ഇളനീര്‍ പാനീയംഇളനീര്‍: 1, ഏലക്കായ: 2, തേന്‍: മധുരം പാകത്തിന്
ഇളനീര്‍ വെട്ടിയശേഷം കാമ്പും വെള്ളവും ചേര്‍ത്ത് മിക്‌സിയിലിട്ടടിച്ച് മധുരം പാകത്തിന് തേനും ചേര്‍ത്ത് ഏലക്കായയും പൊടിച്ചിട്ട് ഉപയോഗിക്കാം.


ചെറുനാരങ്ങ പാനീയം


മണ്‍കൂജയിലോ മണ്‍കലത്തിലോ വെച്ച് തണുപ്പിച്ച വെള്ളം ഒരു ഗ്ലാസ് എടുത്ത് ഒരു ചെറുനാരങ്ങയുടെ നീരും കാല്‍ ടീസ്പൂണ്‍ ഇഞ്ചിനീരും രണ്ട് ഏലക്കായയും പൊടിച്ചിട്ട് മധുരം പാകത്തിന് തേനും ചേര്‍ക്കാം.


വാഴപ്പിണ്ടി പാനീയം


വാഴപ്പിണ്ടി: 250 ഗ്രാം, മോര്: 1/2 ഗ്ലാസ്, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
വാഴപ്പിണ്ടി ചതച്ച് നീരെടുത്ത് അതിലേക്ക് ഇഞ്ചിയും കറിവേപ്പിലയും അരച്ചിട്ട് മോരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


കുമ്പളങ്ങ പാനീയം


കുമ്പളങ്ങ: 250 ഗ്രാം, തേങ്ങ: 1 മുറി, ജീരകം: 1 ടീസ്പൂണ്‍, ഏലക്കായ: 2, ഉപ്പ്: പാകത്തിന്
കുമ്പളങ്ങയും നാളികേരവും ചിരവി വെള്ളം ചേര്‍ത്തരച്ച് പിഴിഞ്ഞ് നീരെടുത്ത് ഏലക്കായയും ജീരകവും പൊടിച്ചിട്ട് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


തക്കാളി പാനീയം


പഴുത്ത തക്കാളി: 100 ഗ്രാം, വെള്ളം: 1 കപ്പ്, ഏലക്കായ: 4, ചെറുനാരങ്ങ നീര്: 2 ടീസ്പൂണ്‍, ശര്‍ക്കര: മധുരം പാകത്തിന്
തക്കാളി വെള്ളം ഒഴിച്ച് പിഴിഞ്ഞ് ചാറെടുത്ത് ചെറുനാരങ്ങനീരും ചേര്‍ത്തിളക്കി ഏലക്കായയും ശര്‍ക്കരയും പൊടിച്ചിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം.


നെല്ലിക്ക പാനീയം


ഉണക്ക നെല്ലിക്ക പത്ത് എണ്ണം കഴുകി തലേദിവസംതന്നെ വെള്ളത്തിലിട്ടുവെക്കണം. പിറ്റേന്ന് നെല്ലിക്ക പിഴിഞ്ഞ് ചണ്ടി ഒഴിവാക്കി നേര്‍ത്ത അരിപ്പയില്‍ അരിച്ചെടുത്ത് ചെറുനാരങ്ങനീരും മധുരം പാകത്തിന് തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാം.


നെല്ലിക്ക സംഭാരം


പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


മിക്‌സഡ് ഫ്രൂട്ട് ജ്യൂസ്


ഓറഞ്ച് നീര്: 1/2 കപ്പ്, കൈതച്ചക്കനീര്: 1/2 ക പ്പ്, മൂസമ്പിനീര്: 1/2 കപ്പ്, ചെറുനാരങ്ങനീര്: 10 ടീസ്പൂണ്‍, തേന്‍: 2 ഔണ്‍സ്, ആപ്പിള്‍: 100 ഗ്രാം
ആപ്പിള്‍ കഴുകി ചെറുതാക്കി അരിഞ്ഞുവയ്ക്കുക. മറ്റു പഴങ്ങളുടെ നീരില്‍ തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് യോജിപ്പിച്ച് ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അരിഞ്ഞുവച്ച ആപ്പിള്‍ സമനിരപ്പായി ഇട്ട് ഉപയോഗിക്കാം.


ഫ്രൂട്ട് ഷേക്ക്


പൈനാപ്പിള്‍ നുറുക്കിയത്: 2 കപ്പ്, വാഴപ്പഴം നുറുക്കിയത്: 2 കപ്പ്, മാമ്പഴം നുറുക്കിയത്: 2 കപ്പ്, സപ്പോട്ട നുറുക്കിയത്: 2 കപ്പ്, പൈനാപ്പിള്‍ വട്ടത്തില്‍ മുറിച്ചത്: 1 കപ്പ്, ചെറുനാരങ്ങനീര്: 2 ടീസ്പൂണ്‍, തേന്‍: 2 ഔണ്‍സ്
നുറുക്കിയ പഴക്കഷ്ണങ്ങളും തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇത് ഗ്ലാസില്‍ ഒഴിച്ച് പൈനാപ്പിള്‍ കഷ്ണം ഗ്ലാസിനു മീതെവെച്ച് കൊടുക്കാം.


മാങ്ങ സംഭാരം


പച്ചമാങ്ങ: 1, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, പച്ചമുളക്: 1, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. ഇഞ്ചി നന്നായി അരച്ച് ഉപ്പും ചതച്ചെടുത്ത മാങ്ങയും വെള്ളത്തില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


കാരറ്റ് പാനീയം


കാരറ്റ്: 2, തേങ്ങ: 1 മുറി, ഏലക്കായ: 2, ശര്‍ക്കര: മധുരം പാകത്തിന്
കേരറ്റും നാളികേരവും ചിരകി മിക്‌സിയില്‍ ഇട്ട് വെള്ളം ചേര്‍ത്തടിച്ച് അരിച്ചെടുത്ത് ശര്‍ക്കരയിട്ട് ചൂടാക്കുക. കുടിക്കാന്‍ പാകത്തിന് ചൂടാവുമ്പോള്‍ ഏലക്കായയും പൊടിച്ചുചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.


നാളികേര പാനീയം


തേങ്ങ: 1, ശര്‍ക്കര: 2 അച്ച്, ഏലക്കായ: 2 എണ്ണം
തേങ്ങ ചിരകി വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചോ അല്ലെങ്കില്‍ കൈകൊണ്ട് പിഴിഞ്ഞോ പാലെടുത്ത് അതില്‍ ശര്‍ക്കരയും ഏലക്കായയും ഇട്ട് ചൂടാക്കിയതിനുശേഷം ഉപയോഗിക്കാം. (കുറിപ്പ്: തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ പാടില്ല.


തുളസി പാനീയം


ആവശ്യത്തിന് വെള്ളത്തില്‍ മധുരം പാകത്തിന് ശര്‍ക്കരയിട്ട് തിളപ്പിക്കുക. തിളച്ചാല്‍ അല്‍പം തുളസിക്കതിര് (ഇലയും പൂവും) ഇട്ട് ഇറക്കിവച്ച് അരിച്ചെടുത്ത് തേങ്ങാപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം.