ഇളനീര്‍ പാനീയം


ഇളനീര്‍: 1, ഏലക്കായ: 2, തേന്‍: മധുരം പാകത്തിന്
ഇളനീര്‍ വെട്ടിയശേഷം കാമ്പും വെള്ളവും ചേര്‍ത്ത് മിക്‌സിയിലിട്ടടിച്ച് മധുരം പാകത്തിന് തേനും ചേര്‍ത്ത് ഏലക്കായയും പൊടിച്ചിട്ട് ഉപയോഗിക്കാം.


ചെറുനാരങ്ങ പാനീയം


മണ്‍കൂജയിലോ മണ്‍കലത്തിലോ വെച്ച് തണുപ്പിച്ച വെള്ളം ഒരു ഗ്ലാസ് എടുത്ത് ഒരു ചെറുനാരങ്ങയുടെ നീരും കാല്‍ ടീസ്​പൂണ്‍ ഇഞ്ചിനീരും രണ്ട് ഏലക്കായയും പൊടിച്ചിട്ട് മധുരം പാകത്തിന് തേനും ചേര്‍ക്കാം.


വാഴപ്പിണ്ടി പാനീയം


വാഴപ്പിണ്ടി: 250 ഗ്രാം, മോര്: 1/2 ഗ്ലാസ്, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
വാഴപ്പിണ്ടി ചതച്ച് നീരെടുത്ത് അതിലേക്ക് ഇഞ്ചിയും കറിവേപ്പിലയും അരച്ചിട്ട് മോരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


കുമ്പളങ്ങ പാനീയം


കുമ്പളങ്ങ: 250 ഗ്രാം, തേങ്ങ: 1 മുറി, ജീരകം: 1 ടീസ്​പൂണ്‍, ഏലക്കായ: 2, ഉപ്പ്: പാകത്തിന്
കുമ്പളങ്ങയും നാളികേരവും ചിരവി വെള്ളം ചേര്‍ത്തരച്ച് പിഴിഞ്ഞ് നീരെടുത്ത് ഏലക്കായയും ജീരകവും പൊടിച്ചിട്ട് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


തക്കാളി പാനീയം


പഴുത്ത തക്കാളി: 100 ഗ്രാം, വെള്ളം: 1 കപ്പ്, ഏലക്കായ: 4, ചെറുനാരങ്ങ നീര്: 2 ടീസ്​പൂണ്‍, ശര്‍ക്കര: മധുരം പാകത്തിന്
തക്കാളി വെള്ളം ഒഴിച്ച് പിഴിഞ്ഞ് ചാറെടുത്ത് ചെറുനാരങ്ങനീരും ചേര്‍ത്തിളക്കി ഏലക്കായയും ശര്‍ക്കരയും പൊടിച്ചിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം.


നെല്ലിക്ക പാനീയം


ഉണക്ക നെല്ലിക്ക പത്ത് എണ്ണം കഴുകി തലേദിവസംതന്നെ വെള്ളത്തിലിട്ടുവെക്കണം. പിറ്റേന്ന് നെല്ലിക്ക പിഴിഞ്ഞ് ചണ്ടി ഒഴിവാക്കി നേര്‍ത്ത അരിപ്പയില്‍ അരിച്ചെടുത്ത് ചെറുനാരങ്ങനീരും മധുരം പാകത്തിന് തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാം.


നെല്ലിക്ക സംഭാരം


പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


മിക്‌സഡ് ഫ്രൂട്ട് ജ്യൂസ്


ഓറഞ്ച് നീര്: 1/2 കപ്പ്, കൈതച്ചക്കനീര്: 1/2 ക പ്പ്, മൂസമ്പിനീര്: 1/2 കപ്പ്, ചെറുനാരങ്ങനീര്: 10 ടീസ്​പൂണ്‍, തേന്‍: 2 ഔണ്‍സ്, ആപ്പിള്‍: 100 ഗ്രാം ആപ്പിള്‍ കഴുകി ചെറുതാക്കി അരിഞ്ഞുവയ്ക്കുക. മറ്റു പഴങ്ങളുടെ നീരില്‍ തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് യോജിപ്പിച്ച് ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അരിഞ്ഞുവച്ച ആപ്പിള്‍ സമനിരപ്പായി ഇട്ട് ഉപയോഗിക്കാം.


ഫ്രൂട്ട് ഷേക്ക്


പൈനാപ്പിള്‍ നുറുക്കിയത്: 2 കപ്പ്, വാഴപ്പഴം നുറുക്കിയത്: 2 കപ്പ്, മാമ്പഴം നുറുക്കിയത്: 2 കപ്പ്, സപ്പോട്ട നുറുക്കിയത്: 2 കപ്പ്, പൈനാപ്പിള്‍ വട്ടത്തില്‍ മുറിച്ചത്: 1 കപ്പ്, ചെറുനാരങ്ങനീര്: 2 ടീസ്​പൂണ്‍, തേന്‍: 2 ഔണ്‍സ് നുറുക്കിയ പഴക്കഷ്ണങ്ങളും തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇത് ഗ്ലാസില്‍ ഒഴിച്ച് പൈനാപ്പിള്‍ കഷ്ണം ഗ്ലാസിനു മീതെവെച്ച് കൊടുക്കാം.


മാങ്ങ സംഭാരം


പച്ചമാങ്ങ: 1, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, പച്ചമുളക്: 1, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. ഇഞ്ചി നന്നായി അരച്ച് ഉപ്പും ചതച്ചെടുത്ത മാങ്ങയും വെള്ളത്തില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


കാരറ്റ് പാനീയം


കാരറ്റ്: 2, തേങ്ങ: 1 മുറി, ഏലക്കായ: 2, ശര്‍ക്കര: മധുരം പാകത്തിന്
കേരറ്റും നാളികേരവും ചിരകി മിക്‌സിയില്‍ ഇട്ട് വെള്ളം ചേര്‍ത്തടിച്ച് അരിച്ചെടുത്ത് ശര്‍ക്കരയിട്ട് ചൂടാക്കുക. കുടിക്കാന്‍ പാകത്തിന് ചൂടാവുമ്പോള്‍ ഏലക്കായയും പൊടിച്ചുചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.


നാളികേര പാനീയം


തേങ്ങ: 1, ശര്‍ക്കര: 2 അച്ച്, ഏലക്കായ: 2 എണ്ണം
തേങ്ങ ചിരകി വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചോ അല്ലെങ്കില്‍ കൈകൊണ്ട് പിഴിഞ്ഞോ പാലെടുത്ത് അതില്‍ ശര്‍ക്കരയും ഏലക്കായയും ഇട്ട് ചൂടാക്കിയതിനുശേഷം ഉപയോഗിക്കാം. (കുറിപ്പ്: തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ പാടില്ല.)
തുളസി പാനീയം ആവശ്യത്തിന് വെള്ളത്തില്‍ മധുരം പാകത്തിന് ശര്‍ക്കരയിട്ട് തിളപ്പിക്കുക. തിളച്ചാല്‍ അല്‍പം തുളസിക്കതിര് (ഇലയും പൂവും) ഇട്ട് ഇറക്കിവച്ച് അരിച്ചെടുത്ത് തേങ്ങാപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം.


ജീരക കപ്പി


ആവശ്യത്തിന് വെള്ളത്തില്‍ ജീരകം പൊടിച്ചിട്ട് മധുരം പാകത്തിന് ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ച് അരിച്ചെടുത്താല്‍ ജീരക കാപ്പിയായി. (കുറിപ്പ്: തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ നല്ല രുചിയായി.)


മല്ലിക്കാപ്പി (ജാപ്പി)


മല്ലി: 100 ഗ്രാം, ജീരകം: 100 ഗ്രാം, ഉലുവ: 50 ഗ്രാം , ചുക്ക്: 1 കഷ്ണം, ഏലക്കായ: 5, ശര്‍ക്കര: മധുരം പാകത്തിന്
മല്ലി, ഉലുവ, ജീരകം, ഏലക്കായ, ചുക്ക് എന്നിവ ചട്ടിയില്‍ ഇട്ട് വേറെ വേറെ ചൂടാക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് അമ്മിയിലോ മിക്‌സിയിലോ ഇട്ട് പൊടിച്ച് കാറ്റ് കടക്കാതെ സൂക്ഷിക്കുക. മധുരം പാകത്തിന് ശര്‍ക്കരയിട്ട് വെള്ളം തിളപ്പിച്ച് പാകത്തിന് പൊടിയിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം. (കുറിപ്പ്: തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ നല്ല രുചിയായി.)


പച്ചക്കറി സൂപ്പ് -1


പച്ചക്കറികള്‍ തൊലി ചെത്തുന്നതിനുമുമ്പേ ഉരച്ച് കഴുകി വൃത്തിയാക്കണം. കുമ്പളങ്ങയുടെയും വെള്ളരിക്കയുടെയും മത്തങ്ങയുടെയും ചോറും തൊലിയും വെണ്ടക്ക, കാരറ്റ് ഇവയുടെ തുമ്പും കടയും മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില, തക്കാളി ഇവയെല്ലാം പാകത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. നന്നായി തിളച്ചശേഷം വെളുത്തുള്ളി, കുരുമുളക്, ജീരകം എന്നിവ ചതച്ചിട്ട് ഇറക്കിവെക്കാന്‍നേരം ഒരു തുണ്ട് ബീറ്റ്‌റൂട്ടും അരിഞ്ഞിട്ട് ഇറക്കി മൂടിവെക്കുക. അഞ്ച് മിനുട്ടിനുശേഷം അരിച്ചെടുത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.


പച്ചക്കറി സൂപ്പ് -2


വെണ്ടക്ക, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, കാബേജ്, ബീന്‍സ് എന്നീ പച്ചക്കറികളും മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില എന്നിവയും കഴുകി വൃത്തിയാക്കി മുറിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെന്താല്‍ പാകത്തിന് ഉപ്പ് ചേര്‍ത്തിറക്കി ചൂടാറിയാല്‍ നന്നായി തിരുമ്മി പിഴിഞ്ഞരിച്ച് നാളികേരപ്പാല്‍ ചേര്‍ത്ത് ചൂടാക്കി ഉപയോഗിക്കാം.


തക്കാളി സൂപ്പ്


തക്കാളി: 100 ഗ്രാം, ബീറ്റ്‌റൂട്ട്: 1, ജീരകം: 1 ടീസ്​പൂണ്‍, മല്ലിയില: അല്‍പം, പൊതീനയില: അല്‍പം, വെളുത്തുള്ളി: 3 അല്ലി, കുരുമുളക്: 1 ടീസ്​പൂണ്‍, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന് പാകത്തിന് വെള്ളത്തില്‍ തക്കാളിയും മല്ലിയിലയും പൊതീനയിലയും കറിവേപ്പിലയും ഇട്ട് തിളച്ചാല്‍ ജീരകവും കുരുമുളകും വെളുത്തുള്ളിയും ചതച്ചിട്ട് ഉപ്പുചേര്‍ത്ത് ഇറക്കാന്‍നേരം ബീറ്റ്‌റൂട്ട് ചെറുതായരിഞ്ഞിട്ട് അല്‍പസമയത്തിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.


വെണ്ടക്ക സൂപ്പ്


വെണ്ടക്ക: 100 ഗ്രാം, വെള്ളം: 6 ഗ്ലാസ്, തേങ്ങാപ്പാല്‍: ഒരൗണ്‍സ്, ഉപ്പ്: പാകത്തിന്
വെണ്ടക്ക ചെറുതാക്കി നുറുക്കി വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ ഉപ്പ് ചേര്‍ത്ത് ഇറക്കിവെച്ച് അരിച്ച് തേങ്ങാപ്പാലും ചേര്‍ത്ത് ചെറുചൂടോടെ കഴിക്കാം.


മുരിങ്ങാക്കായ സൂപ്പ്


മുരിങ്ങാക്കായ ചെറിയ കഷ്ണങ്ങളാക്കി നന്നായി വേവിച്ച് സത്ത് പിഴിഞ്ഞെടുക്കുക. മറ്റൊരു പാത്രത്തില്‍ മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില എന്നിവ അല്‍പാല്‍പം എടുത്ത് തക്കാളിയോടൊപ്പം വേവിക്കുക. വെന്താല്‍ അതിലേക്ക് കുറച്ച് ജീരകവും കുരുമുളകും പൊടിച്ചിടുക. ഒരല്ലി വെളുത്തുള്ളിയും ചതച്ചിടുക. അല്‍പം ഉപ്പും ഒരു ബീറ്റ്‌റൂട്ട് ചിരകിയതും മുരിങ്ങാക്കായ സത്തും അതിലേക്ക് ചേര്‍ത്ത് നന്നായിളക്കി 10 മിനിറ്റിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.


പച്ചടികള്‍നെല്ലിക്ക പച്ചടി


പച്ചനെല്ലിക്ക: 10, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, തൈര്: 1 കപ്പ്, തേങ്ങ: 1/2 മുറി, ഇഞ്ചി: 1 കഷ്ണം, കടുക്: 1/2 ടീസ്​പൂണ്‍, മല്ലിയില: അല്‍പം, ഉപ്പ്: പാകത്തിന് നെല്ലിക്ക കുരുകളഞ്ഞെടുത്ത് പച്ചമുളകും കറിവേപ്പിലയും നാളികേരവും മല്ലിയിലയും കടുകും ഇഞ്ചിയും ചേര്‍ത്ത് അമ്മിയില്‍ അരച്ചെടുക്കുക. ഉപ്പും തൈരും അതില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


വാഴപ്പിണ്ടി പച്ചടി


വാഴപ്പിണ്ടി: ഒരു കഷ്ണം, തേങ്ങ: 1 മുറി, പച്ചമാങ്ങ: 2, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, കടുക്: 1 ടീസ്​പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന് വാഴപ്പിണ്ടി വട്ടത്തില്‍ മുറിച്ച് നാരുകള്‍ ഒഴിവാക്കി അരിഞ്ഞുവെക്കുക. മാങ്ങ തൊലികളഞ്ഞ് ഉപ്പും നാളികേരവും പച്ചമുളകും ഇഞ്ചിയും കടുകും കറിവേപ്പിലയും അരച്ച് അരിഞ്ഞുവെച്ച വാഴപ്പിണ്ടിയില്‍ ചേര്‍ക്കുക.


കൈതച്ചക്ക പച്ചടി


നല്ലവണ്ണം പഴുക്കാത്ത കൈതച്ചക്ക: 1, പച്ചമുളക്: 2, തേങ്ങ: 1 മുറി, കടുക്: 1/2 ടീസ്​പൂണ്‍, തൈര്: 1/2 കപ്പ്, ഉപ്പ്: പാകത്തിന്
കൈതച്ചക്ക തൊലിചെത്തി ചെറുതാക്കി നുറുക്കി ഉപ്പും തൈരും ചേര്‍ത്തിളക്കി വെക്കുക. തേങ്ങ ചിരകി പച്ചമുളകും കടുകും ചേര്‍ത്തരച്ച് കൈതച്ചക്കയില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


മാങ്ങാ പച്ചടി


പച്ചമാങ്ങ: 1, പച്ചമുളക്: 2, തേങ്ങ: 1 മുറി, ഇഞ്ചി: 1 കഷ്ണം, കടുക്: 1/4 ടീസ്​പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി ഉപ്പ് ചേര്‍ത്തുവയ്ക്കുക. തേങ്ങ ചിരകി പച്ചമുളക്, കടുക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായരച്ച് മാങ്ങയോടൊപ്പം ചേര്‍ത്തിളക്കി ഉപയോഗിക്കാം.


ബീറ്റ്‌റൂട്ട് പച്ചടി


ബീറ്റ്‌റൂട്ട്: 1/4 കിലോ, സവാള: 1, തക്കാളി: 2, പച്ചമുളക്: 2, തേങ്ങ: 1 മുറി, തൈര്: 1/4 കപ്പ്, കറിവേപ്പില: 1 ഞെട്ട്, ഇഞ്ചി: 1 കഷ്ണം, കടുക്: 1 ടീസ്​പൂണ്‍, മല്ലിയില: അല്‍പം, ഉപ്പ്: പാകത്തിന് സവാളയും തക്കാളിയും നീളത്തില്‍ അരിയുക. ബീറ്റ്‌റൂട്ട് ചിപ്‌സറില്‍ ചിരവിയെടുക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കടുക്, തേങ്ങ എന്നിവയരച്ച് അതിലേക്ക് തൈരും മല്ലിയിലയും ഉപ്പും അരിഞ്ഞ കഷ്ണങ്ങളും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


വെള്ളരിക്ക പച്ചടി


വെള്ളരിക്ക: 1 കിലോ, പച്ചമുളക്: 2, തേങ്ങ: 1, ഇഞ്ചി: 1 കഷ്ണം, തൈര്: 1/2 കപ്പ്, കടുക്: 1/2 ടീസ്​പൂണ്‍, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന് വെള്ളരിക്ക ചെറുതാക്കി അരിഞ്ഞ് ഉപ്പ് ചേര്‍ത്തിളക്കി വയ്ക്കുക. തേങ്ങ ചിരകി കടുകും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്തരച്ച് അരിഞ്ഞുവെച്ച കഷ്ണങ്ങളിലിട്ട് തൈരും ചേര്‍ത്ത് നന്നായി ഇളക്കിയതിനുശേഷം ഉപയോഗിക്കാം.


തക്കാളി പച്ചടി


തക്കാളി: 250 ഗ്രാം, തേങ്ങ: 1 മുറി, ഇഞ്ചി: 1 കഷ്ണം, പച്ചമുളക്: 2, കടുക്: 1/2 ടീസ്​പൂണ്‍, തൈര്: 1/2 കപ്പ്, ഉപ്പ്: പാകത്തിന്
തക്കാളി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പ് ചേര്‍ത്തുവയ്ക്കുക. തേങ്ങ ചിരകി ഇഞ്ചി, പച്ചമുളക്, കടുക് ഇവയോടൊപ്പം അരച്ച് തൈരില്‍ കലര്‍ത്തി തക്കാളിയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


കൂട്ടുപച്ചടി


കാരറ്റ്: 50 ഗ്രാം, ബീറ്റ്‌റൂട്ട്: 50 ഗ്രാം, മത്തന്‍: 50 ഗ്രാം, വെള്ളരിക്ക: 100 ഗ്രാം, പച്ചമുളക്: 3, തേങ്ങ: 1, തൈര്: 1/2 കപ്പ്, കടുക്: 1/2 ടീസ്​പൂണ്‍, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന് കാരറ്റ്, ബീറ്റ്‌റൂട്ട്, മത്തന്‍, വെള്ളരിക്ക എന്നിവ ചെറിയ കഷ്ണങ്ങളാക്കി യരിഞ്ഞ് ഉപ്പ് ചേര്‍ത്തുവെക്കുക. തേങ്ങ ചിരകി പച്ചമുളക്, ഇഞ്ചി, കടുക്, കറിവേപ്പില എന്നിവ അരച്ച് തൈരില്‍ കലക്കി കഷ്ണങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കാം.


മാമ്പഴ പച്ചടി


മാമ്പഴം: 2, പച്ചമുളക്: 3, തേങ്ങ: 1 മുറി, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, കടുക്: 1/2 ടീസ്​പൂണ്‍, തൈര്: 1/2 കപ്പ്, ഉപ്പ്്: പാകത്തിന്
മാമ്പഴം തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി വെയ്ക്കുക. നാളികേരം ചിരവിയെടുത്ത് ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും കടുകും ചേര്‍ത്തരച്ച് മാങ്ങാകഷ്ണങ്ങളിലിട്ട് ഒപ്പം തന്നെ തൈരും അല്‍പം ഉപ്പും ചേര്‍ത്ത് മാമ്പഴം ഉടയാത്തവിധത്തില്‍ ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.


കിച്ചടികള്‍മത്തന്‍ കിച്ചടി


മത്തന്‍: 250 ഗ്രാം, തേങ്ങ: 1 മുറി, തൈ ഋ: 1 കപ്പ്, പച്ചമുളക്: 2, കടുക്: 1/2 ടീസ്​പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
തേങ്ങ ചിരകി പച്ചമുളകും കടുകും കറിവേപ്പിലയും ചേര്‍ത്ത് അരച്ചെടുക്കുക. മത്തന്‍ നന്നേ ചെറുതാക്കാതെ മുറിച്ച് ഉപ്പ് ചേര്‍ത്ത് അടുപ്പത്ത് വയ്ക്കുക. പകുതി വേവാവുമ്പോള്‍ ഇറക്കിവെച്ച് ചൂടാറിയാല്‍ അരപ്പും തൈരും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


കൂട്ടുകിച്ചടി


കാരറ്റ്: 50 ഗ്രാം, ബീറ്റ്‌റൂട്ട്: 50 ഗ്രാം, മത്തന്‍: 50 ഗ്രാം, വെള്ളരിക്ക: 100 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 3, തൈര്: 1/2 കപ്പ്, കടുക്: 1/2 ടീസ്​പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന് കാരറ്റ്, ബീറ്റ്‌റൂട്ട്, മത്തന്‍, വെള്ളരിക്ക എന്നിവ ചെറിയ കഷ്ണങ്ങളാക്കി യരിഞ്ഞ് ഉപ്പും ചേര്‍ത്ത് ഒന്നു ചൂടാക്കിയിറക്കി തണുക്കാന്‍ വയ്ക്കുക. നാളികേരം ചിരകി പച്ചമുളകും കടുകും ചേര്‍ത്തരച്ച് തൈരില്‍ കലക്കി ചൂടാക്കിവെച്ച കഷ്ണങ്ങളോടൊപ്പം ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായിളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.


വെണ്ടക്ക കിച്ചടി


വെണ്ടക്ക: 200 ഗ്രാം, തേങ്ങ: 1 മുറി, തൈര്: 1/2 കപ്പ്, പച്ചമുളക്: 2, കടുക്: 1/2 ടീസ്​പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
വെണ്ടക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പ് ചേര്‍ത്ത് ചീനച്ചട്ടിയില്‍ ഇട്ട് ഒന്നുചൂടാക്കുക. തേങ്ങ ചിരകി പച്ചമുളകും കടുകും കറിവേപ്പിലയും ചേര്‍ത്തരച്ച് തൈരില്‍ കലക്കി ചൂടാക്കിയ വെണ്ടക്കയില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


തക്കാളി കിച്ചടി


തക്കാളി: 250 ഗ്രാം, പച്ചമുളക്: 2, തേങ്ങ: 1 മുറി, കടുക്: 1/2 ടീസ്​പൂണ്‍, തൈര്: 1/2 കപ്പ്, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
തക്കാളി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ഉപ്പും ചേര്‍ത്ത് ഒന്നു ചൂടാക്കിയിറക്കിവെക്കണം. തേങ്ങ ചിരകി പച്ചമുളകും കറിവേപ്പിലയും കടുകും ചേര്‍ത്തരച്ച് തൈരില്‍ കലക്കി വെന്ത കഷ്ണങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കാം.


വെള്ളരിക്ക കിച്ചടി


വെള്ളരിക്ക: 100 ഗ്രാം, പച്ചമുളക്: 2, തേങ്ങ: 1 മുറി, തൈര്: 1 കപ്പ്, കടുക്: 1/2 ടീസ്​പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
വെള്ളരിക്ക തൊലി ചെത്തി കനം കുറച്ച് ചെറുതാക്കി അരിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ തേങ്ങയും പച്ചമുളകും നന്നായി അരച്ച് ഒപ്പം കടുകും ചതച്ച് തൈരില്‍ കലക്കി കറിയിലേക്കൊഴിക്കുക. നന്നായി ഇളക്കി കറിവേപ്പിലയും ഇട്ട് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.


മാങ്ങാ കിച്ചടി


മാങ്ങ: 3, പച്ചമുളക്: 2, തേങ്ങ: 1, കടുക്: 1/2 ടീസ്​പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മാങ്ങ കഴുകി തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേര്‍ത്ത് ഒന്നുചൂടാക്കണം. തേങ്ങ, പച്ചമുളക്, കടുക്, കറിവേപ്പില എന്നിവയരച്ച് ചൂടാക്കിയിറക്കിവെച്ച മാങ്ങയില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


കയ്പക്ക കിച്ചടി


കയ്പക്ക: 1/4 കിലോ, സവാള: 1, തക്കാളി: 2, പച്ചമുളക്: 2, തേങ്ങ: 1 മുറി, തൈര്: 1/2 കപ്പ്, മല്ലിയില: അല്‍പം, കറിവേപ്പില: 2 ഞെട്ട്, കടുക്: 1/2 ടീസ്​പൂണ്‍, ഉപ്പ്: പാകത്തിന് തേങ്ങ ചിരകി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് അരച്ചെടുക്കുക. കടുക് ചതച്ചാല്‍ മതി. കയ്പക്ക കനം കുറച്ച് നീളത്തില്‍ നുറുക്കി വേവിക്കുക. സവാളയും തക്കാളിയും കനം കുറച്ചരിഞ്ഞ് വേവിച്ച കയ്പക്കയുടെ കൂടെയിട്ട് തിളക്കുമ്പോള്‍ തേങ്ങ അരച്ചതും കടുക് ചതച്ചതും മല്ലിയിലയും തൈരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


മുരിങ്ങയില കിച്ചടി


മുരിങ്ങയില നുള്ളിയെടുത്തത്: 3 കപ്പ്, തേങ്ങ: 1 മുറി, തൈര്: 1/2 കപ്പ്, കടുക്: 1/2 ടീസ്​പൂണ്‍, പച്ചമുളക്: 2, ഉപ്പ്: പാകത്തിന്
മുരിങ്ങയില ഉപ്പിട്ട് വേവിക്കുക. നാളികേരം ചിരകി കടുകും പച്ചമുളകും ചേര്‍ത്തരച്ച് തൈരും വേവിച്ചുവെച്ച മുരിങ്ങയിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


ചീരയില കിച്ചടി


ചീരയില: 1 കപ്പ്, കാബേജിന്റെ ഉള്ളിലെ ഇല: 2, പച്ചമുളക്: 2, തക്കാളി: 4, മല്ലിയില: അല്‍പം, തേങ്ങ: 1 മുറി, തൈര്: 1 കപ്പ്, ഉപ്പ്: പാകത്തിന്
തേങ്ങ ചിരകി അരച്ചു വയ്ക്കുക. ഇലകളും പച്ചമുളകും ചെറുതാക്കിയരിയുക. തക്കാളി ഓരോന്നും നാലാക്കിയാണ് മുറിക്കേണ്ടത്. അരിഞ്ഞുവെച്ച ചേരുവകളില്‍ മല്ലിയില ഒഴികെ ബാക്കിയുള്ളവയും തക്കാളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വേവുമ്പോള്‍ അരച്ച് വെച്ച തേങ്ങ തൈരില്‍ കലക്കി ഇതിലേക്ക് ചേര്‍ക്കാം. തിളക്കുന്നതിനു മുമ്പ് അടുപ്പില്‍നിന്ന് ഇറക്കിവെച്ച് മല്ലിയിലയരിഞ്ഞത് മേലെ വിതറിയശേഷം ഉപയോഗിക്കാവുന്നതാണ്.


സാലഡുകള്‍ഗ്രീന്‍ സാലഡ്


കക്കിരി: 1 കിലോ, തക്കാളി: 1/2 കിലോ, മല്ലിയില: 25 ഗ്രാം, പൊതീനയില: 25 ഗ്രാം
കക്കിരി തൊലിചെത്തി വട്ടത്തില്‍ കനം കുറച്ച് മുറിക്കുക. (ബനാന ചിപ്‌സറില്‍ വട്ടത്തില്‍ ചീവിയെടുക്കുക.) തക്കാളി വട്ടത്തില്‍ മുറിക്കുക. മല്ലിയിലയും പൊതീനയിലയും നുള്ളിയെടുക്കുക. കാരറ്റും തക്കാളിയും പ്ലേറ്റില്‍ നിരത്തിവെച്ച് മീതെയായി അരിഞ്ഞ ഇലകളുമിട്ടാല്‍ സാലഡ് തയ്യാറായി.


ബീറ്റ്‌റൂട്ട് സഡ്


ബീറ്റ്‌റൂട്ട്: 1/4 കിലോ, സവാള: 1, പച്ചമുളക്: 2, തേങ്ങ: 1 മുറി, മല്ലിയില: 2 ടീസ്​പൂണ്‍, ഇഞ്ചി: 1 കഷ്ണം, തൈര്: 1/2 കപ്പ്, ഉപ്പ്: പാകത്തിന്
ബീറ്റ്‌റൂട്ട്, ചിപ്‌സറില്‍ ചിരകിയെടുക്കുക. തേങ്ങ ചിരകി പച്ചമുളകും ചേര്‍ത്ത് അരച്ചുവയ്ക്കണം. സവാള, ഇഞ്ചി, മല്ലിയില എന്നിവ ചെറുതാക്കി അരിഞ്ഞ് തൈരും പാകത്തിന് ഉപ്പും ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഉപയോഗിക്കാം.


വെജിറ്റബിള്‍ സാലഡ്


തക്കാളി: 100 ഗ്രാം, കാരറ്റ്: 100 ഗ്രാം, കാബേജ്: 100 ഗ്രാം, ബീറ്റ്‌റൂട്ട്: 100 ഗ്രാം, വെള്ളരിക്ക: 100 ഗ്രാം, തേങ്ങ: 1, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന് കാരറ്റ്, കാബേജ്, ബീറ്റ്‌റൂട്ട്, വെള്ളരിക്ക എന്നിവ ചിപ്‌സറില്‍ ചിരകുക. തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിയുക. കറിവേപ്പിലയും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞ് ഉപ്പും ഇട്ട് നാളികേരവും ചിരകിയിട്ട് എല്ലാ ചേരുവകളും ചേര്‍ത്തിളക്കി ഉപയോഗിക്കാം. പുളിക്ക് തൈര്/ചെറുനാരങ്ങനീര് ചേര്‍ക്കാം.


കാരറ്റ് സാലഡ്


കാരറ്റ്: 250 ഗ്രാം, തേങ്ങ: 1 മുറി, ചുവന്നുള്ളി: 5, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, മല്ലിയില: അല്‍പം, നിലക്കടല: 1/2 കപ്പ്, ഉപ്പ്: പാകത്തിന്
നിലക്കടല മുളപ്പിച്ച് വയ്ക്കണം. കാരറ്റ് ചീവിയെടുക്കുക. തേങ്ങ ചിരകിയെടുക്കുക. ഉള്ളിയും മല്ലിയിലയും പച്ചമുളകും അരിഞ്ഞുവയ്ക്കുക. ഇഞ്ചി നന്നേ പൊടിയാക്കി അരിഞ്ഞ് എല്ലാ ചേരുവകളും ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.


പപ്പായ സാലഡ്


പച്ചപപ്പായ: 1, സവാള: 1, പച്ചമുളക്: 2, ചെറുനാരങ്ങ: 1, മല്ലിയില: അല്‍പം, നിലക്കടല മുളപ്പിച്ചത്: 1/4 കപ്പ്, ഉപ്പ്: പാകത്തിന്
പപ്പായ ചിരകിയെടുക്കുക. സവാള, പച്ചമുളക് എന്നിവ കഴിയുന്നത്ര കനം കുറച്ചരിയുക. മല്ലിയിലയരിഞ്ഞെടുത്ത് ചേരുവകളെല്ലാം ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് നീരൊഴിച്ച് ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.


ആപ്പിള്‍ സാലഡ്


ആപ്പിള്‍: 1/4 കിലോ, തേങ്ങ: 1/2 മുറി, തേന്‍: 1 ഔണ്‍സ്, നിലക്കടല/അണ്ടിപ്പരിപ്പ്: 50 ഗ്രാം, ഏലക്കായ: 5 എണ്ണം
ആപ്പിള്‍ തൊലി കളഞ്ഞ് ചെറുതാക്കി മുറിക്കുക. ഏലക്കായ പൊടിക്കുക. തേങ്ങ ചിരകി എല്ലാ ചേരുവകളും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


പേരക്ക സാലഡ്


പേരക്ക: 5, ഏലക്കായ: 5, തേങ്ങ: 1 മുറി, ശര്‍ക്കര: 5 അച്ച് , നിലക്കടല: 1/2 കപ്പ്.
പേരക്ക നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഏലക്കായയും ശര്‍ക്കരയും പൊടിച്ച് ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഉപയോഗിക്കാം.


മാമ്പഴ സാലഡ്


മാമ്പഴം: 2, ബദാം പരിപ്പ്: 10, ഏലക്കായ: 5, തേങ്ങ: 1/2 മുറി, തേന്‍: 1 ഔണ്‍സ്
മാമ്പഴത്തിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. തേങ്ങ പിഴിഞ്ഞ് പാലെടുക്കുക. ഏലക്കായ പൊടിച്ച് തേന്‍ ഒഴികെയുളള ചേരുവകളെല്ലാം ചേര്‍ത്തിളക്കി മുകളിലായി തേനൊഴിച്ച് ഉപയോഗിക്കാം.


മിക്‌സഡ് ഫ്രൂട്ട് സാലഡ്


ആപ്പിള്‍: 1, റോബസ്റ്റ്/പൂവന്‍പഴം: 2, ഏത്തപ്പഴം: 1, ഓറഞ്ച്/മൂസമ്പി: 1, പൈനാപ്പിള്‍: 1 കഷ്ണം, ഈത്തപ്പഴം: 50 ഗ്രാം, തേങ്ങ: 1 മുറി, തേന്‍: 2 ഔണ്‍സ് ഏത്തപ്പഴവും പൈനാപ്പിളും ആപ്പിളും തൊലിയും കുരുവും കളഞ്ഞ് ചെറുതാക്കി മുറിച്ചെടുക്കുക. ഓറഞ്ച് അല്ലിയടര്‍ത്തി കുരുകളഞ്ഞ് മുറിക്കുക. ഈത്തപ്പഴം കുരുകളഞ്ഞ് നീളത്തില്‍ മുറിക്കണം. തേങ്ങ വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞരിച്ച് പാലെടുത്ത് പഴവും കൂടി മിക്‌സിയില്‍ അടിച്ച് മുറിച്ചുവെച്ച കഷ്ണങ്ങളും ചേര്‍ത്തിളക്കി വിളമ്പിയതിനു മുകളിലായി തേനും ഒഴിക്കുക.


നേന്ത്രപ്പഴം സാലഡ്


നേന്ത്രപ്പഴം: 5, ഏലക്കായ: 5, തേങ്ങ: 1 മുറി, തേന്‍: 2 ഔണ്‍സ് പഴം വട്ടത്തില്‍ നുറുക്കുക. ഏലക്കായ പൊടിക്കുക. തേങ്ങ ചിരകിയെടുത്ത് ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഉപയോഗിക്കാം.


തോരനുകള്‍മുതിര തോരന്‍


മുതിര: 100 ഗ്രാം, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മുതിര നനച്ച് തുണിയില്‍ കെട്ടി മുളപ്പിച്ചുവെയ്ക്കുക. ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞ് മുതിരയില്‍ ഇട്ട് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ചേര്‍ത്ത് ഉപ്പും ഇട്ട് നന്നായി ചേര്‍ത്തിളക്കി ഇറക്കി മൂടിവെയ്ക്കുക.


വന്‍പയര്‍ തോരന്‍


വന്‍പയര്‍: 250 ഗ്രാം, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
പയര്‍ മുളപ്പിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. വേവുമ്പോള്‍ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിട്ട് നന്നായി വെന്താല്‍ നാളികേരവും ചിരകിയിട്ട് ഒടുവില്‍ ഉപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.


പട്ടാണിക്കടല തോരന്‍


പട്ടാണിക്കടല: 250 ഗ്രാം, സവാള: 1, പച്ചമുളക്: 2, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
പട്ടാണിക്കടല ഒരു ദിവസം മുഴുവന്‍ കുതിര്‍ത്തണം. സവാള, കറിവേപ്പില, പച്ചമുളക് ഇവയെല്ലാം ചെറുതാക്കി അരിഞ്ഞ് കുതിര്‍ത്ത കടലയില്‍ ഇട്ട് വേവാന്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തതിനുശേഷം തേങ്ങ ചിരകിയിട്ട് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


മണിക്കടല തോരന്‍


മണിക്കടല: 250 ഗ്രാം, ചുവന്നുള്ളി: 10, പച്ചമുളക്: 2, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മണിക്കടല മുളപ്പിച്ചുവെക്കുക. ചുവന്നുള്ളിയും പച്ചമുളകും ചെറുതാക്കി അരിഞ്ഞുവെക്കുക. കടല പാകത്തിന് വെള്ളംവെച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക. നല്ലവണ്ണം വെന്താല്‍ തേങ്ങ ചിരകി ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി ഇറക്കി മൂടിവെയ്ക്കുക.


ചെറുപയര്‍ തോരന്‍


ചെറുപയര്‍: 250 ഗ്രാം, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ചെറുപയര്‍ മുളപ്പിച്ച് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിടുക. ഇറക്കാന്‍ നേരം നാളികേരം ചിരകി ഉപ്പും ചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.


വാഴക്ക തോരന്‍


വാഴക്ക: 1/2 കിലോ, തേങ്ങ: 1 മുറി, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
വാഴക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ പച്ചമുളക് അരിഞ്ഞിട്ട് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഇറക്കാന്‍നേരം തേങ്ങ ചിരകി ഉപയോഗിക്കാം.


പാവക്ക തോരന്‍


പാവക്ക: 3, ചുവന്നുള്ളി: 5, പച്ചമുളക്: 3, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
പാവക്ക വട്ടത്തില്‍ മുറിച്ചെടുത്ത് കുരു കളയുക. ചുവന്നുള്ളിയും പച്ചമുളകും അരച്ച് പാവക്കയില്‍ ഇട്ട് ഉപ്പും ചേര്‍ത്ത് തിരുമ്മി പാകത്തിന് വെള്ളം തളിച്ച് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകിയിട്ട് കറിവേപ്പിലയുമിട്ട് അടച്ചുവെയ്ക്കുക. അല്‍പം കഴിഞ്ഞ് ഇറക്കിവെച്ച് ഉപയോഗിക്കാം.


മുരിങ്ങാക്കായ തോരന്‍


മുരിങ്ങാക്കായ: 10, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മുരിങ്ങാക്കായ നെടുകെ പൊളിച്ച് ഉള്ളിലെ കഴമ്പ് അടര്‍ത്തിയെടുക്കുക. തേങ്ങ ചിരകി പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില, ഉപ്പ് എന്നിവയോടൊപ്പം ചതച്ച് മുരിങ്ങാക്കായയില്‍ ചേര്‍ത്ത് അടുപ്പത്തുവെച്ച് വേവിച്ച് ഉപയോഗിക്കാം.


ഇടിച്ചക്ക തോരന്‍


ഇളയ ചക്ക: 1, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ചക്ക തൊലിചെത്തി കഷ്ണങ്ങളാക്കി പാകത്തിന് വെള്ളത്തില്‍ പുഴുങ്ങി ഉരലിലോ അമ്മിയിലോ വെച്ച് ചതക്കുക. തേങ്ങ ചിരകി പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും കൂട്ടി ചതച്ചൊതുക്കി ചക്കയിലിട്ട് ഒന്നുകൂടി ചൂടാക്കി ഉപയോഗിക്കാം.


കടച്ചക്ക തോരന്‍


കടച്ചക്ക: 1, പച്ചമുളക്: 2, തേങ്ങ: 1, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
കടച്ചക്ക തൊലികളഞ്ഞ് കൊത്തിയരിഞ്ഞ് പാകത്തിന് വെള്ളത്തില്‍ ഉപ്പിട്ട് വേവിക്കുക. വെന്താല്‍ അതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചിട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


മുളപ്പിച്ച നിലക്കടല തോരന്‍


നിലക്കടല: 1 കപ്പ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 1/4 കപ്പ്, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
നിലക്കടല വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് മുളപ്പിക്കുക. ഉള്ളി നീളത്തിലും പച്ചമുളക് വട്ടത്തിലും അരിയുക. ഉള്ളിയും കടലയും പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്തുവരുമ്പോള്‍ തേങ്ങ ചിരകിയെടുത്ത് ബാക്കി ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഉപയോഗിക്കാം.


ഉള്ളിത്തോരന്‍


സവാള: 4, തേങ്ങ: 1, പച്ചത്തക്കാളി: 2, ചെനച്ച മാങ്ങ: 1, പച്ചമുളക്: 3, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
സവാളയും തക്കാളിയും മാങ്ങയും നീളത്തില്‍ കനംകുറച്ചരിഞ്ഞ് ഉപ്പുചേര്‍ത്ത് വേവിക്കുക. തേങ്ങ ചിരകി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചതച്ച് ചേര്‍ത്ത് ചെറുതീയില്‍ കുഴഞ്ഞുപോവാതെ വെള്ളം വറ്റിച്ചെടുത്ത് ഉപയോഗിക്കാം.


പപ്പായ പയര്‍ തോരന്‍


പപ്പായ: 1, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 5, വന്‍പയര്‍: 1 കപ്പ്, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
പയര്‍ മുളപ്പിച്ചു വയ്ക്കണം. പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പയറില്‍ പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ നുറുക്കിവെച്ച പപ്പായ കഷ്ണങ്ങളും ഉപ്പും ഇടണം. വെന്താല്‍ തേങ്ങ ചിരകി പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ചതച്ചിട്ട് ഇളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.


വെണ്ടക്ക തോരന്‍


വെണ്ടക്ക: 1/2 കിലോ, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 4, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
തേങ്ങ ചിരകിയെടുത്ത് ഉള്ളിയും കറിവേപ്പിലയും പച്ചമുളകും കൂട്ടി ഒന്നിച്ച് ചതച്ചെടുക്കുക. വെണ്ടക്ക വട്ടത്തില്‍ അരിഞ്ഞ് പാകത്തിന് ഉപ്പ് തിരുമ്മി ചേരുവകളെല്ലാം ചേര്‍ത്ത് അല്‍പം വെള്ളം കുടഞ്ഞ് അടുപ്പത്ത് വച്ച് വേവിച്ച് ഉപയോഗിക്കാം.


വാഴപ്പിണ്ടി തോരന്‍


വാഴപ്പിണ്ടി: 1 കഷ്ണം, തേങ്ങ: 1 മുറി, ചുവന്നുള്ളി: 5, പച്ചമുളക്: 3, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
വാഴപ്പിണ്ടി കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് നാരുകളഞ്ഞ് ചെറുതാക്കിയരിഞ്ഞ് ഉപ്പുചേര്‍ത്ത് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റിവരുമ്പോള്‍ നാളികേരം ചിരകിയെടുത്ത് ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും കൂടി ചതച്ചുചേര്‍ത്തിളക്കി ഉപയോഗിക്കാം.


ചേനത്തോരന്‍


ചേന: 1/2 കിലോ, തേങ്ങ: 1 മുറി, മഞ്ഞള്‍പ്പൊടി: 1 ടീസ്​പൂണ്‍, ചുവന്നുള്ളി: 5, പച്ചമുളക്: 2, ഉപ്പ്: പാകത്തിന്
ചേന തൊലിചെത്തി കഴുകി ചെറിയ കഷ്ണങ്ങളാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് മഞ്ഞള്‍പ്പൊടിയിട്ട് വേവിക്കുക. വെന്തുവരുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം വറ്റിയാല്‍ നാളികേരവും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ചേര്‍ത്തിളക്കി ഉപയോഗിക്കാം.


വാഴക്കൂമ്പ് തോരന്‍


വാഴക്കൂമ്പ്: 2, തേങ്ങ: 1, പച്ചമുളക്: 3, ചുവന്നുള്ളി: 8, കറിവേപ്പില: 2 ഞെട്ട്, മമ്പയര്‍: 50 ഗ്രാം, ഉപ്പ്: പാകത്തിന്
വാഴക്കൂമ്പിന്റെ (കൊടപ്പന്‍) ഏറ്റവും പുറമെയുള്ള മൂന്നു നാലു പോളകള്‍ ഒഴിവാക്കി വളരെ ചെറുതാക്കി കൊത്തിയരിഞ്ഞെടുക്കണം. മമ്പയര്‍ പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ അതിലേക്ക് വാഴത്തട്ടയും ഉപ്പും ചേര്‍ത്തുവേവിച്ച് ഒടുവില്‍ തേങ്ങ, ഉള്ളി, പച്ചമുളക് എന്നിവ ചതച്ചിട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.


ചീരയില തോരന്‍


ചീരയില: 1 കിലോ, ചുവന്നുള്ളി: 10, പച്ചമുളക്: 2, തേങ്ങ: 1, ഉപ്പ്: പാകത്തിന്
ചീര കഴുകി �