ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങളുടെ പട്ടികയില്‍ ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കുന്നതു മുതല്‍ ഹൃദയത്തെ സംരക്ഷിക്കുന്നതു വരെയുണ്ട്. വര്‍ഷങ്ങളോളമായി തുടരുന്ന പഠനങ്ങളില്‍ നിന്നും ഗവേഷകര്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലും പ്രമേഹത്തെ തടയുന്നതിലും പക്ഷാഘാതം, ഡിമെന്‍ഷ്യ എന്നിവയില്‍ നിന്നും രക്ഷപെടുന്നതിനും ഗ്രീന്‍ ടീയുടെ പങ്ക് ചെറുതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അടിവരയിട്ടു പറയുന്നു. ഗ്രീന്‍ ടീ യെക്കുറിച്ച് പറയുന്നതൊക്കെ ശരിയാണെന്ന് അമേരിക്കന്‍ ഡയറ്റിക് അസോസിയേഷന്റെ വക്താവ് കാതറിന്‍ ടോള്‍മാഡ്ജ് സാക്ഷ്യപ്പെടുത്തുന്നു.

വലിയ വിഭാഗം ആള്‍ക്കാരില്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടന്നു. പൗരസ്ത്യ ദേശങ്ങളിലാണ് പരീക്ഷണങ്ങള്‍ കൂടുതലും നടന്നത്. ഈ ദേശങ്ങളിലെ ശീലങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. മാത്രമല്ല, മത്സ്യവിഭവങ്ങളും പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങളുമാണ് ഇവരുടേത്. പരീക്ഷണഫലങ്ങളില്‍ ഇവരുടെ ഭക്ഷണശീലത്തിന്റെ ഗുണവും കടന്നു കയറിയേക്കാമെന്ന് അഭിപ്രായമുണ്ടെങ്കിലും ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്‌സിഡന്റുകളുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.


ആന്റി ഓക്‌സിഡന്റ് കലവറ


ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഡി.എന്‍.എ യുടെ നാശത്തിന് കാരണമാകുന്ന ഇതര ധാതുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്യാന്‍സര്‍, രക്തം കട്ടപിടിക്കല്‍, ഹൃദയ ധമനികള്‍ ചുരുങ്ങുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ കാറ്റെച്ചിന്‍ ഒറ്റയ്ക്കു നേരിടും. ഗ്രീന്‍ ടീ ഇലകള്‍ ഉണക്കി ആവി കേറ്റിയാണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ ടീ സംസ്‌കരിച്ചെടുക്കുന്നതിന് സാധാരണ ചായകളുടേതു പോലെ അധികം സംസ്‌കരണ പ്രക്രിയകള്‍ ഒന്നും തന്നെയില്ല. അതു കൊണ്ടു തന്നെ ആന്റി ഓക്‌സിഡന്റായ കാറ്റെച്ചിനും അതിലെ പ്രധാന ഘടകമായ എപിഗാലോ കാറ്റെച്ചിന്‍ - 3 ഗാലെറ്റ് (ഇ ജി സി ജി ) കൂടുതല്‍ അളവില്‍ കാണപ്പെടും. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മുഴകളെ ചുരുക്കുന്നതിനുള്ള കഴിവുള്ള ഘടകമാണ് ഇ ജി സി ജി.
മുന്തിരി, ബെറി, വീഞ്ഞ്, ഡാര്‍ക്ക് ചോക്ലേററ് എന്നിവയിലും കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്.


ഗ്രീന്‍ ടീ Vs ക്യാന്‍സര്‍


ദിവസവും രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ക്യാന്‍സര്‍ വളര്‍ച്ചയെ തടുക്കും. ജപ്പാനിലെ 500 ഓളം ക്യാന്‍സര്‍ രോഗികളായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ നിന്നും ഗ്രീന്‍ ടീ കുടിക്കുന്നത് ക്യാന്‍സറിന്റെ കാഠിന്യം കുറയ്ക്കുന്നതായി കണ്ടെത്തി. ശസ്ത്രക്രിയയ്ക്കു ശേഷം ഗ്രീന് ടീ ശീലമാക്കുന്നവരില്‍ ക്യാന്‍സര്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയും ഗണ്യമായി കുറയുന്നതും കണ്ടെത്തി. ചൈനയിലെ ഒരു പരീക്ഷണത്തിലാകട്ടെ, ഗ്രീന്‍ ടീ എത്ര കൂടുതല്‍ കുടിക്കുന്നോ, അത്രയും കുറവ് സാധ്യതയാണ് ആമാശയം, ഈസോഫജീല്‍, പ്രോസ്‌റ്റേറ്റ്, പാന്‍ക്രിയാറ്റിക്, കൊളോറെക്ടല്‍ ക്യാന്‍സറുകള്‍ക്ക്. ഏറ്റവും പുതിയ പഠനത്തില്‍ നിന്നും കണ്ടെത്തിയത് ദിവസവും രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശ്വാസകോശാര്‍ബുദ സാധ്യത 18 ശതമാനമായി കുറയ്ക്കുന്നു എന്നാണ്.

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി പറയുന്നത,് മനുഷ്യരില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും ഗ്രീന്‍ ടീ ക്യാന്‍സറിനെ ചെറുക്കുമെന്നതിന് വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. പരീക്ഷണങ്ങളിലെ വെല്ലുവിളി, ഗ്രീന്‍ ടീ ശീലമാക്കിയ ജനവിഭാഗങ്ങളില്‍ വര്‍ഷങ്ങളോളം നിരീക്ഷണം നടത്തണം എന്നതു തന്നെയാണ്. എന്നാല്‍ ക്യാന്‍സര്‍ രോഗികളെ അധിക കാലത്തോളം നിരീക്ഷിക്കാന്‍ സാധിക്കാറില്ല.


ഹൃദയ സംരക്ഷകന്‍


ഹൃദയത്തെ കാക്കുന്നതിന് ദിവസം കുറഞ്ഞത് നാല് കപ്പ് ഗ്രീന്‍ ടീയെങ്കിലും കുടിക്കണമെന്നാണ് ജപ്പാനില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഹൃദയ ധമനികളിലെ തടസ്സങ്ങള്‍ നീക്കുന്നതിലാണ് ഗ്രീന്‍ ടീയുടെ പങ്ക്. രക്തധമനികളെ കൂടുതല്‍ വഴക്കമുള്ളതാക്കി, തടസ്സങ്ങളുണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുകയാണ് ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റ്‌സ് ചെയ്യുന്നത്. ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് ഡോക്ടര്‍മാരും സമ്മതിക്കുന്നു.


ഗ്രീന്‍ ടീയും ഭാരവും


ഹൃദ്രോഗത്തിനും പ്രമേഹത്തിനും വഴി വയ്ക്കുന്ന പൊണ്ണത്തടിക്കും കൊളസ്‌ട്രോളിനും എതിരേയുള്ള ശക്തനായ പോരാളി കൂടിയാണ് ഗ്രീന്‍ ടീ. നെതര്‍ലാന്‍ഡിലും ജപ്പാനിലും നടന്ന പഠനങ്ങളിലാണ് ഗ്രീന്‍ ടീയുടെ ഈ സവിശേഷതകള്‍ തിരിച്ചറിഞ്ഞത്. കഫീന്‍ കൂടുതല്‍ അടങ്ങിയ ഗ്രീന്‍ ടീയാണ് കൂടുതല്‍ ഫലപ്രദം. കഫീന്‍ തീരെയില്ലാത്ത ഗ്രീന്‍ ടീയും ചെറിയ അളവില്‍ ഭാരം കുറയ്ക്കുന്നുണ്ട്. കഫീന്‍ കൊഴുപ്പ് നശിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. പല അളവില്‍ ഗ്രീന്‍ ടീ നല്കി നടത്തിയ പഠനത്തില്‍ കൂടുതല്‍ അളവില്‍ ഗ്രീന്‍ ടീ കുടിച്ചവരുടെ തടിയും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറഞ്ഞതായി കണ്ടെത്തി.

തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകളോ മറ്റോ കഴിക്കുന്നത് കുഴപ്പമില്ല. എന്നാല്‍ കരള്‍ സംബന്ധമായ രോഗമുള്ളവര്‍ ഇത്തരം ആഹാരങ്ങള്‍ ഒഴിവാക്കണം. പകരം ഗ്രീന്‍ ടീ കുടിക്കുന്നതില്‍ കുഴപ്പമില്ല.

എല്ലാം കൂടി നോക്കുമ്പോള്‍ ദിവസവും രണ്ടോ മൂന്നോ കപ്പ് ഗ്രീന്‍ ടീ ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗ്രീന്‍ ടീ ഒരു രോഗനിവാരണിയോ, മരുന്നോ അല്ല. പക്ഷേ, മറ്റു ഭക്ഷണങ്ങളുടെ പൂരകങ്ങളായി ഗ്രീന്‍ ടീ പ്രവര്‍ത്തിക്കും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ശീലമാക്കുന്നതിനൊപ്പം ധാരാളം ഗ്രീന്‍ ടീയും ശീലമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.