നൂറ്റാണ്ടുകളായി മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട പാനീയമായി പ്രചാരത്തിലുള്ളത് ചായ തന്നെ. ഇതിന്റെ ആരോഗ്യമൂല്യങ്ങള്‍ ശാസ്ത്രീയ പഠനങ്ങളിലൂടെ വെളിവായിക്കൊണ്ടിരിക്കുന്നു. ആധുനികലോകജനതയെ ഏറ്റവുമധികം അലട്ടുന്ന ഹൃദ്രോഗം, കാന്‍സര്‍ എന്നിവ പോലുള്ള രോഗങ്ങള്‍ തടയാന്‍ നമ്മുടെ ചായയ്ക്ക് കഴിവുണ്ടത്രേ.

കഴിക്കുന്ന ആഹാരത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും ശരീരത്തില്‍ നടക്കുന്ന സങ്കീര്‍ണ രാസപ്രക്രിയകളിലൂടെയും നിരവധി അപകടകാരികളായ രാസഘടകങ്ങള്‍ ശരീരത്തില്‍ കുമിഞ്ഞുകൂടുന്നുണ്ട്. ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന ഇവ കോശങ്ങള്‍ക്ക് നാശമുണ്ടാക്കും. ഹൃദ്രോഗം, കാന്‍സര്‍, അമിതരക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കൊക്കെ കാരണമായി ആധുനിക വൈദ്യശാസ്ത്രം ഫ്രീ റാഡിക്കലുകളെ കാണുന്നുണ്ട്.

വാര്‍ധക്യത്തിനും വാര്‍ധക്യത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെ ഫ്രീ റാഡിക്കലുകള്‍ കാരണമാകുന്നു.
ഇവയെ നിര്‍വീര്യമാക്കുന്ന നിരോക്‌സീകരണ ഘടകങ്ങള്‍ ഒരളവുവരെ ശരീരംതന്നെ ഉല്‍പാദിപ്പിക്കും. നിരോക്‌സീകാരികളടങ്ങിയ മരുന്നുകളും ഇന്ന് പ്രചാരത്തിലുണ്ട്. രോഗപ്രതിരോധത്തിനും ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അനിവാര്യമായ നിരോക്‌സീകരണ ഘടകങ്ങള്‍ ചായയില്‍ പ്രകൃതി സുലഭമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചായയിലെ ഫേ്‌ളവനോയ്ഡുകളാണ് നിരോക്‌സീകാരികളായി പ്രവര്‍ത്തിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, സസ്യഎണ്ണ, ധാന്യങ്ങള്‍ എന്നിവയിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടീന്‍, ജീവകം സി, ജീവകം ഇ എന്നിവയാണ് പ്രകൃതി സുലഭമായി നല്‍കുന്ന മറ്റ് നിരോക്‌സീകാരികള്‍.

ചായ ശീലമായ ആളുകള്‍ക്ക് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങളുണ്ടാകാനുള്ള സാധ്യത ചായ കുടിക്കാത്തവരെ അപേക്ഷിച്ച് പകുതി മാത്രമാണെന്ന് 'ലാന്‍സെറ്റ്' മാഗസിനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നുണ്ട്. അധിക രക്തസമ്മര്‍ദ്ദം, രക്തത്തിലെ അമിതമായ കൊളസ്‌ട്രോള്‍ എന്നിവയും പതിവായി ചായ കുടിക്കുക വഴി കുറയുമത്രേ.


പല്ലിനും മോണയ്ക്കും ഗുണം


ചായയുടെ മറ്റൊരു അത്ഭുതഗുണം അത് പല്ലുകള്‍ക്കും മോണയ്ക്കും നല്‍കുന്ന സംരക്ഷണമാണ്. പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ദന്തക്ഷയം തടയുന്നതിനും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഫലപ്രദമായ പദാര്‍ഥമാണ് ഫ്‌ളൂറൈഡ്. തേയിലച്ചെടി മണ്ണില്‍നിന്നു ഫ്‌ളൂറൈഡ് വലിച്ചെടുത്ത് അവയുടെ ഇലകളില്‍ ശേഖരിക്കുന്നു. പല്ലുകളുടെയും മോണയുടെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ ഫ്‌ളൂറൈഡ് ശരീരത്തിനു ലഭ്യമാക്കാന്‍ ഏറ്റവും സ്വാഭാവിക മാര്‍ഗമാണ് പതിവായുള്ള ചായ.

നിരോക്‌സീകാരികളായ ഫേ്‌ളവനോയ്ഡുകളും ഫ്‌ളൂറൈഡിനോടൊപ്പം ദന്തസംരക്ഷണത്തിനു സഹായിക്കുന്നതായി കരുതപ്പെടുന്നു. ഇവ വഴി ദന്തക്ഷയം തടയാനാവുന്നതോടൊപ്പം സാധാരണയായി കാണപ്പെടുന്ന വായിലെ കാന്‍സറും ചായയുടെ പതിവായ ഉപയോഗം മൂലം കുറയുന്നതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അത്തിന്റെ അംശം കൂടുതലുള്ള കോള പോലുള്ള ശീതളപാനീയങ്ങള്‍ യഥാര്‍ഥത്തില്‍ മോണയുടെയും പല്ലുകളുടെയും രോഗങ്ങള്‍ക്കാണ് കാരണമാകുന്നത്.


ചായയിലുള്ള ടാനിന്‍ നേരിയ രീതിയില്‍ പല്ലുകള്‍ക്ക് നിറവ്യത്യാസമുണ്ടാക്കാമെങ്കിലും പതിവായി പല്ലുതേക്കുന്ന ശീലമുള്ളവര്‍ക്ക് അതിനു സാധ്യത കുറവാണ്. ആരോഗ്യമുള്ള ഒരാള്‍ക്ക് ദിവസം ഒന്നര ലിറ്ററോളം വെള്ളം വേണം. ശരീരത്തിനാവശ്യമില്ലാത്ത രാസവസ്തുക്കള്‍ പുറത്തുപോകാനാവശ്യമായ അളവില്‍ മൂത്രമുണ്ടാകുന്നതിനും ദഹനപ്രക്രിയയ്ക്കും ശരീരത്തിലെ മറ്റു രാസപ്രവര്‍ത്തനങ്ങള്‍ക്കും ഇത്രയും ജലാംശം ലഭിക്കേണ്ടതുണ്ട്. ഇത് നമുക്കറിയാവുന്ന കാര്യമാണെങ്കിലും തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തില്‍ അത്രയൊന്നും വെള്ളം കുടിക്കുവാന്‍ നാം ശ്രദ്ധിക്കാറില്ല.

നാം കഴിക്കുന്ന അന്നപാനീയങ്ങളിലൂടെ ഇത്രയും ജലാംശം ശരീരത്തിനു ലഭിക്കാതാകുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നു. മൂത്രസഞ്ചിയിലെ അണുബാധ, മലബന്ധം എന്നിവയൊക്കെ ഇതുമൂലമുണ്ടാകുന്നു. ശരീരത്തിലെ ജലാംശം കുറയുന്നത് ഉന്മേഷക്കുറവിനും ക്ഷീണത്തിനും കാരണമാകുന്നു. ദിവസവും നാലഞ്ച് കപ്പ് ചായ ശീലമായവര്‍ക്ക് ആവശ്യമായ ജലത്തിന്റെ സിംഹഭാഗവും ചായയിലൂടെ ലഭ്യമാകുന്നു.

വൃക്കരോഗം, ഹൃദയത്തിന്റെ തളര്‍ച്ച എന്നിവയുള്ളവര്‍ക്ക് കുടിക്കേണ്ട വെള്ളത്തിന്റെയും മറ്റു പാനീയങ്ങളുടെയും അളവില്‍ നിയന്ത്രണങ്ങള്‍ വേണ്ടതുണ്ട്. മദ്യം കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് മൂത്രത്തിന്റെ അളവ് ആവശ്യത്തിലധികമാകുകയും ശരീരത്തിന്റെ മൊത്തം ജലാംശം കുറയുകയും ചെയ്യുന്നു. കാപ്പിയിലെ പ്രധാന ഘടകമായ കഫീന്‍ ചെറിയ അളവില്‍ ചായയിലും അടങ്ങിയിരിക്കുന്നതിനാല്‍ കാപ്പിയുടെ പ്രത്യേകതകളൊക്കെ ഒരു പരിധിവരെ ചായയ്ക്കും അവകാശപ്പെടാവുന്നതാണ്.

ഒരു കപ്പ് കാപ്പിയിലുള്ളതിന്റെ പകുതിയോളം കഫീന്‍ ഒരു കപ്പ് ചായയില്‍ അടങ്ങിയിട്ടുണ്ട്.
കഫീന്‍ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ആമാശയത്തിലും കുടലിലും അള്‍സര്‍ ഉള്ള രോഗികള്‍ക്ക് അള്‍സര്‍ ഉണങ്ങുന്നതിന് തടസ്സമാകും.


മധുരം കൂടരുത്


ദിവസം അഞ്ചാറു കപ്പ് ചായ ശീലമായവര്‍ അതിലെ മധുരം കൂടാതെ നോക്കേണ്ടതുണ്ട്. സ്ഥിരമായി അമിതമധുരം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. അമിതവണ്ണം, പ്രമേഹം, പാരമ്പര്യമായി പ്രമേഹസാധ്യത തുടങ്ങിയ രോഗങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക.
ചില വികസിത രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ 30 ശതമാനത്തോളം ആളുകള്‍ മാത്രമേ ചായയില്‍ മധുരം ചേര്‍ക്കുന്നുള്ളൂ. എന്നാല്‍ 98 ശതമാനം പേരും ചായയില്‍ പാല്‍ ചേര്‍ക്കുന്നു.

പാലിന്റെ ഗുണങ്ങളും അതുമൂലം ചായയിലൂടെ ലഭ്യമാകുന്നു. മൊത്തം ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളില്‍ 40 ശതമാനം ചായയാണ്. 20 ശതമാനം കാപ്പിയും 20 ശതമാനം മറ്റു ശീതളപാനീയങ്ങളും 16 ശതമാനം മദ്യവുമാണ്. കുടിക്കപ്പെടുന്ന ചായയുടെ 85 ശതമാനവും വീട്ടില്‍ നിന്നാണ്, ബാക്കി പുറത്തുനിന്നും. ഫ്‌ളാവനോയ്ഡുകള്‍ക്ക് പുറമെ ജീവകം എ, സി എന്നീ നിരോക്‌സീകാരികളും ബി-1, ബി-2, ബി-6, ഫോളിക് ആസിഡ് എന്നീ ജീവകങ്ങളും ചെറിയ അളവില്‍ ചായയിലുണ്ട്. ചായയില്‍ സുലഭമായ രണ്ട് ധാതുക്കള്‍ മാംഗനീസ്, പൊട്ടാസ്യം എന്നിവയാണ്.

മാംഗനീസ് എല്ലുകളുടെയും ശരീരത്തിന്റെയും വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഹൃദയമിടിപ്പിന്റെ ക്രമംതെറ്റലിനും ക്ഷീണം, തളര്‍ച്ച എന്നിവയ്ക്കും കാരണമാകുന്നു. ദിവസവും പതിവായ 5-6 കപ്പ് ചായയിലൂടെ ശരീരത്തിനാവശ്യമായ പൊട്ടാസ്യത്തിന്റെ മുക്കാല്‍ഭാഗവും മാംഗനീസിന്റെ പകുതിയോളവും ലഭ്യമാകുന്നു.

പൊട്ടാസ്യത്തിന്റെ അളവ് ചായയില്‍ കൂടുതലായതിനാല്‍ വൃക്കരോഗമുള്ളവര്‍ക്ക് ചായ നന്നല്ല. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ മൂത്രത്തിലൂടെ പുറത്തുപോകുന്ന പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നു. ഇതുമൂലം ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കുന്നു. പ്രായം കൂടിയ പുരുഷന്മാരില്‍ സാധാരണയായുള്ള പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത ചായ ശീലമായവര്‍ക്ക്, ചായ കുടിക്കാത്തവരെക്കാള്‍ 30 ശതമാനം കുറവാണ്.

വന്‍കുടല്‍, പാന്‍ക്രിയാസ് എന്നിവയിലെ കാന്‍സറും ചായ കുടിക്കുന്നവര്‍ക്ക് കുറവാണ്. പതിവായ ചായ ശീലമുള്ളവരില്‍ മദ്യപാനം, പുകവലി, വെറ്റില മുറുക്കല്‍ എന്നീ ദുശ്ശീലങ്ങളും പൊതുവെ കുറവായാണ് കാണപ്പെടുന്നത്.

കാമല്ലിയ സൈനന്‍സിസ് എന്ന ശാസ്ത്രീയനാമമുള്ള തേയിലച്ചെടിയുടെ ഇലയില്‍ നിന്നാണ് തേയില ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇലകള്‍ 'ഫെര്‍മന്‍േറഷന്‍' ചെയ്യപ്പെടുന്നതിന്റെ തോതനുസരിച്ച് രുചിയില്‍ വ്യത്യസ്തതയുള്ള കറുത്ത തേയിലയും പച്ചത്തേയിലയുമുണ്ടാകുന്നു. ഈ രണ്ടുതരം തേയിലകള്‍ തമ്മില്‍ പോഷകഘടകങ്ങളില്‍ സാരമായ വ്യത്യാസമില്ല. ലോകത്ത് തേയില ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ പ്രമുഖസ്ഥാനം ഇന്ത്യക്കുണ്ട്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് പ്രധാനമായും കറുത്ത തേയിലയാണ്.

ശരിയായ ജീവിതശൈലിയും സമീകൃതമായ ആഹാരക്രമവുമാണ് രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനുമുള്ള പ്രധാന മാര്‍ഗങ്ങളെന്നത് പൊതുവെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. മനസ്സിനെ മയക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി കുളിര്‍മയുടെ ആവരണമണിഞ്ഞ വിലയേറിയ കൃത്രിമ പാനീയങ്ങള്‍ക്കു പിറകെ പോകുന്നതിനു പകരം പ്രകൃതിയുടെ തനതായ ഈ അമൂല്യപാനീയം പതിവാക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗംതന്നെ.


ഡോ. എ. സിയാദ്


കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍,
എ.കെ.ജി. റോഡ്, ഇടപ്പള്ളി, കൊച്ചി