മാറിയ ജീവിതശൈലിയും മദ്യാസക്തിയും കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്്. കരളിനെ സംരക്ഷിക്കാന്‍ ഭക്ഷണശീലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണം...നാര് ധാരാളമടങ്ങിയ ഓട്‌സ്, മുത്താറി, ചോളം എന്നിവ കരളിന്റെ ആരോഗ്യത്തിനു നല്ലതാണ്. ചീര, പുതിനയില, ഉലുവച്ചീര, ബ്രൊക്കോളി, കോളിഫ്ലാവര്‍, കാബേജ് എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള ബീറ്റെയിന്‍ കരളിനുണ്ടാവുന്ന ചെറിയ മുറിവുകള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും ഫലപ്രദമായ പരിഹാരമാണ്. ഗ്രീന്‍ ടി ദിവസം രണ്ടു തവണയെങ്കിലും കുടിക്കുന്നതും കരളിന്റെ ആരോഗ്യം കാക്കും.

ഹൃദയം, തലച്ചോര്‍, കരള്‍ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മൂന്ന് വിഭവങ്ങള്‍.


ഗ്രീന്‍പീസ്‌ പുലാവ്

1. പച്ചരി (ബസ്മതി അരി) ഒരു കപ്പ്
2. സവാള (നീളത്തില്‍ അരിഞ്ഞത്) രണ്ടെണ്ണം വലുത്
3. ഗ്രീന്‍ പീസ് അര കപ്പ്
4. നാരങ്ങനീര്, ഒലിവെണ്ണ ഒരു ടേ. സ്പൂണ്‍ വീതം
5. കറുവപ്പട്ട, ഇഞ്ചി ഒരു കഷണം വീതം
6. ഗ്രാമ്പൂ, ഏലയ്ക്ക രണ്ടെണ്ണം വീതം
7. കശകശ കാല്‍ ടീസ്പൂണ്‍
8. പുതിനയില, പാലക് ചീര, മല്ലിയില കാല്‍ കപ്പ് വീതം
9. വെളുത്തുള്ളി മൂന്നെണ്ണം
10. തേങ്ങ ചിരവിയത് രണ്ട് ടേബിള്‍ സ്പൂണ്‍
11. പച്ചമുളക് നാലെണ്ണം
12. ഉപ്പ് പാകത്തിന്

ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് മൂപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ക്കുക. ഇതില്‍ പുതിനയില, മല്ലിയില ചേര്‍ത്ത് വാടുംവരെ ഇളക്കുക. ഇത് തരിയായി അരച്ചെടുക്കുക. കുറച്ച് എണ്ണയും ഉപ്പും ചേര്‍ത്ത് അരി പകുതി വേവിക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, ഏലയ്ക്ക ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. പീസും കശകശയും ചേര്‍ത്ത് കുറച്ച് നേരം അടച്ചുവെക്കുക. ഇതിലേക്ക് പുതിന മല്ലിയില അരപ്പ് ചേര്‍ത്ത് വഴറ്റുക. അരിഞ്ഞുവെച്ച പാലക് ചീര ചേര്‍ക്കുക. പാതി വേവിച്ച ചോറ് ചേര്‍ത്ത് പതിയെ ഇളക്കി നാരങ്ങനീരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ ചോറ് അടച്ചുവേവിക്കുക


െകാഴുവ അവിയല്‍


കൊഴുവ 250 ഗ്രാം
മുരിങ്ങയ്ക്ക ഒന്ന്
പുളിയുള്ള പച്ചമാങ്ങ പകുതി
തേങ്ങാ ചിരവിയത് കാല്‍കപ്പ്
മഞ്ഞള്‍പ്പൊടി കാല്‍ സ്പൂണ്‍
പച്ചമുളക് നാലെണ്ണം
ചുവന്നുള്ളി രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ രണ്ട് ചെറിയ സ്പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്) നാല് അല്ലി

തേങ്ങ ചിരവിയത്, പച്ചമാങ്ങ, പച്ചമുളക്, ചുവന്നുള്ളി തരിയായി അരച്ചെടുക്കുക. മുരിങ്ങയ്ക്കയും വെളുത്തുള്ളിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മണ്‍ചട്ടിയില്‍ പാതി വേവിക്കുക. അരപ്പ് ചേര്‍ത്ത്, മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. മീന്‍ ചേര്‍ത്ത് അടച്ച് വേവിക്കുക. വെള്ളം വറ്റിയാല്‍ അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.


ഫ്രൂട്ട് ആന്റ് വെജ് സലാഡ്‌


ആപ്പിള്‍, പൈനാപ്പിള്‍, കുക്കുമ്പര്‍,
കാരറ്റ് (അരിഞ്ഞത്) ഒരു കപ്പ് വീതം
കാപ്‌സിക്കം ഒന്ന്
മാതളനാരങ്ങ (അല്ലി മാത്രം) കാല്‍ കപ്പ്
ഉപ്പ് പാകത്തിന്
നാരങ്ങനീര് രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക് (ചതച്ചത്) അര ടീസ്പൂണ്‍
ഒലിവെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ലെറ്റിയൂസ് ഇല അലങ്കാരത്തിന്

ചേരുവകള്‍ യോജിപ്പിക്കുക. ലെറ്റിയൂസ് ഇലഅടര്‍ത്തി കുമ്പിള്‍ രൂപത്തിലാക്കി സാലഡ് നിറച്ച് വിളമ്പുക.


കടപ്പാട്: എസ്. സിന്ധു, ചീഫ് ഡയറ്റീഷ്യന്‍
ജുവിന്‍ ലയണല്‍, ഡയറ്റീഷ്യന്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി