 20 ഗ്രാം

ക്രീം, പാല്‍, മുട്ട, കോണ്‍ഫ്ലോര്‍, മൈദ എന്നിവ നന്നായി യോജിപ്പിക്കുക.ഈ കൂട്ടുകൊണ്ട് കട്ടികുറഞ്ഞ പാന്‍ കേക്കുകള്‍ ഉണ്ടാക്കുക. ഫില്ലിങ്ങിനായുള്ള നേന്ത്രപ്പഴം ബട്ടറില്‍ വഴറ്റുക.ഒപ്പം ഈത്തപ്പഴംവും തേനും ചേര്‍ക്കണം. പാന്‍ കേക്കില്‍ ഫില്ലിങ്ങ് വേച്ച് ചുരുട്ടി എടുക്കുക. ഇനി പൊരിച്ചെടുക്കാം.

ക്രഞ്ചി മ്യൂസ്‌ലി

നട്ട്‌സ് (വാല്‍നട്ട്, കശുവണ്ടിപ്പരിപ്പ്, ബദം,
പിസ്ത എന്നിവ നുറുക്കിയത് അരകപ്പ്
ലിന്‍സീഡ് അരകപ്പ്
മത്തങ്ങയുടെ കുരു കാല്‍കപ്പ്
വാല്‍നട്ട് ഓയില്‍, മേപ്പിള്‍ സിറപ്പ് രണ്ട് ടേബിള്‍സ്പൂണ്‍ വീതം
സണ്‍ഫ്ലാവര്‍ സീഡ്‌സ് കാല്‍കപ്പ്
റോള്‍ഡ് ജംബോ ഓട്ട്‌സ് ഒരു കപ്പ്

അവന്‍ 180c-ല്‍ ചൂടാക്കുക. എല്ലാ ചേരുവകളും ഒരു പാത്രത്തിലാക്കി 20 മിനുട്ട് നേരം ബേക്ക് ചെയ്യണം. വാങ്ങുമ്പോള്‍ നല്ല സ്വര്‍ണനിറമായിരിക്കും.പാചകത്തിനിടയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇളക്കുകയും വേണം. തണുത്തശേഷം വായുകടക്കാത്ത പാത്രത്തില്‍ അടച്ചുവെക്കുക. പാലോ പഴസത്തോ തൈരോ ചേര്‍ത്ത് വിളമ്പാം. മുകളില്‍ അരിഞ്ഞ നേന്ത്രപ്പഴം വിതറുക.